Sunday, December 1, 2013

ചക്കിട്ടപാറ ഖനന വിവാദത്തിന് പിന്നിൽ മാർക്‌സിസ്റ്റ് വിരുദ്ധമുന്നണി

പി വി ജീജോ
കോഴിക്കോട്: ചക്കിട്ടപാറ ഇരുമ്പയിര് ഖനനം മറയാക്കി ക്രിമിനലുകളെ അണിനിരത്തിയുള്ള ആരോപണങ്ങൾക്കും നുണക്കഥകൾക്കും പിന്നിൽ മാർക്‌സിസ്റ്റ്‌വിരുദ്ധ- വലതുപക്ഷ സഖ്യം. മുൻമന്ത്രിയും സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റംഗവുമായ എളമരം കരീമിൽ തുടങ്ങി പാർടി നേതൃത്വത്തിലേക്കുവരെ ആരോപണം ഉയർത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ആർഎംപി എന്ന മാർക്‌സിസ്റ്റ് വിരുദ്ധസംഘവും കോൺഗ്രസിലെ ചില നേതാക്കളും ഒരുവിഭാഗം മാധ്യമങ്ങളുമാണ് കള്ളക്കഥകളുടെ ഉൽപാദകരും പ്രചാരകരും. പാർലമെന്റ് തെരഞ്ഞെടുപ്പ് ലാക്കാക്കിയാണ് ഖനന വിവാദത്തിന് മാധ്യമ- മാർക്‌സിസ്റ്റ് വിരുദ്ധമുന്നണി എണ്ണപകർന്നത്.
രാഷ്ട്രീയ എതിരാളികളുടെ ഉൾപ്പടെ മതിപ്പും ആദരവും ആർജിക്കുന്ന നയവും നിലപാടുകളുമായി കൂടുതൽ കരുത്തോടെ നീങ്ങാൻ പ്ലീനം സിപിഐ എമ്മിനെ സജ്ജമാക്കിയ ഘട്ടത്തിലാണ് വിരുദ്ധസംഘങ്ങളുടെ രംഗപ്രവേശം. പ്ലീനത്തിന്റെ ആദ്യദിവസമാണ് ഇരുമ്പയിര് ഖനനം സംബന്ധിച്ച വിവാദ വാർത്ത പുറത്തിറങ്ങിയത്. അഞ്ചുകോടി കോഴയെന്നായിരുന്നു ആരോപണം. വിശ്വാസ്യതയില്ലാത്ത ക്രിമിനൽ കേസ് പ്രതിയെ എഴുന്നള്ളിച്ചായിരുന്നു അപവാദങ്ങൾക്ക് അച്ചുനിരത്തിയത്. ഇടനിലക്കാരനെ നിയോഗിച്ച് അഴിമതി നടത്തിയെന്നായിരുന്നു ആരോപണത്തിന്റെ കുന്തമുന.
ഇടനിലക്കാരും തട്ടിപ്പുകാരും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസിൽ കയറിനിരങ്ങിയത് പരസ്യമായ സന്ദർഭത്തിലാണ് ഇടതുപക്ഷത്തെ കരിവാരിത്തേക്കാൻ കഥ ചമച്ചത്. ഉമ്മൻചാണ്ടിക്കെതിരെ നിരവധി അഴിമതിയും തട്ടിപ്പും പുറത്തുവന്നു. മന്ത്രിമാരുടെ പെൺവേട്ടയും ആഭാസത്തരങ്ങളും അറപ്പും വെറുപ്പുമുളവാക്കി. അതേസമയം ആക്ഷേപത്തിന്റെ മുനപോലും ഇല്ലാതെയായിരുന്നു എൽഡിഎഫ് അഞ്ചുവർഷം ഭരിച്ചത്. യുഡിഎഫ് സർക്കാർ ഭരണത്തിന്റെ എല്ലാ സന്നാഹങ്ങളുമുപയോഗിച്ച് അരിച്ചുപെറുക്കിയിട്ടും എൽഡിഎഫ് സർക്കാരിലെ ഒരു മന്ത്രിക്കെതിരെയും ഒന്നും കണ്ടെത്താനായില്ല. എന്നാൽ സോളാറും സരിതയും ശാലുവും ജോപ്പനുമെല്ലാമായി അഴിമതിയിൽ മുങ്ങി അന്ത്യത്തിലേക്ക് നീങ്ങുകയാണ് ഉമ്മൻചാണ്ടി ഭരണം. ഭരണത്തിൽ പിടിച്ചുനിൽക്കാനുള്ള കച്ചിത്തുരുമ്പിനായി ക്രിമിനലുകളെ വാടകക്കെടുത്ത് ആയുധമാക്കുകയാണ്. ഈ ഉപജാപത്തിന് മാർക്‌സിസ്റ്റ് വിരുദ്ധരുടെ ടിപ്പണിയുമുണ്ട്.
കരീമിനെതിരെ പൊലീസ് മുമ്പാകെ ഉന്നയിക്കാത്ത പരാതിയാണ് പൊക്കിക്കൊണ്ടുവന്നത്. മുക്കം, ബാലുശേരി സ്‌റ്റേഷനുകളിൽ നൽകിയ പരാതിയിൽ എളമരം കരീമിന്റെ പേരില്ല. അഞ്ചുമാസത്തിന് ശേഷം നൗഷാദിന്റെ ബന്ധുവെന്ന് പറഞ്ഞ് കഥ ചമയ്ക്കുകയാണ്. പൊലീസിൽ നൽകിയ പരാതിയിൽ മുഖ്യമന്ത്രി ഇടപെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാകുന്ന വേളയിലാണ് രാഷ്ട്രീയ തേജോവധമെന്നത് ശ്രദ്ധേയമാണ്. ലാവ്‌ലിൻ കേസിൽ സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനെതിരെ പൊലീസ്, വിജിലൻസ്, സിബിഐ തുടങ്ങി എല്ലാ ആയുധങ്ങളും ഉപയോഗിച്ചതാണ്. എന്നാൽ നീതിപീഠത്തിൽനിന്നുണ്ടായ വിധി ഉമ്മൻചാണ്ടിക്കും കൂട്ടർക്കും കനത്ത പ്രഹരമായി. ലാവ്‌ലിൻ എന്നുച്ചരിക്കാനാവാത്തവിധം യുഡിഎഫാകെ വിധികേട്ട് നിശ്ശബ്ദവുമായി. ഈ സാഹചര്യത്തിലാണ് പുതിയ അപവാദകഥകൾ മെനഞ്ഞത്.

0 comments :

Post a Comment