Sunday, December 1, 2013

സഹകരണ ജീവനക്കാരുടെ ശമ്പളത്തിന് നിയന്ത്രണം

മഞ്ജു കുട്ടികൃഷ്ണൻ
കൊച്ചി: സഹകരണവകുപ്പു ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്. സഹകരണസംഘം രജിസ്ട്രാറുടെ ചുമതലവഹിക്കുന്ന അഡീഷണൽ രജിസ്ട്രാർ(ക്രെഡിറ്റ്) കെ വി സുരേഷ്ബാബു ഇറക്കിയ ഉത്തരവ് 65,000 ജീവനക്കാർക്ക് തിരിച്ചടിയാകും. സഹകരണസംഘങ്ങൾ വായ്പ, പലിശ, നിക്ഷേപം എന്നിവയുടെ തുക ജീവനക്കാർക്ക് ശമ്പളം നൽകാൻ വിനിയോഗിക്കുന്നത് വിലക്കി നവംബർ 21നാണ് സർക്കുലർ നമ്പർ 73-2013 ആയി ഉത്തരവ് ഇറക്കിയത്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനുള്ള മറ്റ് നിർദേശങ്ങളോ, സഹകരണവകുപ്പു ചട്ടങ്ങളനുസരിച്ച് സംഘങ്ങൾക്കുള്ള ഇളവുകളോ ഉത്തരവിൽ പറയുന്നുമില്ല.
സംസ്ഥാനത്തെ 1600 പ്രാഥമിക സഹകരണസംഘങ്ങളിലും 1000 തൊഴിലാളി വായ്പാസംഘങ്ങളിലും ലൈസൻസുള്ള 61 അർബൻ ബാങ്കുകളിലും താലൂക്ക് അടിസ്ഥാനത്തിലുള്ള 63 കാർഷിക ഗ്രാമവികസന ബാങ്കുകളിലുമുള്ള ജീവനക്കാരെ ഉത്തരവ് ദോഷകരമായി ബാധിക്കും. സഹകരണവകുപ്പിലെ ശമ്പളപരിഷ്‌കരണ ഉത്തരവിൽ പറയുന്നത് നിബന്ധനകളനുസരിച്ച് ഏതെങ്കിലും സഹകരണസ്ഥാപനത്തിന് ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ധനസ്ഥിതിയില്ലെങ്കിൽ ആ സംഘത്തിന് താൽക്കാലികമായി ഇളവ് അനുവദിക്കാമെന്നാണ്. പുതിയ ഉത്തരവനുസരിച്ച് ഇക്കാര്യത്തിൽ ഇളവില്ലെന്നു മാത്രമല്ല സർക്കാരുണ്ടാക്കുന്ന നഷ്ടത്തിന്റെ ബാധ്യതയും സംഘങ്ങൾക്കാണ്. പലിശയിനത്തിലെ തുകയിൽ സംഘത്തിനുള്ള മാർജിനു അധികമായ തുക ശമ്പളത്തിന് വിനിയോഗിച്ചാൽ സഹകരണനിയമത്തിലെ 68-ാം വകുപ്പനുസരിച്ച് സംഘം ഭരണസമിതിക്കെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കുന്നു. വീഴ്ചവരുത്തുന്ന സംഘത്തിൽ നിക്ഷേപം തടഞ്ഞ് ഉത്തരവിറക്കാൻ ജോയിന്റ് രജിസ്ട്രാർക്ക് അനുവാദം നൽകിയിട്ടുമുണ്ട്.
സഹകരണമേഖലയിലെ സർക്കാർ പ്രഖ്യാപനങ്ങളുടെ ഫലങ്ങൾ നേരിട്ട് അനുഭവിക്കേണ്ടിവരുന്നത് സംഘങ്ങൾക്കാണ്. സഹകരണസംഘങ്ങൾ നിക്ഷേപത്തിന് 10.5 ശതമാനം പലിശ നൽകുമ്പോൾ വായ്പയ്ക്ക് 13.5 ശതമാനം പലിശയാണ് ഈടാക്കുന്നത്. എന്നാൽ, കരുതൽ ധനം കഴിച്ചുള്ള തുകയ്‌ക്കേ പലിശ നൽകാനാവൂ. സംഘങ്ങൾക്ക് പലിശയിനത്തിൽ 1-1.5 ശതമാനം മാത്രമാണ് മാർജിൻ ലഭിക്കുന്നത്. പല സംഘങ്ങൾക്കും ഇത്ര കുറഞ്ഞ മാർജിനിൽ പിടിച്ചു നിൽക്കാനാകുന്നില്ല.
സർക്കാർ നൽകുന്ന ഇളവുകൾ കഴിച്ച് വായ്പ തിരിച്ചടച്ചാലും പലിശയിനത്തിൽ ഒരു രൂപപോലും സംഘങ്ങൾക്ക് നൽകാറില്ല. ഇതിനുപുറമെ സഹകരണവകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിലെത്തുന്ന ഉദ്യോഗസ്ഥരുടെ ചെലവുകളും സംഘങ്ങൾ വഹിക്കണം. സഹകരണമേഖലയുടെ നട്ടെല്ലൊടിക്കുന്ന ഇത്തരം നയങ്ങളുമായി മുന്നോട്ടുപോകാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ പറഞ്ഞു.

0 comments :

Post a Comment