ജയകൃഷ്ണൻ നരിക്കുട്ടി
പാലക്കാട്: വിപ്ലവബഹുജന പ്രസ്ഥാനത്തിന് പുത്തൻ കരുത്തുപകർന്ന് സിപിഐ എം സംസ്ഥാന പ്ലീനത്തിന് ചെങ്കൊടി ഉയർന്നു. രണധീരരുടെ പ്രോജ്വല സ്മരണകൾ ഇരമ്പുന്ന നെല്ലറയുടെ നാട്ടിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ ടി ശിവദാസമേനോൻ പതാക ഉയർത്തിയതോടെ പാർടിയുടെ സവിശേഷ സമ്മേളനത്തിന് തുടക്കമായി. പൊതുസമ്മേളനവേദിയായ എ കെ ജി നഗറിൽ (മുനിസിപ്പൽ സ്‌റ്റേഡിയം) പതാക ഉയരവെ പാലക്കാടിന്റെ ചുവന്ന ആകാശത്തിലേക്ക് ആവേശഭരിതരായി ആയിരങ്ങൾ മുഷ്ടി ഉയർത്തി. ബുധനാഴ്ച രാവിലെ 10ന് ഇ എം എസ് നഗറിൽ (ടൗൺഹാൾ) സിപിഐ എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പ്ലീനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സംഘടനാരേഖ അവതരിപ്പിക്കും. പി ബി അംഗങ്ങളായ സീതറാം യെച്ചൂരി, എസ് രാമചന്ദ്രൻപിള്ള, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിവർ പങ്കെടുക്കും.
രക്തസാക്ഷികുടീരങ്ങളിൽനിന്ന് പ്രയാണം ആരംഭിച്ച കൊടിമരം, പതാക, ദീപശിഖാജാഥകൾ വഴിനീളെ സ്വീകരണമേറ്റുവാങ്ങിയാണ് വൈകിട്ട് നാലിന് എ കെ ജി നഗറിലെത്തിയത്. മാങ്കുറുശിയിലെ ജയകൃഷ്ണൻ, ചന്ദ്രൻ എന്നിവരുടെ ചോരവീണ മണ്ണിൽനിന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ ചിന്നക്കുട്ടന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന കൊടിമരം സംസ്ഥാന കമ്മിറ്റി അംഗം സി ടി കൃഷ്ണൻ ഏറ്റുവാങ്ങി. വിളയൂരിലെ സെയ്താലിയുടെ രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ സുധാകരന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന പതാക എം ചന്ദ്രൻ എംഎൽഎ ഏറ്റുവാങ്ങി. അട്ടപ്പള്ളത്ത് ചന്ദ്രൻ, നാരായണൻ എന്നിവരുടെ രക്തസാക്ഷികുടീരത്തിൽനിന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലൻ എംഎൽഎ കൊളുത്തിയ ദീപശിഖ ജില്ലാ സെക്രട്ടറിയറ്റ് അംഗം എ പ്രഭാകരനിൽനിന്ന് സംസ്ഥാനകമ്മിറ്റി അംഗം പി ഉണ്ണി ഏറ്റുവാങ്ങി. മൂന്നു ജാഥകളും സംഗമിച്ചതോടെയാണ് എ കെ ജി നഗറിൽ പതാക ഉയർത്തിയത്. ജനറൽ കൺവീനർ സി കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.
ആറ് പിബി അംഗങ്ങളും 87 സംസ്ഥാനകമ്മിറ്റി അംഗങ്ങളും ഏരിയ സെക്രട്ടറിമാരും ഉൾപ്പെടെ 408 പേരാണ് പ്ലീനത്തിൽ പങ്കെടുക്കുന്നത്. 29ന് വൈകിട്ട് സമാപന സമ്മേളനത്തോടനുബന്ധിച്ച് എ കെ ജി നഗറിൽ (സ്‌റ്റേഡിയം ഗ്രൗണ്ട്) രണ്ടുലക്ഷംപേരുടെ റാലി നടക്കും.

0 comments :
Post a Comment