![]() |
ജനസാഗരം... സിപിഐ എം സംസ്ഥാന പ്ലീനത്തിന്റെ സമാപനത്തോടനുബന്ധിച്ച് എ കെ ജി നഗറിൽ (പാലക്കാട് മുനിസിപ്പൽ സ്‌റ്റേഡിയം) നടന്ന റാലിയിൽ അണിനിരന്നവർ
|
എ കെ ജി നഗർ (പാലക്കാട് മുനിസിപ്പൽ സ്‌റ്റേഡിയം): നെഞ്ചിൽ സമരാവേശവും കൈയിൽ ചെങ്കൊടികളുമായി ഇരമ്പിവന്ന മനുഷ്യമഹാപ്രവാഹത്തിൽ പാലക്കാടൻ മണ്ണ് ചെഞ്ചായമണിഞ്ഞു. ഉച്ചവെയിലിന്റെ ചൂടിലേക്ക് മുഷ്ടി ചുരുട്ടിയുയർത്തി മാനവമോചന ഗാഥപാടിയെത്തിയ ജനസഞ്ചയം വിപ്ലവ പ്രസ്ഥാനത്തിന്റെ അജയ്യതയും അപ്രതിരോധ്യതയും ഉദ്‌ഘോഷിച്ചു. മലയോര ഗ്രാമങ്ങളിൽനിന്നും ആദിവാസി ഊരുകളിൽനിന്നും വയലേലകളിൽ നിന്നും മണ്ണിന്റെ മക്കൾ പാലക്കാടിന്റെ ഹൃദയഭൂമിയിലേക്ക് ഒരേ മനസോടെ മാർച്ച് ചെയ്തു. സിപിഐ എം സംസ്ഥാന പ്ലീനത്തിന്റെ സമാപനംകുറിച്ച് നടന്ന റാലി നെല്ലറകളുടെ നാടിന്റെ ജനമുന്നേറ്റചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു.
രക്തസാക്ഷികളുടെ ചോരവീണ പാലക്കാടൻ കോട്ടയ്ക്ക് ചുറ്റും സ്ത്രീ-പുരുഷഭേദമെന്യേ ലക്ഷങ്ങൾ ഉച്ചമുതൽ നാനാവഴികളിലൂടെ ഒഴുകി. നാടൻകലാരൂപങ്ങളും ബാന്റ്‌വാദ്യങ്ങളും ഉശിരൻ മുദ്രാവാക്യവുമായി വന്നവർ സിപിഐ എമ്മിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന ബഹുജനസ്വാധീനമാണ് വിളംബരം ചെയ്തത്. മൂന്ന് ദിവസങ്ങളിലായി നടന്ന വിശേഷാൽ സമ്മേളനത്തിന്റെ സമാപനം കരിമ്പനകളുടെ നാടിനെ അക്ഷരാർഥത്തിൽ പുളകമണിയിച്ചു.
സായാഹ്നസൂര്യനെ സാക്ഷി നിർത്തി വൈകിട്ട് അഞ്ചിന് സമ്മേളന നടപടി ആരംഭിക്കുമ്പോഴും പാവങ്ങളുടെ പടത്തലവൻഎ കെ ജിയുടെ നാമധേയത്തിലുള്ള നഗറിലേക്ക് (സ്‌റ്റേഡിയം ഗ്രൗണ്ട്) ചെറുജാഥകൾ വന്നുകൊണ്ടിരുന്നു. പ്രസ്ഥാനത്തെ ജീവൻകൊടുത്ത് വളർത്തിയ രക്തസാക്ഷികളനുടെ പിൻമുറക്കാർ കുടുംബസമേതമാണ് മഹാറാലിയിലേക്ക് എത്തിയത്. വാഹനങ്ങളിൽ എത്തിയവർ നിശ്ചിതസ്ഥലത്ത് ഇറങ്ങി ചെറുപ്രകടനങ്ങളായി നീങ്ങി. പോരാട്ടഭൂമിയിൽ ജ്വലിപ്പിച്ചെടുത്ത മുദ്രാവാക്യങ്ങളുമായി ആബാലവൃദ്ധം നഗരത്തിന്റെ പലഭാഗങ്ങളിലൂടെ ഒഴുകിയതോടെ എല്ലാവഴികളും എ കെ ജി നഗറിലേക്കായി. നഗരത്തിന്റെ സ്ഥലപരിമിതികാരണം ചെറുപ്രകടനങ്ങളാണ് തീരുമാനിച്ചതെങ്കിലും അതത് ബാനറുകളുടെ കീഴിൽ നീങ്ങിയ ജാഥകൾ വൻ പ്രകടനമായി മാറി. പ്രകടനം കാണാനും നേതാക്കളുടെ പ്രസംഗം കേൾക്കാനുമായി പതിനായിരങ്ങൾ എത്തിയതോടെ ജാഥകടന്നുപോയ വഴികളിൽ ജനമതിൽ രൂപപ്പെട്ടു. റാലിക്കെത്തിയവരെ മുഴുവൻ ഉൾക്കൊള്ളാനാകാതെ സ്‌റ്റേഡിയം വീർപ്പ് മുട്ടി. റാലിക്കെത്തിയ പകുതിയോളം പേർക്കും സമാപന സമ്മേളനനഗറിലേക്ക് പ്രവേശിക്കാനായില്ല. ജില്ലയിലെ 1,750 ബൂത്തുകളിൽനിന്ന് നിശ്ചയിക്കപ്പെട്ടതിന്റെ ഇരട്ടിയിലേറെ പേരാണ് പങ്കെടുത്തത്. പകൽ രണ്ടു മുതൽ വൈകിട്ട് ഏഴ്‌വരെ ചെങ്കൊടിയേന്തിയ പ്രവർത്തകർ സ്‌റ്റേഡിയത്തിലേക്കു പ്രവഹിച്ചു.
യുപിഎ സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കും ബിജെപിയുടെ വർഗീയതക്കും എതിരെ പോരാട്ടം ശക്തമാക്കാനുള്ള ആഹ്വാനവുമായി സിപിഐ എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പ്ലീനം റാലി ഉദ്ഘാടനം ചെയ്തു. പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയൻ അധ്യക്ഷനായി. പിബി അംഗങ്ങളായ എസ് രാമചന്ദ്രൻപിള്ള, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനറും പാർടി ജില്ലാ സെക്രട്ടറിയുമായ സി കെ രാജേന്ദ്രൻ സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രൻ നന്ദിയും പറഞ്ഞു.

0 comments :
Post a Comment