Sunday, December 1, 2013

സായുധകലാപത്തിന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് ലഘുലേഖ

കൽപ്പറ്റ: കേരളത്തിൽ സായുധ കലാപത്തിന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് ലഘുലേഖ. സർക്കാരിന്റെ അടിച്ചമർത്തൽ നീക്കം സായുധമായി നേരിടാനാണ് ജനകീയ വിമോചന ഗറില്ല സേന എന്ന് വിശേഷിപ്പിക്കുന്ന കബനീദളത്തിന്റെ വാർത്താബുള്ളറ്റിൻ 'കാട്ടുതീ' ആഹ്വാനം ചെയ്യുന്നത്. പൊലീസിനെയും വനപാലകരെയും അക്രമിക്കുകയാണ് ആദ്യ നീക്കം. ഒക്ടോബർ 27ന് തൊട്ടിൽപ്പാലത്തിനടുത്ത് ചൂർണിയിൽ ഗ്രാനൈറ്റ് ക്വാറിയിൽ സ്‌ഫോടനവും വ്യാഴാഴ്ച നിലമ്പൂർ പൂക്കോട്ട്പാടം കോളനിക്ക് സമീപം വനപാലകർക്ക് നേരെ വെടി ഉതിർത്തതും ഇതിന്റെ ഭാഗമാണെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നത്.
ജനകീയ വിമോചനത്തിനായി അണിനിരക്കാൻ ആഹ്വാനം ചെയ്യുന്ന ലഘുലേഖയിൽ ആദിവാസികൾ, സ്ത്രീകൾ, ദളിതുകൾ, കർഷകർ തുടങ്ങിവരുടെ നേതൃത്വത്തിൽ പ്രാദേശിക ജനകീയ കോടതികൾ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്നു.
കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ പീപ്പിൾസ് ലിബറേഷൻ ആർമി എന്ന ഗറില്ല ഗ്രൂപ്പുകളാണ് പ്രദേശത്ത് താവളമൊരുക്കിയിട്ടുള്ളത്. കേരളം,  തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ട്രൈജംഗ്ഷൻ പ്രോവിൻസ് രൂപീകരിച്ചാണ് ഗറില്ല യൂണിറ്റിന്റെ പ്രവർത്തനം.
ആദിവാസി കോളനികളിലും തോട്ടം മേഖലയിലും മാവോയിസ്റ്റുകൾ താവളമുറപ്പിക്കുന്നത് ചെറുക്കാൻ കേരളപൊലീസിനാവുന്നില്ല. കർണാടകയിൽ ആന്റി നക്‌സലൈറ്റ് ടീമും തമിഴ്‌നാട്ടിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമുണ്ട്.

0 comments :

Post a Comment