![]() |
| സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് എറണാകുളം ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ ജില്ലാ സെക്രട്ടറി സി എം ദിനേശ്മണിയും പി രാജീവ് എംപിയും ചേർന്ന് ഉപഹാരം സമ്മാനിക്കുന്നു |
ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള 1996ലെ മന്ത്രിസഭയിൽ താനും അംഗമായിരുന്നു. വൈദ്യുതിയും സഹകരണവുമാണ് തന്നെ ഏൽപ്പിച്ച വകുപ്പുകൾ. അന്ന് പകൽ മൂന്നരമണിക്കൂറും രാത്രി ഒരുമണിക്കൂറുമായിരുന്നു ലോഡ് ഷെഡ്ഡിങ്. വ്യവസായങ്ങൾക്ക് 95 ശതമാനം പവർക്കട്ടായിരുന്നു. സംസ്ഥാനത്തിന് അത്യാവശ്യത്തിനുപോലും വൈദ്യുതിയില്ലാത്ത അവസ്ഥയായിരുന്നു. ഇതിനു മാറ്റംവരുത്തണമെന്ന ദൃഢനിശ്ചയത്തോടെ നാടാകെ വൈദ്യുതി വേണമെന്ന് സർക്കാർ ആഗ്രഹിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അതുവരെ ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞ അത്രത്തോളം വൈദ്യുതി അന്നത്തെ സർക്കാരിന് ഉൽപ്പാദിപ്പിക്കാനായി.
അന്നത്തെ സർക്കാരിൽ കുറച്ചുകാലം മാത്രമാണ് താൻ ഉണ്ടായത്. ചടയൻ ഗോവിന്ദന്റെ വേർപാടിനുശേഷം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കാൻ പാർടി തന്നോട് ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം രാജിവച്ച് സെക്രട്ടറിസ്ഥാനം ഏറ്റെടുത്തു. സിപിഐ എമ്മിനെ എതിർക്കുന്ന ചില മാധ്യമങ്ങൾ ആ ഘട്ടത്തിൽ തന്നെക്കുറിച്ചു പറഞ്ഞ നല്ല വാചകങ്ങളും പ്രശംസകളും ഓർക്കുന്നു. എന്നാൽ ചുമതല ഏറ്റെടുത്തതോടെ ചിത്രം മാറി. പാർടിയെ നിരന്തരമായി എതിർക്കുന്നതിന്റെ ഭാഗമായാണ് ലാവ്‌ലിൻ കേസ് വന്നത്. തന്നെയല്ല, പാർടിയെയാണ് ഇങ്ങനെ ആക്രമിച്ചത്. തന്നെ ആക്രമിച്ചതിൽ വിഷമം ഉണ്ടായില്ല. മടിയിൽ കനമുള്ളവനേ വഴിയിൽ ഭയമുണ്ടാവേണ്ടതുള്ളൂ. പാർടി തന്നെ അവിശ്വസിച്ചാൽ വിഷമം ഉണ്ടാകുമായിരുന്നു. എന്നാൽ പാർടി ഒറ്റസ്വരത്തിൽ ഇത് കെട്ടിച്ചമച്ച കേസാണെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പറഞ്ഞു. ഇതു പറഞ്ഞപ്പോൾ പലരും വിഷമിച്ചു.
നേരിടാൻ തയ്യാറായപ്പോൾ കേസ് അനുവദിക്കാത്ത സ്ഥിതി വന്നു. ഓരോ തവണയും നീട്ടിവച്ചു. രണ്ടു പേർ ഹാജരായില്ല. അവരെ ഹാജരാക്കാനുള്ള നീക്കം ഉണ്ടായില്ല. കോടതിയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായി. ഹൈക്കോടതിയിൽ കേസ് വിഭജിച്ചു നടത്താൻ തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് വിടുതൽ ഹർജി കൊടുക്കുന്നത്. വാദം മുറുകിവന്നപ്പോൾ നേരത്തെ കണ്ടതിനെക്കാളും കൂടുതൽ അനുകൂലമാണെന്ന തോന്നൽ അഭിഭാഷകനായ എം കെ ദാമോദരനും സംഘത്തിനും ഉണ്ടായി. പിന്നീടാണ് കേസ് തള്ളുന്നു എന്ന നിലപാട് സിബിഐ കോടതി തീരുമാനിച്ചത്. ഇതേത്തുടർന്നാണ്, പാർടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങിയത്. ഇതിന് താൻ ഒരു നിമിത്തമായി എന്നേ കരുതുന്നുള്ളൂവെന്നും പിണറായി വിജയൻ പറഞ്ഞു.

0 comments :
Post a Comment