Friday, November 29, 2013

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 2004 ആവർത്തിക്കും: കോടിയേരി

ഇ എം എസ് നഗർ (പാലക്കാട് ടൗൺഹാൾ): അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 2004 ആവർത്തിക്കുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്തുകയെന്ന പ്ലീനം പ്രമേയം ഏതെങ്കിലും കക്ഷിയെ ലക്ഷ്യംവച്ചുള്ളതല്ലെന്നും പ്ലീനം നടപടികൾ വിശദീകരിച്ച വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയായി കോടിയേരി പറഞ്ഞു. ജനവിരുദ്ധ നയങ്ങളും അഴിമതിയും നടത്തി യുഡിഎഫ് സർക്കാറിന് തുടരാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. അടിത്തറ വിപുലപ്പെടുത്തുകയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിപുലമായ മത നിരപേക്ഷ ജനാധിപത്യ പ്രസ്ഥാനം ശക്തിപ്പെടുത്തി ഭാവി രാഷ്ട്രീയത്തെ കരുപ്പിടിപ്പിക്കുകയെന്നതാണ്.
വിപുലീകരണം എന്നതുകൊണ്ട് അപ്പുറത്തെ പാർടിയെ ഇപ്പുറത്ത് കൊണ്ടുവന്ന് യുഡിഎഫിനെ അട്ടിമറിക്കുകയെന്നതല്ല. അങ്ങനെയാരുടേയും പേര് പ്രമേയത്തിൽ പരാമർശിക്കുന്നുമില്ല. കക്ഷികൾ വരാതെ അടിത്തറ ശക്തിപ്പെടുത്താൻ കഴിയുമെന്നതിന്റെ തെളിവാണ് 1987ലെ നിയമസഭാ തെരഞ്ഞെടുപ്പും 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും. കക്ഷികൾ മാത്രമല്ല, വ്യക്തികളും ജനവിഭാഗങ്ങളുമുണ്ട്. കേരളത്തിലെ ജനങ്ങളിൽ 10 ശതമാനം ഇരുമുന്നണിയിലും പെടാത്തവരാണ്. ആ ജനവിഭാഗത്തെ ആകർഷിക്കാനാണ് പാർടി ലക്ഷ്യമിടുന്നത്.
 മതനിരപേക്ഷ വർഗീയവിരുദ്ധ നിലപാടെടുക്കുന്നവരെ മാത്രമേ സ്വീകരിക്കൂ. മാണി കേരള കോൺഗ്രസിന്റെ മൂന്ന് വിഭാഗങ്ങളും ഓരോ ഘട്ടത്തിൽ എൽഡിഎഫിന്റെ ഒപ്പം നിന്നവരാണെന്ന് ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. അവർ എൽഡിഎഫുമായി ബന്ധപ്പെടുന്നതിൽ പ്രശ്‌നമുണ്ടെന്ന് പറഞ്ഞിട്ടില്ല. എന്നാൽ മാണി യുഡിഎഫ് വിടുമെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അതിന് മുമ്പ് പ്രതികരിക്കേണ്ട കാര്യമില്ല. മാണി മുമ്പ് മുന്നണിയെ വഞ്ചിച്ചില്ലേ എന്ന ചോദ്യത്തിന്, ഒരു സീറ്റ് കിട്ടാത്തതിന് മുന്നണിയെ വഞ്ചിച്ച എം പി വീരേന്ദ്രകുമാറിനെ പോലെ മറ്റാരെങ്കിലും കാണുമോ എന്ന് കോടിയേരി തിരിച്ചു ചോദിച്ചു. വ്യക്തിയെ നോക്കിയല്ല, നിലപാടുകളെ നോക്കിയാണ് യോജിപ്പുണ്ടാകുന്നത്.
 പ്ലീനത്തോടനുബന്ധിച്ച സെമിനാറിൽ മാണിയെ ക്ഷണിച്ചത് ധനമന്ത്രിയെന്ന നിലയിലാണ്. അതിന് വേറെ വ്യാഖ്യാനം കാണേണ്ട. മുസ്ലിംലീഗുമായുള്ള സമീപനം നേരത്തെ തീരുമാനിച്ചതാണ്. അതിൽ ഇപ്പോൾ ഒരു മാറ്റവുമില്ല.
 പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് അദ്ദേഹം വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

0 comments :

Post a Comment