Thursday, December 12, 2013

തിരുവഞ്ചൂരിനെ നീക്കാൻ ഐ ഗ്രൂപ്പ്

0 comments
ആർ എസ് ബാബു
തിരു: തിരുവഞ്ചൂർ രാധാകൃഷ്ണനെ നീക്കി രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കാൻ ഐ ഗ്രൂപ്പ് വീണ്ടും രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പായി ചെന്നിത്തലയെ മന്ത്രിയാക്കാനുള്ള സമ്മർദത്തിന്റെ ഭാഗമായി കെ സുധാകരന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് തിരുവഞ്ചൂരിനെതിരെ പരസ്യമായ പടനീക്കം തുടങ്ങി.
ചെന്നിത്തല മന്ത്രിയായാൽ ഐ ഗ്രൂപ്പിന് അവകാശപ്പെട്ട കെപിസിസി പ്രസിഡന്റുസ്ഥാനം തനിക്ക് ലഭിക്കുമെന്നാണ് സുധാകരന്റെ പ്രതീക്ഷ. കോഴിക്കോട് ജയിലിലെ ഫേസ്ബുക്ക് വിവാദം മറയാക്കിയാണ് തിരുവഞ്ചൂരിനെ നീക്കാൻ ഐ ഗ്രൂപ്പ് കലാപം അഴിച്ചുവിട്ടത്. ആഭ്യന്തരമന്ത്രിയുടെ കോഴിക്കോട് ജയിൽ സന്ദർശനത്തിനുപിന്നാലെ കണ്ണൂരിൽ യൂത്ത്‌കോൺഗ്രസുകാരും തൃശൂരിൽ കെഎസ്‌യുക്കാരും തിരുവഞ്ചൂരിന്റെ കോലം കത്തിച്ചു. മന്ത്രിയെ ഊളമ്പാറയിൽ ചികിത്സിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും ആവശ്യപ്പെട്ടു. 
എന്നാൽ, ഐ ഗ്രൂപ്പിന്റെ ആക്ഷേപങ്ങൾക്ക് ശക്തമായി തിരുവഞ്ചൂരും തിരിച്ചടിച്ചു. തിരുവഞ്ചൂരിനെ അൽപ്പനെന്ന് കെ സുധാകരൻ പഴിച്ചപ്പോൾ, ആ വിളി സുധാകരനാണ് യോജിക്കുന്നതെന്ന് ഭംഗ്യന്തരേണ തിരുവഞ്ചൂർ പ്രതികരിച്ചു. തിരുവഞ്ചൂരിനെ മാറ്റണമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടതിനുപിന്നാലെ എഐസിസിക്ക് ഫാക്‌സും അയച്ചു. ഇതേകാര്യത്തിനായി കെ സുധാകരനും വാർത്താസമ്മേളനം നടത്തി. കെപിസിസി പുനഃസംഘടനാവിഷയത്തിൽ ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഡൽഹിയിലുള്ള വേളയിൽതന്നെ ആഭ്യന്തരമന്ത്രിയെ നീക്കാനുള്ള