Sunday, December 1, 2013

കരിമ്പ് കർഷകരെ ദുരിതത്തിലാക്കിയത് സർക്കാർ നയങ്ങൾ: കിസാൻസഭ

ന്യൂഡൽഹി: രണ്ടാം യുപിഎ സർക്കാർ രംഗരാജൻസമിതി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയതാണ് കരിമ്പ്കൃഷി മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് അഖിലേന്ത്യാ കിസാൻസഭ പ്രസ്താവനയിൽ പറഞ്ഞു. പഞ്ചസാരയുടെ വിലനിയന്ത്രണം നീക്കിയതിന്റെയും 1.7 കോടി ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ പഞ്ചസാര മൊത്തവ്യാപാരികളെയും മില്ലുടമകളെയും അനുവദിച്ചതിന്റെയും ഫലമായി ആഭ്യന്തര മൊത്തവ്യാപാര വിപണിയിൽ പഞ്ചസാരയുടെ വില കിലോഗ്രാമിന് 36 രൂപയിൽനിന്ന് 26 രൂപയായി ഇടിഞ്ഞു.
കരിമ്പ് കർഷകരാണ് ഇതിന്റെ കെടുതി അനുഭവിക്കുന്നത്. കരിമ്പിന് ന്യായമായ വില ആവശ്യപ്പെട്ട് ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കരിമ്പ് കർഷകർ പ്രക്ഷോഭത്തിലാണ്. കർഷകസംഘടനകളും പഞ്ചസാരവ്യവസായികളും തുടർച്ചയായി ആവശ്യപ്പെട്ടിട്ടും പഞ്ചസാരയുടെ ഇറക്കുമതി തീരുവ നിലവിലുള്ള 15 ശതമാനത്തിൽനിന്ന് 40 ശതമാനമായി ഉയർത്താൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. എല്ലാ ഉൽപ്പന്നങ്ങളുടെയും സ്വതന്ത്രവ്യാപാരം അനുവദിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ഉദാരവൽക്കരണനയത്തിന്റെ ഭാഗമായാണ് ഈ നിലപാട്.
കാർഷികോൽപ്പന്നങ്ങളുടെ ഉൽപാദനച്ചെലവ് അനുദിനം കുതിച്ചുയരുമ്പോൾ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ വിലയിടിവ് നേരിടുന്നു. കാർഷികോൽപ്പാദക സംസ്ഥാനങ്ങളിൽ മില്ലുകൾ കർഷകർക്ക് കുടിശ്ശിക വരുത്തിയിട്ടുള്ളത് 10,500 കോടി രൂപയാണ്. ഇതിൽ ബഹുഭൂരിപക്ഷം മില്ലുകളുടെയും ഉടമകൾ കോൺഗ്രസ്-ബിജെപി നേതാക്കളാണ്.
കരിമ്പ് ടണ്ണിന് 3,600 രൂപ തറവില പ്രഖ്യാപിക്കണമെന്നും കർഷകരുടെ കുടിശ്ശിക ഉടൻ കൊടുത്തുതീർക്കണമെന്നും കിസാൻസഭ ബന്ധപ്പെട്ട സംസ്ഥാനസർക്കാരുകളോട് ആവശ്യപ്പെട്ടു. സമാനമനസ്‌കരായ എല്ലാ കർഷകസംഘടനകളുമായി ചേർന്ന് യുപിഎ സർക്കാരിന്റെ കർഷകവിരുദ്ധനയങ്ങൾക്കെതിരെ പോരാട്ടം സംഘടിപ്പിക്കാൻ എല്ലാ ഘടകങ്ങളോടും കിസാൻസഭ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

0 comments :

Post a Comment