Sunday, December 1, 2013

പാലക്കാട്ടെ ജനകീയ അടിത്തറ തെളിയിച്ച റാലി: എ കെ ബാലൻ

പാലക്കാട്: സിപിഐ എമ്മിന്റെ പാലക്കാട് ജില്ലയിലെ ജനകീയ അടിത്തറയും സംഘടനാശേഷിയും തെളിയിക്കുന്ന മഹാറാലിയാണ് സംസ്ഥാന പ്ലീനത്തിന്റെ ഭാഗമായി നടന്നതെന്ന് പ്ലീനം സംഘാടകസമിതി ചെയർമാനും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടുലക്ഷം പേരെ റാലിയിൽ അണിനിരത്താനാണ് പാർടി തീരുമാനിച്ചത്. എന്നാൽ, സംഘാടകരെ പോലും അത്ഭുതപ്പെടുത്തി മൂന്നു ലക്ഷത്തിലേറെപേർ  റാലിയിൽ പങ്കെടുത്തു. പൊതുസമ്മേളനം നടന്ന മുൻസിപ്പൽ സ്‌റ്റേഡിയത്തിന് അകത്തുണ്ടായിരുന്ന അത്രയുംപേർ  പുറത്തും ഉണ്ടായിരുന്നു.
പകൽ 2.30 മുതൽ തന്നെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജനം പാലക്കാട് നഗരത്തിലേക്ക് ഒഴുകി തുടങ്ങി. ബൂത്തടിസ്ഥാനത്തിൽ പ്രത്യേകം ബാനറിനു കീഴിൽ അണിനിരന്ന് ചെറുപ്രകടനങ്ങളായാണ് ജനങ്ങൾ റാലിയിൽ പങ്കെടുക്കാനെത്തിയത്. 1750 ചെറു പ്രകടനങ്ങൾ നഗരത്തെ ചെങ്കടലാക്കി.
ജില്ലയിലെ 31,000 പാർടി അംഗങ്ങൾ ഒരു മനസ്സോടെ കഠിനധ്വാനം ചെയ്തതിന്റെ ഫലമായാണ് പ്ലീനം ചരിത്രവിജയമായത്. കമ്മ്യൂണിസ്റ്റ് മൂല്യം മുറുകെ പിടിച്ച് മുന്നോട്ടുപോകുമെന്ന പ്ലീനത്തിന്റെ പ്രഖ്യാപനം ജനം നെഞ്ചേറ്റുകയായിരുന്നു. എന്നാൽ, പ്ലീനത്തിന്റെ മാറ്റ് കുറയ്ക്കുന്നതിനായി മാധ്യമങ്ങൾ ദേശാഭിമാനിയിൽ വന്ന ഒരു പരസ്യത്തെ മുൻനിർത്തി വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. പത്രത്തിലെ പരസ്യവുമായി  പ്ലീനം സംഘാടകസമിതിക്ക് ബന്ധമില്ല. ഇക്കാര്യത്തിൽ ദേശാഭിമാനിയുടെ വിശദീകരണം ജനറൽ മാനേജർ ഇ പി ജയരാജൻ നൽകിയിട്ടുണ്ട്. പ്ലീനത്തിന്റെ വിജയത്തെ കുറിച്ച് ചർച്ചചെയ്യാതെ വിവാദങ്ങൾ ഉയർത്തികൊണ്ടുവരുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറിയും പ്ലീനം സംഘാടകസമിതി കൺവീനറുമായ സി കെ രാജേന്ദ്രനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

0 comments :

Post a Comment