കലഹം കെട്ടഴിച്ചുവിട്ടത് ഐ ഗ്രൂപ്പിന്റെ സംഘടിതനീക്കമാണ്. തിരുവഞ്ചൂരിനെതിരെ ചെന്നിത്തലതന്നെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് തിങ്കളാഴ്ച ആഞ്ഞടിച്ചപ്പോൾ, സ്ഥാനമോഹികൾ നിരാശകൊണ്ട് പലതും പറയുമെന്നായിരുന്നു തിരുവഞ്ചൂർ പ്രതികരിച്ചത്. ഇതോടെ മന്ത്രിമാരടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കൾ ആശയവിനിമയം നടത്തുകയും തിരുവഞ്ചൂരിനെ താഴെയിറക്കാനുള്ള നീക്കം ശക്തമാക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഈ പിൻബലത്തിലാണ് തിരുവഞ്ചൂരിനെതിരെ സുധാകരനും മറ്റും ആഞ്ഞടിച്ചതും കോലം കത്തിച്ചതും.
ആഭ്യന്തരമന്ത്രിയെപ്പറ്റി ചെന്നിത്തല ഡൽഹിയിലെ നേതാക്കളോട് പരാതിയും പറഞ്ഞു. എന്നാൽ, തന്നെ മന്ത്രിയാക്കിയവർ പറഞ്ഞാൽമാത്രം സ്ഥാനം ഒഴിയുമെന്നാണ് തിരുവഞ്ചൂർ വ്യക്തമാക്കിയത്. ഇതിനെ ഉമ്മൻചാണ്ടിയും പിന്തുണച്ചു. മന്ത്രിയെ നിശ്ചയിക്കുന്നതിനും വകുപ്പ് നൽകുന്നതിനും കോൺഗ്രസിൽ ചില രീതികളുണ്ടെന്നാണ് ഉമ്മൻചാണ്ടി ഡൽഹിയിൽ പറഞ്ഞത്. ചില കാര്യങ്ങളിൽ അകൽച്ചയുണ്ടെങ്കിലും തിരുവഞ്ചൂരിനെ അപ്പാടെ തള്ളാൻ ഉമ്മൻചാണ്ടി തയ്യാറല്ല. സോളാർ കേസിലടക്കം ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ പൊലീസിനെ വരുതിയിൽ നിർത്തിയത് തിരുവഞ്ചൂരാണ്.
കോൺഗ്രസിലെ കലഹം മൂർച്ഛിക്കുന്നതിൽ മുസ്ലിംലീഗ്, കേരളകോൺഗ്രസ് എം തുടങ്ങിയ ഘടകകക്ഷികൾ തികഞ്ഞ അതൃപ്തിയിലാണ്. കസ്തൂരിരംഗൻ ശുപാർശ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം മരവിപ്പിക്കാനുള്ള ഒരു നടപടിയും ഇല്ലാത്തതിലും ഇക്കാര്യത്തിൽ ഡൽഹിയിൽ പോയി ഉമ്മൻചാണ്ടി കളിക്കുന്ന പൊറാട്ടുനാടകങ്ങളിലും കെ എം മാണി ഉൾപ്പെടെയുള്ള നേതാക്കൾക്ക് പ്രതിഷേധമുണ്ട്.

