Sunday, December 1, 2013

ഇടുക്കി പാക്കേജിൽ 250 കോടി പാഴായി

കെ ടി രാജീവ്
ഇടുക്കി: അനുവദിച്ചതിന്റെ 64 ശതമാനം തുകയും ചെലവഴിക്കാതെ ഇടുക്കി പാക്കേജിന്റെ കാലാവധി അവസാനിച്ചു. മലയോര ജില്ലയുടെ സമഗ്ര വികസനത്തിനായി അനുവദിച്ച 390.79 കോടി രൂപയിൽ 250 കോടിയും പാഴാക്കി. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് 140 കോടി രൂപ മാത്രമാണ് ചെലവിട്ടത്.
കാലാവധിയായ നവംബർ 30നുള്ളിൽ തുകയെല്ലാം ചെലവഴിക്കുമെന്ന പി ടി തോമസ് എംപിയുടെ പ്രഖ്യാപനവും ഇതോടെ പാഴ്‌വാക്കായി. അനുവദിച്ച തുകയുടെ 64 ശതമാനം പോലും ചെലവഴിക്കാത്ത സാഹചര്യത്തിൽ കേന്ദ്രബജറ്റിൽ പാക്കേജിനായി വകയിരുത്തിയ തുകയും കർഷകർക്ക് പ്രയോജനപ്പെടില്ല.
കടക്കെണിയും വിലത്തകർച്ചയും വിളനാശവുംമൂലം ഇടുക്കിയിൽ കൂട്ടആത്മഹത്യ ചെയ്തിരുന്ന സാഹചര്യത്തിൽ എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് കാർഷിക- തോട്ടം മേഖലയിലെ ജനവിഭാഗങ്ങളെ സഹായിക്കാൻ 2008 നവംബറിൽ പാക്കേജ് രൂപപ്പെട്ടത്.
ഡോ. എം എസ് സ്വാമിനാഥന്റെ നിർദേശ പ്രകാരമുള്ള പാക്കേജ് അടങ്കൽ 765 കോടിയായിരുന്നു. എന്നാൽ 585 കോടിയുടെ പദ്ധതിയേ സമർപ്പിക്കാനായുള്ളു. അതിൽതന്നെ അനുവദിച്ച 390.79 കോടിയിൽ 140 കോടിയാണ് ഇതുവരെ ചെലവഴിച്ചത്. അനുവദിച്ച തുകയുടെ ഏറിയപങ്കും ചെലവഴിച്ചത് എൽഡിഎഫ് അധികാരത്തിലിരുന്നപ്പോഴാണ്. യുഡിഎഫ് അധികാരത്തിൽ വന്ന് മൂന്നു വർഷമാകാറായിട്ടും തുകയൊന്നും ചെലവഴിക്കാത്തത് വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ആദ്യം സമർപ്പിച്ച പദ്ധതികളല്ലാതെ മറ്റൊന്നും നൽകാനാവാത്തത് ഈ സർക്കാരിന്റെ വീഴ്ചയായി.
പാക്കേജ് നടപ്പാക്കാൻ കലക്ടറേറ്റിൽ പ്രത്യേക ഓഫീസും  ഉദ്യോഗസ്ഥനെയും നിയമിച്ചിരുന്നെങ്കിലും ഇപ്പോൾ ആരുമില്ല. മണ്ണ് സംരക്ഷണത്തിന് 80 കോടിയുടെ പദ്ധതിയാണ് നൽകിയത്. ഒരു തുകപോലും അനുവദിച്ചില്ല. കാർഷിക വിളകൾക്കായുള്ള ഗ്രാമീണ വിപണനകേന്ദ്രത്തിന് 2.59 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചെങ്കിലും അനുവദിച്ചത് ആറ് ലക്ഷം മാത്രം. 
പ്രഖ്യാപിക്കപ്പെട്ട പാക്കേജിന് നിബന്ധനകൾ പ്രകാരം പദ്ധതികൾ ഫലപ്രദമായി സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കോ മേൽനോട്ടം വഹിക്കാൻ സർക്കാരിനോ കഴിഞ്ഞില്ല. ഇടുക്കി എംപിക്കും സർക്കാരിനും പുറമെ കൃഷി, മൈനർ ഇറിഗേഷൻ, മൃഗസംരക്ഷണം, സ്‌പൈസസ് ബോർഡ്, ടീ ബോർഡ്, മണ്ണു സംരക്ഷണം തുടങ്ങിയ വകുപ്പുകൾ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്.

0 comments :

Post a Comment