Sunday, December 1, 2013

ദേശാഭിമാനിയുടെ വളർച്ചയിൽ പി ജിയുടെ പങ്ക് നിസ്തുലം

പെരുമ്പാവൂർ: ദേശാഭിമാനി പത്രത്തിന്റെ വളർച്ചയിൽ പി ഗോവിന്ദപിള്ളയുടെ പങ്ക് നിസ്തുലമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. പെരുമ്പാവൂരിൽ പി ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുമെതിരെ ഉയരുന്ന വെല്ലുവിളികൾ നേരിടാൻ എക്കാലവും സന്നദ്ധനായി അദ്ദേഹം രംഗത്തിറങ്ങിയിട്ടുണ്ട്. ദേശാഭിമാനിയുടെ പത്രാധിപരായിരുന്ന പി ജി പത്രപ്രവർത്തനരംഗത്തെ കുലപതിയും മാർക്‌സിസ്റ്റ് സൈദ്ധാന്തികനുമായിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പാലക്കാട്ട് പാർടിപ്ലീനം നടന്നത് സമൂഹത്തിനാകെ പുതിയൊരു സന്ദേശമാണ് പകർന്നുനൽകിയത്. പുതിയ ജനവിഭാഗങ്ങളെ പാർടിയിലേക്ക് ആകർഷിക്കാൻ പ്ലീനത്തിനാകും. ആഗോള ധനമൂലധനത്തിന്റെ ഒഴുക്കിൽ സമൂഹത്തിൽ പല ജീർണതകളും സംഭവിക്കും. ഈ ജീർണതയിൽനിന്നു പാർടിയെയും പ്രവർത്തകരെയും മോചിപ്പിക്കുന്നതിനുള്ള സംഘടനാ ശുദ്ധീകരണ പരിപാടിയായിരുന്നു പ്ലീനമെന്നും പിണറായി പറഞ്ഞു.
സസ്യമാർക്കറ്റ് ജങ്ഷനിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി ശശീന്ദ്രൻ അധ്യക്ഷനായി. ലാവ്‌ലിൻ കേസിൽ കുറ്റവിമുക്തനായശേഷം ആദ്യമായി ജില്ലയിലെത്തിയ പിണറായിക്ക് ഉജ്വല വരവേൽപ്പും സംഘാടകസമിതി നൽകി. പി ആർ ശിവൻ സാംസ്‌കാരികപഠനകേന്ദ്രം തയ്യാറാക്കിയ സാംസ്‌കാരിക പതിപ്പ് പിണറായി പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം പെരുമ്പാവൂർ മേഖലാകമ്മിറ്റി അംഗം ജോസഫ് ഓടയ്ക്കാലി രചിച്ച 'റോസന്ന' എന്ന നോവലിന്റെ പ്രകാശനം സിപിഐ എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി നിർവഹിച്ചു. സാജുപോൾ എംഎൽഎ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എൻ സി മോഹനൻ സ്വാഗതം പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗം സി എൻ മോഹനൻ, ജില്ലാകമ്മിറ്റി അംഗം പി കെ സോമൻ തുടങ്ങിയവർ പങ്കെടുത്തു.

0 comments :

Post a Comment