വിഴിഞ്ഞത്തിന് പരിസ്ഥിതി അനുമതി

0 comments
സുജിത് ബേബി
ന്യൂഡൽഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകാമെന്ന് വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി. പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും പഠിച്ചശേഷമാണ് മന്ത്രാലയത്തിന് സമിതി റിപ്പോർട്ട് നൽകിയത്. പദ്ധതി നടപ്പാക്കുമ്പോൾ പാലിക്കേണ്ട 17 വ്യവസ്ഥയും ഡോ. അനിൽ റിസ്വാൻ അധ്യക്ഷനായ സമിതി നിർദേശിക്കുന്നു. വനം-പരിസ്ഥിതി മന്ത്രാലയമാണ് അന്തിമാനുമതി നൽകേണ്ടത്. അടുത്ത ദിവസം ഉത്തരവിറങ്ങും. മൂന്നു ഘട്ടമുള്ള പദ്ധതിയിൽ ഒന്നാം ഘട്ടത്തിനു മാത്രമാണ് ഇപ്പോൾ അനുമതി.
പദ്ധതിപ്രദേശത്ത് നിർമാണം നടത്തുംമുമ്പ് സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ അനുമതി വേണം, അനുമതിപത്രത്തിന്റെ പകർപ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണം, തീരത്തിന്റെ മാറ്റം സംബന്ധിച്ച് പദ്ധതി നടത്തിപ്പുകാർ കൃത്യമായ പരിശോധന നടത്തി റിപ്പോർട്ട് മന്ത്രാലയത്തിന് കൈമാറണം, ഡ്രഡ്ജിങ് വഴി കിട്ടുന്ന വസ്തുക്കൾ നങ്കൂരസ്ഥാനനിർമാണത്തിനുപയോഗിക്കണം, പുതിയ ഫിഷ് ലാൻഡിങ് സെന്ററുകൾ നിർമിക്കണം, മത്സ്യബന്ധനത്തെ ഏറ്റവും കുറഞ്ഞ രീതിയിൽ ബാധിക്കുംവിധമാവണം പദ്ധതി എന്നിവയാണ് പ്രധാന വ്യവസ്ഥകൾ.
പുനരധിവാസ കർമപദ്ധതി, കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തം, മത്സ്യത്തൊഴിലാളികൾക്കായുള്ള സംയോജിത മാനേജ്‌മെന്റ് പദ്ധതി എന്നിവയുടെ അടിസ്ഥാനത്തിൽ മത്സ്യബന്ധന മേഖലയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നടപടിവേണം. ഹാർബർ റോഡിന് സമാന്തരമായി റെയിൽവേ സംവിധാനം,  പൊളിക്കുന്ന റിസോർട്ടുകൾക്ക് നഷ്ടപരിഹാരം, 10 കിലോമീറ്റർ ചുറ്റളവിൽ സാമൂഹികക്ഷേമ നടപടികൾ, എണ്ണച്ചോർച്ച പരിഹാര-സംവിധാനം, തുടങ്ങിയവ ഉറപ്പാക്കണം. ടെർമിനലിൽ സർവീസ് നടത്തുന്ന കപ്പലുകൾ മലിനീകരണ നിയന്ത്രണ മാർഗങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം. സമിതിയുടെ ഹിയറിങ്ങിൽ നൽകിയ ഉറപ്പു പാലിക്കുന്നുണ്ടെന്ന് വ്യവസ്ഥചെയ്യണം, പരിസ്ഥിതി ആഘാത റിപ്പോർട്ട് ആറുമാസത്തിനിടെ വനം- പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണം, താൽക്കാലിക റോഡിന്റെ കാര്യത്തിൽ മന്ത്രാലയം കൃത്യമായി പരിശോധനകൾ നടത്തി നടപടി സ്വീകരിക്കണം എന്നീ നിർദേശങ്ങളുമുണ്ട്. പദ്ധതി നടത്തിപ്പ് ഏറ്റെടുക്കുന്നവർക്ക് സർക്കാരുമായി ആലോചിച്ച് ടൂറിസം പാക്കേജുകൾക്ക് രൂപം നൽകാം. പൊതുജനങ്ങളുടെ അറിവിലേക്കായി കമ്പനി വിവരങ്ങൾ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തണം. 
പദ്ധതി അനുമതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും പൂർത്തിയായെന്നും വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഉറപ്പായെന്നും പോർട്ട് ട്രസ്റ്റ് എംഡി എ എസ് സുരേഷ് ബാബു പറഞ്ഞു. ടെൻഡർ നടപടി ബുധനാഴ്ച ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരിരംഗൻ റിപ്പോർട്ട്: പ്രധാനമന്ത്രിയെയും പരിസ്ഥിതിമന്ത്രിയെയും കാണാതെ മുഖ്യമന്ത്രി മടങ്ങി

