![]() |
| സിപിഐ എം സംസ്ഥാന പ്ലീനത്തിന്റെ സമാപനത്തിൽ കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ സാർവദേശീയഗാനം ചൊല്ലിക്കൊടുക്കുന്നു |
ഇ എം എസ് നഗർ (പാലക്കാട് ടൗൺഹാൾ): കേരളത്തിന്റെ മൂർത്തമായ രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളിൽ ശക്തമായി ഇടപെടാനുള്ള ആഹ്വാനവും അതിനായി സംഘടനയെ സുസജ്ജമാക്കുമെന്ന പ്രഖ്യാപനവുമായി സിപിഐ എം സംസ്ഥാന പ്ലീനത്തിന് സമാപനം. തൊഴിലാളി വർഗ വിപ്ലവ ബഹുജന പ്രസ്ഥാനത്തിന്റെ സംഘടനാചിട്ടയും കരുത്തും വിമർശന-സ്വയംവിമർശനങ്ങളിലൂടെ തെറ്റ് തിരുത്താനുള്ള ആർജവവും വാനോളമുയർത്തിപ്പിടിച്ച് കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രമായി പ്ലീനം മാറി.
കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി മലയോര കർഷക ജനത അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്കെതിരായ ചെറുത്ത് നിൽപ്പ് ശക്തിപ്പെടുത്തുന്നതടക്കം ബഹുമുഖങ്ങളായ ജനകീയ ഇടപെടലുകൾക്ക് പ്ലീനം ആഹ്വാനം ചെയ്തു. കേരള വികസനത്തിന്റെ നട്ടെല്ലുകളിലൊന്നായ സഹകരണ മേഖലയെയും കേരളീയ വിദ്യാഭ്യാസ മേഖലയെയും തകർക്കുന്നതിനെതിരായ ചെറുത്ത് നിൽപ്പ്, ലക്ഷക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന പൊതുമേഖലാ വ്യവസായങ്ങളെയും കാർഷിക മേഖലയേയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കൽ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കൽ തുടങ്ങിയവയ്ക്ക് വേണ്ടി പോരാടാനുമുൾപ്പെടെ ആഹ്വാനം ചെയ്യുന്ന 12 പ്രമേയങ്ങൾ പ്ലീനം അംഗീകരിച്ചു. അഴിമതിക്കേസുകളിൽ പ്രതിയായ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാജിക്കായുള്ള ക്ലിഫ് ഹൗസ് ഉപരോധം ശക്തിപ്പെടുത്തുമെന്ന് പ്ലീനം പ്രഖ്യാപിച്ചു.
സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അവതരിപ്പിച്ച സംഘടനാരേഖ പ്രതിനിധികളുടെ ചർച്ചകൾക്കും നിർദേശങ്ങൾക്കും ശേഷം പ്ലീനം ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചത്. കൂടുതൽ തൊഴിലാളി വർഗ-ബഹുജന വിഭാഗങ്ങളെ പാർടിയിലേക്ക് കൊണ്ടുവന്ന് ജനകീയാടിത്തറ വിപുലപ്പെടുത്തുന്നതിനും പാർടി ഘടകങ്ങളിലും അംഗങ്ങളിലും അപൂർവമായെങ്കിലും വന്നുപെടുന്ന ദൗർബല്യങ്ങൾ തിരുത്തി കൂടുതൽ കരുത്തോടെ സംഘടനയെ മുന്നോട്ട് നയിക്കാനും രേഖ ആഹ്വാനം ചെയ്യുന്നു.
കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ ഉപയോഗപ്പെടുത്താനാവുമായിരുന്ന സാധ്യതകൾ ചിലപ്പോഴെങ്കിലും ഉപയോഗപ്പെടുത്താൻ കഴിയാതെ പോയത് വിഭാഗീയതയും ഒരു ഘടകമായെന്ന് വിലയിരുത്തിയ പ്ലീനം, തുടർന്നങ്ങോട്ട് ഇനി ഒരു കാരണവശാലും വിഭാഗീയതവച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി. കമ്യൂണിസിറ്റ് മൂല്യങ്ങളിൽനിന്നുള്ള വ്യതിചലനങ്ങൾക്കെതിരെ നിതാന്ത ജാഗ്രത കൂടി ലക്ഷ്യമിടുന്നു. രേഖയെ അടിസ്ഥാനപ്പെടുത്തി എട്ട് മണിക്കൂറിലേറെ സമയമെടുത്ത് 39 പ്രതിനിധികൾ പൊതുചർച്ചയിൽ പങ്കെടുത്തു. ചർച്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചേർന്ന് രേഖയ്ക്ക് അന്തിമരൂപം നൽകി.
ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിവരും കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളും മുഴുനീളം പ്ലീനത്തിൽ പങ്കെടുത്തു.
സ്വാഗതസംഘം ജനറൽ കൺവീനർ സി കെ രാജേന്ദ്രൻ നന്ദി പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ സാർവദേശീയ ഗാനം ചൊല്ലിക്കൊടുത്തു.

0 comments :
Post a Comment