Saturday, November 30, 2013

ക്ലിഫ്ഹൗസ് ഉപരോധം വിജയിപ്പിക്കുക

പാലക്കാട്: സോളാർ തട്ടിപ്പുകേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവച്ചുള്ള ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധം  വൻവിജയമാക്കണമെന്ന് സിപിഐ എം പ്ലീനം ആഹ്വാനം ചെയ്തു. യുഡിഎഫ് സർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഉത്തമദൃഷ്ടാന്തമാണ് സോളാർ തട്ടിപ്പ്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ഒട്ടനവധി യുഡിഎഫ് നേതാക്കളും ആരോപണവിധേയരായി ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിലാണ്.  സോളാർ തട്ടിപ്പിൽ മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന കരിങ്കൊടി പ്രതിഷേധം ക്ലിഫ് ഹൗസ് ഉപരോധത്തോടെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.
സംസ്ഥാന ഖജനാവിന് ഒരു നഷ്ടവും സൃഷ്ടിക്കാത്ത ഏതാനും കോടി രൂപയുടെ ഒരു തട്ടിപ്പ് എന്നു പറഞ്ഞ് ഈ അഴിമതിയെ നിസ്സാരവൽക്കരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സർക്കാരിന്റെ ഒരു അംഗീകൃത സ്‌കീമിന്റെ മറവിലാണ് ജനങ്ങളെ കൊള്ളയടിക്കുന്നതിന് പരിപാടിയിട്ടത്. ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തു. മുഖ്യമന്ത്രിയും മറ്റു പല മന്ത്രിമാരും തട്ടിപ്പുസംഘവുമായി അടുത്ത ബന്ധത്തിലായിരുന്നു. മുഖ്യപ്രതികളായ സരിതയും ബിജുവും ഒരു ഡസനിലേറെ കേസുകളിൽ പ്രതികളായിരുന്നു. ബിജുവാകട്ടെ സ്വന്തം ‘ഭാര്യയെ വധിച്ച കേസിലും പ്രതിയാണ്. ഇങ്ങനെയുള്ളൊരു തട്ടിപ്പുസംഘം മുഖ്യമന്ത്രിയുടെ ഓഫീസിൽ മാത്രമല്ല, മറ്റു ‘ഭരണതലങ്ങളിലും പിടിമുറുക്കി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.
ടീം സോളാറിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. സ്വർണക്കള്ളക്കടത്തുകാരൻ ഫയാസിന്റെ കോൾ ലിസ്റ്റുകൾകൂടി പുറത്തുവന്നതോടെ തട്ടിപ്പുകാരുമായി ഇടപഴകാത്ത ഒരാൾപോലും ആ ഓഫീസിലില്ല എന്ന സ്ഥിതിയാണ്. എന്നാൽ, ഈ ബന്ധങ്ങൾ മറച്ചുവയ്ക്കാനായിരുന്നു മുഖ്യമന്ത്രി തുടർച്ചയായി ശ്രമിച്ചത്. പ്രതിപക്ഷ പ്രക്ഷോഭത്തിന്റെയും മാധ്യമ വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലുമാണ് തന്റെ വിശ്വസ്തർക്കു നേരെ ഗത്യന്തരമില്ലാതെ ചില നടപടികൾ എടുക്കാൻ മുഖ്യമന്ത്രി തയ്യാറായത്.
മുഖ്യമന്ത്രിക്കെതിരെ ഏറ്റവും വലിയ തെളിവ് 164-ാം വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിനു മുന്നിൽ ശ്രീധരൻനായർ നൽകിയ മൊഴിയാണ്. സരിതയുമൊത്ത് ഓഫീസിൽവച്ച് മുഖ്യമന്ത്രിയെ കണ്ടുവെന്നും മുഖ്യമന്ത്രി ടീം സോളാറിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നതിന് പ്രോത്സാഹിപ്പിച്ചുവെന്നും ശ്രീധരൻനായർ പറഞ്ഞതിനെ മുഖ്യമന്ത്രി നിഷേധിച്ചു. പക്ഷേ, ഇത്തരമൊരു കൂടിക്കാഴ്ച നടന്നു എന്നതിനുള്ള ഒട്ടനവധി സാഹചര്യ തെളിവുകൾ ഉണ്ട്.