0 comments
എം പ്രശാന്ത്
ന്യൂഡൽഹി: കസ്തൂരിരംഗൻ സമിതി റിപ്പോർട്ടിലെ നിർദേശങ്ങളിൽ ആശങ്ക അറിയിക്കാൻ ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും പരിസ്ഥിതിമന്ത്രി ജയന്തി നടരാജനെയും കാണാനാകാതെ മടങ്ങി. പ്രധാനമന്ത്രിയുടെ പരിപാടികൾ റദ്ദാക്കിയതുകൊണ്ടാണ് കൂടിക്കാഴ്ച നടക്കാതെ പോയതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ, ചൊവ്വാഴ്ച പാർലമെന്റിൽ മുൻ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ 129-ാം ജന്മവാർഷിക ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി എട്ടാമത് ഏഷ്യ വാതക പങ്കാളിത്ത ഉച്ചകോടിയിൽ സംസാരിക്കുകയുംചെയ്തു. പരിസ്ഥിതി മന്ത്രി ജയന്തി നടരാജനാകട്ടെ ഡൽഹിയിലില്ല. ഇരുവരെയും കണ്ട് ആശങ്ക അറിയിക്കുമെന്നു പറഞ്ഞാണ് തിങ്കളാഴ്ച ഡൽഹിയിൽ നിന്നു കേരളത്തിലേക്ക് പോയ മുഖ്യമന്ത്രി ചൊവ്വാഴ്ച വീണ്ടും എത്തിയത്. 
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. വൈകിട്ട് നാലരയ്ക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമൊത്തുള്ള സംഘടനാ ചർച്ചയും തീരുമാനിച്ചു. കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു.
എന്നാൽ, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ സമയം മാറ്റിയതായി ഔദ്യോഗിക അറിയിപ്പ് വന്നു. രാഹുലുമായി കൂടിക്കാഴ്ച നീളാൻ സാധ്യതയുള്ളതുകൊണ്ടാണ് സമയം മാറ്റിയതെന്നായിരുന്നു വിശദീകരണം. സംസ്ഥാനത്തിന്റെ സുപ്രധാന ആവശ്യങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കാൻ എത്തിയ മുഖ്യമന്ത്രി രാഹുലുമായുള്ള സംഘടനാ ചർച്ചകൾക്കാണ് പ്രാമുഖ്യം നൽകിയത്.
എന്നാൽ, കൂടിക്കാഴ്ചയുടെ സമയം ആറേമുക്കാലിലേക്ക് മാറ്റണമെന്ന ആവശ്യം പിഎംഒ നിരാകരിച്ചു. പ്രധാനമന്ത്രി ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയെന്നും അതുകൊണ്ട് കൂടിക്കാഴ്ച നടക്കില്ലെന്നും പിഎംഒ അറിയിക്കുകയായിരുന്നു. രാഹുലുമായുള്ള മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും കൂടിക്കാഴ്ച അഞ്ചരയോടെ അവസാനിക്കുകയും ചെയ്തു.
രാഹുലിനെ കണ്ടശേഷം പ്രധാനമന്ത്രിയെ കാണാൻ സാധിക്കുമായിരുന്നെങ്കിലും മുഖ്യമന്ത്രി എന്തുകൊണ്ട് സമയം നീട്ടിച്ചോദിച്ചുവെന്നത് വ്യക്തമല്ല.
പ്രധാനമന്ത്രിയെ കാണാനായില്ലെങ്കിലും എല്ലാ വിഷയങ്ങളും വിശദമാക്കുന്ന കുറിപ്പ് അദ്ദേഹത്തിന്റെ ഓഫീസിൽ എത്തിച്ചിട്ടുണ്ടെന്ന് ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 കസ്തൂരിരംഗൻ റിപ്പോർട്ടിലെ ആശങ്ക, റബർ വിലയിടിവ്, ഭക്ഷ്യധാന്യ ക്വോട്ട വർധിപ്പിക്കൽ, ഫാക്ട് പുനരുജ്ജീവന പാക്കേജിന് എത്രയുംവേഗം അംഗീകാരം എന്നീ വിഷയങ്ങളാണ് പ്രധാനമന്ത്രിക്ക് എഴുതിനൽകിയത്.

