Friday, November 29, 2013

'വിശ്വാസവിവാദം' ഭാവനാസൃഷ്ടി

ആർ എസ് ബാബു
പാലക്കാട്: വിശ്വാസികളുമായുള്ള യുദ്ധപ്രഖ്യാപനമല്ല സിപിഐ എം സംസ്ഥാന പ്ലീനം. അങ്ങനെയാണെന്നു വരുത്തിത്തീർക്കാനുള്ള പാഴ്‌വേലയിലാണ് ഒരുകൂട്ടം അച്ചടി-ദൃശ്യമാധ്യമങ്ങൾ. പാർടി അംഗങ്ങൾ ആരാധനാലയങ്ങളുടെ ഭാരവാഹികളാകുന്നതും സമുദായ-ജാതിസംഘടനകളിൽ പ്രവർത്തിക്കുന്നതും അവസാനിപ്പിക്കാൻ പ്ലീനത്തിലെ സംഘടനാരേഖ നിർദേശിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അവതരിപ്പിച്ച രേഖയുടെ ഉള്ളടക്കം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ സന്ദേഹങ്ങൾക്ക് ഇടം നൽകാത്തവിധം മാധ്യമങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, അതിനെ ദുർവ്യാഖ്യാനം ചെയ്ത് വിശ്വാസികളിൽ പാർടിയെപ്പറ്റി അവിശ്വാസവും സംശയവും വളർത്താനുള്ള യജ്ഞത്തിലാണ് വലതുപക്ഷ മാധ്യമങ്ങൾ.
'സിപിഐ എം അംഗത്വം- വിശ്വാസികൾക്കു പ്രവേശനമില്ല' 'പാർടി പ്രവർത്തകർക്ക് 'വിശ്വാസ'നിയന്ത്രണം' എന്നിങ്ങനെയാണ് രണ്ട് പത്രങ്ങൾ തലക്കെട്ട് കൊടുത്തത്. മനോരമയുൾപ്പെടെ ഒന്നിലധികം ചാനലുകളാകട്ടെ 'പാർടിയും വിശ്വാസികളും' എന്ന വിഷയത്തിന്മേൽ രാപ്പകൽ ഭേദമന്യേ ചർച്ചയായിരുന്നു. ഇതിലൂടെ വിശ്വാസികളും കമ്യൂണിസ്റ്റ്കാരും രണ്ടുതട്ടിൽ കഴിയേണ്ടവരാണെന്ന കൽപ്പന മുതലാളിത്തപക്ഷ മാധ്യമങ്ങൾ വാർത്തെടുക്കുകയാണ്. അത് പ്ലീനംരേഖയുടെ കാതലിനെ വിസ്മരിക്കലാണ്. അന്ധവിശ്വാസം, അനാചാരം, പൂജാദികർമങ്ങൾ, അമ്പലകമ്മിറ്റി ഭാരവാഹിത്വം തുടങ്ങിയവ കമ്യൂണിസ്റ്റുകാർക്കു വേണ്ട എന്നത് മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് പെരുമാറ്റസംഹിതയിൽ ഉൾപ്പെടുന്നതാണ്. അത് സംഘടനക്കുള്ളിൽ കർശനമായി നടപ്പാക്കണമെന്ന് രേഖ നിർദേശിക്കുമ്പോൾത്തന്നെ, നാളെ ഒരു പള്ളിവികാരിയോ സന്യാസിയോ പാർടിഅംഗത്വത്തിന് അപേക്ഷിച്ചാൽ വിശ്വാസിയാണെന്ന കാരണത്താൽ നിരസിക്കില്ലെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു. അങ്ങനെ പാർടി അംഗമാകുമ്പോൾ തൊട്ടടുത്തദിവസം പള്ളിയിലോ ആരാധനാലയങ്ങളിലോ പോകുന്നതിനെ വിലക്കുമെന്നല്ല. എന്നാൽ, വൈരുധ്യാത്മക ഭൗതികവാദം എന്ന ദർശനം എല്ലാ പാർടി അംഗങ്ങളെയും പഠിപ്പിക്കാനും അത് പ്രവാർത്തികമാക്കാനും മുൻകൈയെടുക്കും. അതിനുള്ള സംവിധാനം കാര്യക്ഷമമാക്കാനാണ് പ്ലീനംരേഖ നിർദേശിക്കുന്നത്.
