![]() |
| എൽഡിഎഫ് അനിശ്ചിതകാല സമരത്തിന്റെ 149-ാം ദിനമായ ചൊവ്വാഴ്ച സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു |
ദിവസവും ഇരുനൂറോളം പേർ നാടിന്റെ വികസനമുദ്രാവാക്യവുമായി രാവിലെ മുതൽ വൈകുവോളം ഗാന്ധിയൻ സമരമാർഗം പിന്തുടർന്നാണ് സത്യഗ്രഹമിരിക്കുന്നത്. രാജ്യത്തിനുവേണ്ടി ജീവത്യാഗംചെയ്ത അനശ്വര രക്തസാക്ഷികളുടെ ഓർമ ഇരമ്പുന്ന പാളയത്ത് ഇതിനകം അരലക്ഷത്തിലേറെ പേർ സമാധാനപരമായ സത്യഗ്രഹത്തിൽ അണിനിരന്നിട്ടും സമരത്തെ പുച്ഛിക്കുകയാണ് സർക്കാർ. സമരം അക്രമമാർഗത്തിലേക്ക് തിരിയാത്തതിനാൽ 'സമാധാനകാംക്ഷികളായ' ചില മാധ്യമങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു.
സമരാവശ്യങ്ങൾ ചർച്ചചെയ്യുകയോ വികസനം കൊണ്ടുവരുകയോ ചെയ്യാത്ത സർക്കാർ, രക്തസാക്ഷിമണ്ഡപത്തിൽ സമാധാനപരമായി സഹനസമരം തുടരുന്നതിന്റെ പേരിൽ എൽഡിഎഫ് നേതാക്കളോട് തറവാടക ചോദിക്കുമെന്ന തരംതാണ പ്രചാരവേലവരെ ചില ഘട്ടങ്ങളിൽ നടത്തിനോക്കി. എന്നാൽ, നാടിന്റെ വികസനം കൊതിക്കുന്ന ജനങ്ങളുടെ മുഴുവൻ പിന്തുണയും ആർജിച്ച സമരത്തിന് ഓരോ ഘട്ടത്തിലും ആവേശവും പിന്തുണയും പതിൻമടങ്ങ് വർധിക്കുകയായിരുന്നു. സമരം മൂന്ന് മാസം പിന്നിട്ടപ്പോൾ ചക്രസ്തംഭന സമരത്തിലൂടെ പ്രതീകാത്മകമായി ഗതാഗതം സ്തംഭിപ്പിച്ചാണ് ജില്ലയാകെ അനിശ്ചിതകാല സത്യഗ്രഹത്തിന് പൂർണ പിന്തുണ അറിയിച്ചത്.
അനിശ്ചിതകാലസമരം 150 ദിവസം തികയുന്ന ബുധനാഴ്ച എൽഡിഎഫ് പ്രവർത്തകർ ജില്ലയിലെ 151 കേന്ദ്രങ്ങളിൽ മനുഷ്യച്ചങ്ങല തീർക്കും. തിരുവനന്തപുരം നഗരത്തിലെ പ്രവർത്തകർ സമരകേന്ദ്രമായ രക്തസാക്ഷിമണ്ഡപം മുതൽ ആരംഭിച്ച് സെക്രട്ടറിയറ്റ് വളഞ്ഞ് മനുഷ്യച്ചങ്ങല തീർക്കും
പകൽ 11നാണ് പ്രവർത്തകർ മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ ചൊല്ലുന്നത്. തുടർന്ന് സെക്രട്ടറിയറ്റിന്റെ പ്രധാന കവാടത്തിൽ പൊതുയോഗം മേയർ കെ ചന്ദ്രിക ഉദ്ഘാടനംചെയ്യും. എൽഡിഎഫ് നേതാക്കളും എംപിമാരും എംഎൽഎമാരും പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ജില്ലയിലെ മറ്റ് 150 ലോക്കൽ കേന്ദ്രങ്ങളിൽ മനുഷ്യച്ചങ്ങല തീർക്കുകയും പ്രതിജ്ഞയ്ക്ക് ശേഷം പൊതുയോഗം ചേരുകയും ചെയ്യും.
ചരിത്രത്തിൽ ഇടം പിടിച്ച സഹനസത്യഗ്രഹത്തിന് പിന്തുണ നൽകിയ മുഴുവൻ ജനവിഭാഗങ്ങളെയും സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും എൽഡിഎഫ് ജില്ലാ കൺവീനർ വി ഗംഗാധരൻനാടാരും അഭിവാദ്യംചെയ്തു. സമാധാനപരമായതുകൊണ്ടുമാത്രം സമരാവശ്യങ്ങളോടുള്ള അവഗണന തുടർന്നാൽ സമരാവേശം ആളിക്കത്തുമെന്നും നേതാക്കൾ പറഞ്ഞു. സമരത്തിന്റെ 150-ാം ദിവസമായ ബുധനാഴ്ച സിപിഐ എം ജില്ലാ കമ്മിറ്റിഅംഗം ഇ ജി മോഹനൻ ഉദ്ഘാടനംചെയ്യും. ആറ്റിങ്ങൽ വെസ്റ്റ് ലോക്കലിലെ പ്രവർത്തകരാണ് സമരത്തിൽ പങ്കെടുക്കുക. രാവിലെ 9മുതൽ വൈകിട്ട് 7വരെയാണ് സമരം.
സമരത്തിന്റെ 149-ാം ദിനമായ ചൊവ്വാഴ്ച സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനംചെയ്തു. കെ രാജേന്ദ്രൻ അധ്യക്ഷനായി. ഇ ഷാജഹാൻ സ്വാഗതം പറഞ്ഞു. വി ഗംഗാധരൻനാടാർ, ബി പി മുരളി, അഡ്വ. മടവൂർ അനിൽ, എ ഗണേശൻ, പോൾ എന്നിവർ സംസാരിച്ചു.

0 comments :
Post a Comment