മൂന്നാംതവണയാണ് ഉമ്മൻചാണ്ടിയെ അഴിമതിയുടെ പേരിൽ പൊലീസ് ചോദ്യം ചെയ്യുന്നത്. പാമോയിൽ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ അവസാനം ഫലവത്തായത് സ്വന്തം വിജിലൻസ് കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകിയപ്പോഴാണ്. ടൈറ്റാനിയം കേസിൽ പ്രതികൂല പരാമർശം നടത്തിയ വിജിലൻസ് ജഡ്ജിയെ ‘ഭീഷണിപ്പെടുത്തിയും അപഹസിച്ചും കോടതി മാറ്റി. ഇപ്പോൾ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി വിജിലൻസിനെക്കൊണ്ട് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. ഇതേ അടവാണ് സോളാർ തട്ടിപ്പിലും സ്വീകരിച്ചത്. ജുഡീഷ്യറിയെപ്പോലും എങ്ങനെയാണ് കേസ് അട്ടിമറിക്കാൻ ഉപയോഗപ്പെടുത്തുന്നത് എന്ന് സരിതയുടെ മൊഴി രേഖപ്പെടുത്താതെ മൊഴിമാറ്റാൻ സന്ദർഭമൊരുക്കിയ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ പ്രവർത്തിയിലൂടെ തെളിഞ്ഞു. സരിതയാവട്ടെ തന്നെ ലൈംഗികമായി പീഡിപ്പിച്ച മന്ത്രിമാരുടെ പേരുകൾ വെളിപ്പെടുത്തും എന്ന ഭീഷണിയുടെ മുൾമുനയിൽ നിർത്തി കേസുകൾ ഓരോന്നായി ഇല്ലാതാക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഗൺമാൻ സലിംരാജിനെ സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഓഫീസിൽനിന്ന് ഒഴിവാക്കിയെങ്കിലും കേസ്സെടുക്കാൻ തയ്യാറായില്ല. എന്നാൽ, ഇപ്പോൾ അയാൾ 400 കോടിയുടെ ‘ഭൂമി തട്ടിപ്പിന്റെ സൂത്രധാരനാണെന്ന് തെളിഞ്ഞു. സലിംരാജിന്റെ തീവ്രവാദ ബന്ധങ്ങളും ഗുണ്ടാബന്ധങ്ങളും പുറത്തുവന്നിരിക്കുന്നു. കള്ളക്കടത്തുകാരൻ ഫയാസും മുഖ്യമന്ത്രിയുമായുള്ള സൗഹൃദബന്ധങ്ങളും വെളിപ്പെട്ടു. കേരള ചരിത്രത്തിൽ ഇതുപോലൊരു അവസ്ഥാവിശേഷം ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല.
സത്യസന്ധമായ അന്വേഷണത്തിലൂടെ ഈ തട്ടിപ്പ് പരമ്പരകളുടെ സത്യം പുറത്തുകൊണ്ടുവരാനായി മുഖ്യമന്ത്രി സ്ഥാനംഒഴിയണമെന്ന ആവശ്യം എൽഡിഎഫ് ഉയർത്തി. ഇതിനായി നിയമസഭ‘ കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭങ്ങളുടെ തുടർച്ചയായി എല്ലാ ജില്ലകളിലും രാപ്പകൽ സമരം നടന്നു. ഈ സമരവേലിയേറ്റത്തിലെ ഏറ്റവും ഉജ്വലമായ മുഹൂർത്തമായിരുന്നു സെക്രട്ടേറിയറ്റ് ഉപരോധം.
ഒരുലക്ഷത്തോളം സമരവളണ്ടിയർമാർ എല്ലാ നിരോധനങ്ങളേയും പൊലീസ് ‘ഭീഷണിയേയും അവഗണിച്ച് വിസ്മയകരമായ അച്ചടക്കത്തോടെ അണിനിരന്നപ്പോൾ സർക്കാരിന് മുട്ടുമടക്കേണ്ടിവന്നു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റ് ഉപരോധം പിൻവലിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി പ്രക്ഷോഭ‘ പ്രചാരണം തുടരാനാണ് എൽഡിഎഫ് തീരുമാനിച്ചത്. എന്നാൽ, ജുഡീഷ്യൽ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറൻസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉൾപ്പെടുത്തുവാൻ സർക്കാർ വിസമ്മതിച്ചു. ഈ കൊടിയ വഞ്ചനയ്‌ക്കെതിരായി പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് തീരുമാനം. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധവും ക്ലിഫ് ഹൗസ് ഉപരോധവും വിജയിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങാൻ സമ്മേളനം ജനങ്ങളോട് ആഹ്വാനം ചെയ്തു.

0 comments :

Post a Comment