മതനിരപേക്ഷതയും ന്യൂനപക്ഷ അവകാശങ്ങളും കാത്തുസൂക്ഷിക്കുന്നതിൽ തത്വദീക്ഷയോടെയുള്ള ഉറച്ച നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നത്. ഇതിന്റെ ഫലമായി മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങളിൽ പാർടിക്ക് സ്വാധീനം വർധിപ്പിക്കാനുള്ള സാഹചര്യമുണ്ട്. എന്നാൽ, ഇന്ന് പാർടി അംഗത്വത്തിൽ ക്രിസ്ത്യൻ-മുസ്ലിം വിഭാഗത്തിൽ ജനസംഖ്യാനുപാതികമായ പങ്കാളിത്തമില്ല. ഇത് പരിഹരിക്കാനുള്ള കർമപരിപാടിക്ക് പ്ലീനം രൂപം നൽകുമ്പോഴാണ് 'വിശ്വാസം' എന്ന വിഷയത്തെ ദുർവ്യാഖ്യാനം ചെയ്ത് മാധ്യമങ്ങൾ വിലങ്ങുതടി തീർക്കാൻ നോക്കുന്നത്.
ഭരണവർഗങ്ങളും അവരുടെ പാദസേവകരും അധ്വനിക്കുന്ന വിഭാഗങ്ങളുടെ  ഐക്യത്തെ ശിഥിലമാക്കാൻ ദൈവവിശ്വാസത്തെയും ജാതി-മത സംഘടനകളെയും ആയുധമാക്കാറുണ്ട്. അതുകൊണ്ടുതന്നെ ജാതി-മതാന്ധതക്ക് എതിരായ ആശയദൃഢതയിലേക്ക് പാർടിഅംഗങ്ങളെയും ജനങ്ങളെയും എത്തിക്കേണ്ടതുണ്ട്. എന്നാൽ, വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ, പട്ടിണി, സ്ത്രീപീഡനം എന്നിവക്കെതിരായ പോരാട്ടത്തിൽ കമ്യൂണിസ്റ്റുകാർക്ക് വിശ്വാസികളുമായി കൂട്ടുകൂടുന്നതിൽ വിശാല മനസ്സാണുള്ളത്.
യേശുക്രിസ്തു, ശ്രീകൃഷ്ണൻ തുടങ്ങി ഭക്തന്മാർ ആരാധിക്കുന്നവരെപ്പോലും വർഗീയവാദികൾ സ്വകാര്യസ്വത്താക്കുന്നതിനെ കമ്യൂണിസ്റ്റുകാർ അനുകൂലിക്കുന്നില്ല. അതുകൊണ്ടാണ് വിമോചന നായകനെന്ന സങ്കൽപ്പത്തിൽ യേശുക്രിസ്തുവിന്റെ ചിത്രം പാർടിയുടെ തിരുവനന്തപുരത്തെ സംസ്ഥാന സമ്മേളന ചരിത്രപ്രദർശനത്തിൽ സ്ഥാപിച്ചത്.  കാൽനൂറ്റാണ്ട് പശ്ചിമബംഗാൾ ഭരിച്ച ജ്യോതിബസുവും  മദർതെരേസയും തമ്മിലുള്ള നിത്യസുഹൃദ്ബന്ധം പാർടിക്കെതിരെ 'വിശ്വാസവിവാദം' സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയാണ്. പാർടിയെ നവീകരിക്കാനും പ്രത്യയശാസ്ത്രം കരുത്തുള്ളതാക്കാനുള്ള പാർടി പ്ലീനം വിശ്വാസികളിലടക്കം പാർടിയുടെ സ്വാധീനം വർധിപ്പിക്കാനുള്ളതാണ്.

0 comments :

Post a Comment