അക്ഷരനഗരിയിൽ പിണറായിക്ക് വീരോചിത വരവേൽപ്പ്

0 comments
കോട്ടയം: സിരകളിൽ ആവേശവും കണ്ണുകളിൽ ഭാവിയിലേക്കുള്ള പ്രതീക്ഷയും നിറച്ച് ആയിരങ്ങൾ അക്ഷരനഗരയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വരവേൽപ്പ് നൽകി.
നിശ്ചയദാർഢ്യവും സംശുദ്ധമായ ജീവിതവും പരിചയാക്കി നീതിപീഠത്തിലൂടെ അഗ്നിശുദ്ധി വരുത്തിയെത്തിയ തൊഴിലാളിവർഗ നായകനെ വരവേൽക്കാൻ കാത്തുനിന്നവരെ കൊണ്ട് ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞപ്പോൾ മുതൽ കെ കെ റോഡും പരിസരവും നിറഞ്ഞു. സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയാണ് സ്വീകരണമൊരുക്കിയത്. ബംഗാൾ മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ജ്യോതിബസുവിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 'മതനിരപേക്ഷതയുടെ സമകാലിക പ്രസക്തിയും ഇന്ത്യൻ ജനാധിപത്യവും' എന്ന സെമിനാറിന്റെ ഉദ്ഘാടനത്തിനാണ് അദ്ദേഹം കോട്ടയത്തെത്തിയത്.
മാമ്മൻമാപ്പിള ഹാളിനു മുന്നിൽനിന്ന് പുഷ്പാലങ്കൃതമായ തുറന്ന വാഹനത്തിലാണ് സമ്മേളന സ്ഥലമായ തിരുനക്കര പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനിയിലേക്ക് പിണറായിയെ ആനയിച്ചത്.
എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനും പിണറായിക്കൊപ്പം തുറന്ന ജീപ്പിൽ സഞ്ചരിച്ചു.
സെമിനാറിൽ കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബി ഇക്ബാൽ അധ്യക്ഷനായി. കെ ജെ തോമസ് സ്വാഗതം പറഞ്ഞു. വൈക്കം വിശ്വൻ, സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം വി ആർ ഭാസ്‌കരൻ, ഡോ. സെബാസ്റ്റിയൻ പോൾ, കെ സുരേഷ്‌കുറുപ്പ് എംഎൽഎ, വി എൻ വാസവൻ എന്നിവർ സംസാരിച്ചു.

കോൺഗ്രസ് 196; സിപിഎൻ 175: നേപ്പാളിൽ ആർക്കും ഭൂരിപക്ഷമില്ല

0 comments
കാഠ്മണ്ഡു: നേപ്പാളിൽ തെരഞ്ഞെടുപ്പുഫലം പൂർണമായി പുറത്തുവന്നപ്പോൾ ഒരു കക്ഷിക്കും കേവലഭൂരിപക്ഷമില്ല. നേരിട്ടും ആനുപാതിക വോട്ടിങ് പ്രകാരവുമുള്ള വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 196 സീറ്റ് നേടിയ നേപ്പാളി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 175 സീറ്റ് കരസ്ഥമാക്കിയ കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (യുണൈറ്റഡ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ്) തൊട്ടുപിന്നിലുണ്ട്. നവംബർ 19ന്റെ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട പ്രചണ്ഡയുടെ യുസിപിഎൻ (മാവോയിസ്റ്റ്) 80 സീറ്റ് നേടി. 601 അംഗ ഭരണഘടനാനിർമാണസഭയിൽ കേവലഭൂരിപക്ഷത്തിന് 301 സീറ്റ് വേണം.
നേരിട്ട് തെരഞ്ഞെടുപ്പ് നടന്ന 240 സീറ്റിൽ 105 എണ്ണം കോൺഗ്രസിനാണ്. സിപിഎൻ യുഎംഎല്ലിന് 91ഉം. ആനുപാതിക വോട്ടിങ്ങിൽ കോൺഗ്രസ് 91ഉം സിപിഎൻ യുഎംഎൽ 84 ഉം സീറ്റു നേടിയെന്ന് തെരഞ്ഞെടുപ്പു കമീഷൻ അറിയിച്ചു. മാവോയിസ്റ്റുകൾക്ക് 54ഉം രാഷ്ട്രീയ പ്രചാതന്ത്ര പാർടിക്ക് 24ഉം സീറ്റ് കിട്ടി. ആനുപാതിക വോട്ടിങ് പ്രകാരം ലഭിച്ച സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക ഡിസംബർ പത്തിനകം അറിയിക്കണമെന്ന് തെരഞ്ഞെടുപ്പു കമീഷൻ പാർടികൾക്ക് നിർദേശം നൽകി. ഇപ്രകാരം 335 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 22 പാർടികളാണ് പങ്കെടുത്തത്. 601 അംഗ സഭയിൽ ശേഷിക്കുന്ന 26 അംഗങ്ങളെ നാമനിർദേശം ചെയ്യും.
മാവോയിസ്റ്റുകളുടെ നേതൃത്വത്തിലുള്ള 16 പാർടികളുടെ സഖ്യം ചൊവ്വാഴ്ചത്തെ യോഗത്തിൽ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് സ്വതന്ത്ര കമീഷൻ അന്വേഷിക്കണമെന്നാണ് അവരുടെ ആവശ്യം.
2008ലെ തെരഞ്ഞെടുപ്പിൽ പ്രചണ്ഡയുടെ യുസിപിഎൻ എം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. നേപ്പാളി കോൺഗ്രസ് രണ്ടാമതും സിപിഎൻ യുഎംഎൽ മൂന്നാമതുമായിരുന്നു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തിൽ തർക്കം രൂക്ഷമായി തുടർന്നതോടെ ഭരണഘടന രൂപപ്പെടുത്തുകയെന്ന ദൗത്യം നിർവഹിക്കുന്നതിന് കഴിഞ്ഞില്ല.

