Saturday, November 30, 2013

പൊലീസ് അതിക്രമങ്ങളെ ചെറുത്ത് ഇവർ

എൻ എസ് സജിത്
പാലക്കാട്: സിപിഐ എമ്മിനെതിരെയുള്ള പൊലീസ് അടിച്ചമർത്തലുകളുടെ തീവ്രത സംസ്ഥാന പ്ലീനത്തിലെ ക്രഡൻഷ്യൽ റിപ്പോർടിൽ വായിച്ചെടുക്കാം. പ്ലീനത്തിൽ പങ്കെടുത്ത 396 പ്രതിനിധികളിൽ കേസിൽപ്പെടാത്തവർ 31 പേർ മാത്രം. യുഡിഎഫ് ഭരണത്തിൽ സിപിഐ എം നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നതിന്റെ ഏറ്റവും പ്രധാന തെളിവാകുകയാണ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ക്രെഡൻഷ്യൽ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്.
ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയെന്ന സവിശേഷതയുള്ള എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷിനെതിരെ തന്നെയാണ് നിലവിൽ ഏറ്റവും കൂടുതൽ കേസ്, വിദ്യാർഥി സമരങ്ങളെ രക്തപങ്കിലമാക്കാനുള്ള പൊലീസിന്റെ തീരുമാനത്തിന്റെ പ്രതിഫലനമെന്നപോലെ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളിക്കെതിരെ 50 കേസും തൃശൂരിലെ പി കെ ഷാജനെതിരെ 42 കേസും നിലവിലുണ്ട്. എക്കാലവും പൊലീസിന്റെയും ഗുണ്ടകളുടെയും മർദനത്തെ അതിജീവിച്ചാണ് കമ്യൂണിസ്റ്റ് പാർടി ജനപിന്തുണ ആർജിച്ചതെന്നും റിപ്പോർട് വ്യക്തമാക്കുന്നു. രാഷ്ട്രീയ പ്രവർത്തനത്തിനിടെ പൊലീസ്-ഗുണ്ടാ മർദനമേറ്റ അനുഭവവുമായി 253 പേർ പ്ലീനത്തിൽ പങ്കെടുത്തു.
പ്രതിനിധികളിൽ 255 പേരും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി കൽത്തുറുങ്കിൽ കിടന്നവർ. ഏറ്റവും കൂടുതൽ കാലം ജയിൽ ശിക്ഷ അനുഭവിച്ചത് എം എം ലോറൻസ്, അഞ്ചു വർഷവും പത്തു മാസവും. തൊട്ടുപിന്നിൽ വി എസ് അച്യുതാനന്ദൻ, അഞ്ച് വർഷവും ആറു മാസവും. അഞ്ചുവർഷവും രണ്ടു മാസവും ജയിലിൽ കിടന്ന കൊല്ലത്തെ ജോസുകുട്ടിയാണ് മൂന്നാമത്. മുതിർന്ന നേതാക്കളിൽ ഭൂരിഭാഗവും ഒളിവുജീവിതം നയിച്ചവരാണ്. മൊത്തം 97 പ്രതിനിധികൾ ഒളവിൽ കഴിഞ്ഞിട്ടുണ്ട്. ഇവരിൽ ഏറ്റവും മുമ്പൻ പി കെ ചന്ദ്രാനന്ദൻ. 89കാരനായ പി കെ സി പന്ത്രണ്ടര വർഷമാണ് ഒളിവിൽ കഴിഞ്ഞത്. പ്രതിനിധികളുടെ പ്രായത്തിന്റെ കാര്യത്തിൽ തൊണ്ണൂറുകാരനായ വി എസ്സിന് പിന്നിൽ രണ്ടാമനാണ് അദ്ദേഹം. വി എസ് മൂന്നര വർഷം ഒളിവിൽ കഴിഞ്ഞിട്ടുണ്ട്.
സ്വാതന്ത്ര്യപൂർവകാലത്ത് പാർടിയിൽ അംഗമായ മൂന്നുപേർ പ്ലീനത്തിൽ പങ്കെടുത്തു. 1947ൽ അംഗത്വം നേടിയ വി എസ്സും 1941ൽ അംഗമായ പി കെ സിയും 1946ൽ അംഗമായ എം എം ലോറൻസും.  1947-63 കാലത്ത് അംഗത്വം നേടിയ 28 പേർ പ്രതിനിധികളിലുണ്ട്. 1977-2002 കാലത്ത് പാർടി അംഗങ്ങളായവരാണ് പ്രതിനിധികളിൽ കൂടുതൽ, 195 പേർ. 1964-76 കാലത്ത് ചേർന്നവർ 156 പേരും
തൊഴിലാളിവർഗത്തിൽ ജനിച്ച 115 പേരും കർഷകത്തൊഴിലാളിവിഭാഗത്തിൽപ്പെട്ട 39 പേരും ദരിദ്രകൃഷിക്കാരിൽപ്പെട്ട    77 പേരും ഇടത്തരം കൃഷിക്കാരിൽപ്പെട്ട 97പേരും ധനികകൃഷിക്കാരിൽപ്പെട്ട    അഞ്ചുപേരും ഇടത്തരം വിഭാഗത്തിൽപ്പെട്ട 60 പേരും ഭൂപ്രഭുവിഭാഗത്തിൽപ്പെട്ട രണ്ടുപേരും ബൂർഷ്വാവിഭാഗത്തിൽപ്പെട്ട ഒരാളും പ്രതിനിധികളിൽ ഉൾപ്പെടുന്നു. പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള 21 പേരുള്ളപ്പോൾ 116 ബിരുദധാരികളും 52 ബിരുദാനന്തരബിരുദധാരികളുമാണ് പ്രതിനിധികളിലുള്ളത്.

0 comments :

Post a Comment