സമ്പന്നരുടെ പട്ടികയിൽനിന്ന് സോണിയയുടെ പേര് നീക്കി

0 comments
വാഷിങ്ടൺ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽനിന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് നീക്കി. സോണിയയുടെ ആസ്തി നിർണയിക്കുന്നതിൽ തങ്ങളുടെ എഡിറ്റർമാർക്ക് വീഴ്ചപറ്റിയെന്നും തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദിക്കുന്നുവെന്നും അമേരിക്കൻ വെബ്‌സൈറ്റ് 'ഹഫിങ്ടൺ പോസ്റ്റ്' അറിയിച്ചു. 200 കോടി ഡോളർ സ്വത്തുള്ള സോണിയ  ലോകത്തെ സമ്പന്ന നേതാക്കളിൽ പന്ത്രണ്ടാംസ്ഥാനത്താണെന്നാണ് കഴിഞ്ഞദിവസം സൈറ്റ് റിപ്പോർട്ട്‌ചെയ്തത്. ഖത്തർ അമീർ ഹമീദ് ബിൻ ഖാലിഫ അൽ താനിയുടെ പേരും പട്ടികയിൽനിന്ന് നീക്കി.

എലിസബത്ത് രാജ്ഞി സോണിയയ്ക്ക് പിന്നിൽ; സമ്പാദ്യം 12,250 കോടി

0 comments
എം പ്രശാന്ത്
ന്യൂഡൽഹി: സമ്പത്തിന്റെ കാര്യത്തിൽ എലിസബത്ത് രാജ്ഞിയെയും സുൽത്താന്മാരെയും ഷേഖുമാരെയും സോണിയാ ഗാന്ധി കടത്തിവെട്ടി. പ്രമുഖ അമേരിക്കൻ വാർത്താപോർട്ടലായ ഹഫിങ്ടൺ പോസ്റ്റ് വേൾഡാണ് ഈ വിവരം പുറത്തുവിട്ടത്. 12,250 കോടി രൂപയുടെ സ്വത്തുസമ്പാദ്യമുള്ള  കോൺഗ്രസ് അധ്യക്ഷ, ലോകത്തിലെ അതിസമ്പന്ന നേതാക്കളിൽ 12-ാംസ്ഥാനത്ത്. എലിസബത്ത് രാജ്ഞി, മൊണാക്കോ രാജകുമാരൻ, ഒമാൻ സുൽത്താൻ, കുവൈത്ത്ഷേഖ് തുടങ്ങിയവർ സോണിയയ്ക്ക് ബഹുദൂരം പിന്നിൽ.
 അതിസമ്പന്ന നേതാക്കളുടെ പട്ടികയിൽ റഷ്യൻ പ്രസിഡന്റ് വഌദിമിർ പുടിനാണ് മുന്നിൽ- നാലായിരം കോടി യുഎസ് ഡോളറാണ് സമ്പാദ്യം. രണ്ടാമൻ തായ്‌ലൻഡ് രാജാവ് ഭുമിബോൽ അദുല്യദേജ്. സമ്പാദ്യം- 3000 കോടി ഡോളർ.
 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 2009ൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ കണക്കനുസരിച്ച് 1.38 കോടി രൂപയുടെ സ്വത്താണ് സോണിയയ്ക്ക്്. നാലരവർഷത്തിനിടെ സമ്പാദ്യം 12,250 കോടി രൂപയായത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. ഹഫിങ്ടൺ പോസ്റ്റ് വാർത്തയോട് കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.
ആളോഹരി മാസവരുമാനം എണ്ണായിരം രൂപപോലുമില്ലാത്ത രാജ്യത്തിന്റെ ഭരണസാരഥ്യമുള്ള മുന്നണിയുടെ അധ്യക്ഷയ്ക്ക്് 12,250 കോടിയുടെ സ്വത്തുസമ്പാദ്യമുള്ളത് ആശ്ചര്യമുളവാക്കുന്നുവെന്ന് ഹഫിങ്ടൺ പോസ്റ്റ് അഭിപ്രായപ്പെടുന്നു. നെഹ്‌റുകുടുംബത്തിന് കോടികളുടെ സ്വിസ് ബാങ്ക് നിക്ഷേപമുണ്ടെന്ന ആരോപണം സാധൂകരിക്കുന്നതാണ് ഈ വെളിപ്പെടുത്തൽ.
2009ലെ സത്യവാങ്മൂലത്തിൽ സോണിയയ്ക്ക് ഇന്ത്യയിൽ സ്വന്തമായി വീടോ കാറോ ഇല്ല. ഇറ്റലിയിൽ 18.02 ലക്ഷം രൂപ വിലമതിക്കുന്ന കുടുംബവീടുണ്ട്. മുക്കാൽലക്ഷം രൂപ പണമായും 28.61 ലക്ഷം രൂപ ബാങ്ക് നിക്ഷേപവുമുണ്ട്. 20 ലക്ഷത്തിന്റെ മ്യൂച്വൽ ഫണ്ട്, 12 ലക്ഷത്തിന്റെ റിസർവ്് ബാങ്ക് ബോണ്ട്, 1,99,000 രൂപയുടെ പോസ്റ്റ് ഓഫീസ് നിക്ഷേപം, 24.88 ലക്ഷം രൂപയുടെ പിപിഎഫ് എന്നിങ്ങനെയാണ് മറ്റു നിക്ഷേപം. 11 ലക്ഷം വിലമതിക്കുന്ന രണ്ടരക്കിലോ ആഭരണവും 18 ലക്ഷത്തിന്റെ 88 കിലോ വെള്ളിയുമുണ്ട്. 2,19,000 രൂപയുടെ രണ്ടു കൃഷിയിടങ്ങളും സോണിയക്കുണ്ട്. കൃഷിസ്ഥലം എവിടെയെന്ന് വ്യക്തമാക്കിയിട്ടില്ല. 2008-09ൽ സോണിയ 5,58,000 രൂപ ആദായനികുതി അടച്ചിട്ടുണ്ട്, സ്വത്തുനികുതിയായി 32,512 രൂപയും.
റഷ്യൻ പ്രസിഡന്റിന്റെയും തായ്‌ലൻഡ് രാജാവിന്റെയും പിന്നിൽ സ്വത്തുപട്ടികയിൽ മൂന്നാമത് ബ്രൂണെ സുൽത്താൻ ഹസനാൽ ബോൽക്കിയയാണ്- രണ്ടായിരം കോടി യുഎസ് ഡോളറാണ് സമ്പാദ്യം. സൗദി രാജാവ് അബ്ദുള്ള ബിൻ അബ്ദുൾ അസീസ്, യുഎഇ പ്രസിഡന്റ് ഖാലിഫ ബിൻ സയ്യദ് അൽനഹ്യാൻ, ദുബായ് അമീർ മുഹമ്മദ് ബിൻ റഷീദ് അൽമഖ്ദൂം, ലീച്ചെൻസ്റ്റീൻ രാജകുമാരൻ ഹാൻസ് അലം രണ്ട്, മൊറോക്കോ രാജാവ് മുഹമ്മദ് അഞ്ച് എന്നിവരും അതിസമ്പന്ന നേതാക്കളുടെ പട്ടികയിലുണ്ട്.