Friday, November 29, 2013

ഭൂവിനിയോഗ നയം വേണം: എസ്ആർപി

ഇ എം എസ് നഗർ (പാലക്കാട് ടൗൺഹാൾ): ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ എല്ലാ സംസ്ഥാനങ്ങളിലും ഭൂവിനിയോഗത്തിന് പ്രത്യേക നയം വേണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള നിർദേശിച്ചു. ഈ നയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് സ്റ്റാറ്റിയൂട്ടറി ബോർഡ് രൂപീകരിക്കണമെന്നും എസ്ആർപി 'ദേശാഭിമാനി'ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പരിസ്ഥിതി പ്രശ്‌നങ്ങളിൽ കേന്ദ്ര സർക്കാരിന്റെ സമീപനം ജനാധിപത്യ വിരുദ്ധമാണെന്ന് കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് നടപ്പാക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് എസ്ആർപി പറഞ്ഞു. ഇപ്പോൾ രണ്ട് വിദഗ്ധ സമിതികളുടെ റിപ്പോർട്ട് സർക്കാരിന്റെ പക്കൽ ഉണ്ട്. ഇതിൽ ആദ്യത്തേതാണ് മാധവ് ഗാഡ്ഗിൽ കമീഷൻ. അന്നത്തെ പരിസ്ഥിതി മന്ത്രി തികച്ചും ഏകപക്ഷീയമായാണ് കമീഷനെ തീരുമാനിച്ചത്.
പരിസ്ഥിതി പ്രശ്‌നത്തിന് കമീഷനെ നിയോഗിക്കുമ്പോൾ പാലിക്കേണ്ടുന്ന അടിസ്ഥാന മാനദണ്ഡങ്ങൾ പോലും പാലിച്ചില്ല. പശ്ചിമഘട്ട സംരക്ഷണമെന്നത് ആറ് സംസ്ഥാനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ്. അതേ കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കുമ്പോൾ പരിസ്ഥിതി വിദഗ്ധർ ഉണ്ടാകണം.
ജന്തുശാസ്ത്രജ്ഞർ, സസ്യശാസ്ത്രജ്ഞർ, ഭൗമശാസ്ത്രജ്ഞർ, അന്തരീക്ഷ മാറ്റത്തെ കുറിച്ച് പഠിക്കുന്ന വിദഗ്ധർ, സാമ്പത്തിക വിദഗ്ധർ തുടങ്ങിയവർ വേണം. ഇതിലെല്ലാമുപരിയായി ജനപ്രതിനിധികൾ ഉണ്ടാകണം. ഈ സംയോജനമൊന്നും മാധവ് ഗാഡ്ഗിൽ കമീഷനിൽ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ റിപ്പോർട്ടിൽ ഒട്ടേറെ പരിമിതികൾ ഉണ്ട്. അത് നടപ്പാക്കാൻ ശ്രമിച്ചപ്പോൾ പരക്കെ എതിർപ്പുകൾ ഉയർന്നു.
പ്രശ്‌നം പരിഹരിക്കുന്നതിന് പകരം സർക്കാർ മറ്റൊരു കമീഷനെ നിയോഗിക്കുകയായിരുന്നു. ആസൂത്രണകമീഷൻ അംഗവും ബഹിരാകാശ ശാസ്ത്രജ്ഞനുമായ കസ്തൂരിരംഗനെയാണ് നിയമിച്ചത്. ഒരർഥത്തിൽ ഗാഡ്ഗിൽ റിപ്പോർട്ടിനെ കസ്തൂരി രംഗൻ മയപ്പെടുത്തി ഒരു രാഷ്ട്രീയ രേഖയാണ് ചമച്ചത്. മാധവ് ഗാഡ്ഗിൽ കമീഷൻ റിപ്പോർടിന് പകരം കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചു. രണ്ട് വിദഗ്ധ സമിതികളുടെ റിപ്പോർട്ടിൽ ഏതാണ് ശരിയെന്ന് നിശ്ചയിച്ചത് പരിസ്ഥിതി വകുപ്പ് സെക്രട്ടറിയും വകുപ്പ് മന്ത്രിയുമാണ്. ഇത് ജനാധിപത്യ വിരുദ്ധവും അശാസ്ത്രീയവുമാണ്.
ഉചിതമായ വിദഗ്ധസമിതി രണ്ട് റിപ്പോർട്ടുകളും പരിശോധിച്ച് ജനങ്ങളുടെ ആശങ്ക മാറ്റിയുമാണ് തീരുമാനമെടുക്കേണ്ടത്. അല്ലാതെ ധൃതിപിടിച്ച് നീങ്ങരുത്. ജനങ്ങളില്ലാതെ പരിസ്ഥിതി സംരക്ഷണം സാധ്യമല്ല. എന്താണ് പരിസ്ഥിതിക്കുള്ള ഭീഷണി? എന്താണ് പരിഹാരം? എന്നൊക്കെ ജനങ്ങളുമായി സംവദിച്ച് നിഗമനത്തിൽ എത്തണം. ഈ രീതിയിൽ ജനങ്ങളെ അണിനിരത്തിയുള്ള പരിസ്ഥിതി സംരക്ഷണമാണ് വേണ്ടത്. എന്നാൽ കേന്ദ്ര സർക്കാർ സമീപനം പരിസ്ഥിതിക്ക് അപകടം വരുത്തുന്നു.
പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതാണ്. അത് പരിസ്ഥിതി ഭീഷണി നേരിടുന്നുമുണ്ട്. ഇത് ആറ് സംസ്ഥാനങ്ങളിലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന പ്രശ്‌നമാണ്. ഈ സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതി അപകടത്തിലാക്കുന്നു. ഇത് പരിശോധിക്കാനും ഉചിതമായ നിർദ്ദേശങ്ങൾ സമർപ്പിക്കാനും ജനങ്ങളുമായി സംവദിക്കണം. എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയ എല്ലാവരുമായി ചർച്ച വേണം.
പരിസ്ഥിതി ദുർബല പ്രദേശങ്ങളും അതീവ ദുർബല പ്രദേശങ്ങളും ലോല പ്രദേശങ്ങളുമെല്ലാം വ്യക്തമായ മാനദണ്ഡങ്ങൾക്കനുസരിച്ചാവണം നിയന്ത്രിക്കേണ്ടത്. ഇത് പരിസ്ഥിതി മന്ത്രി ജയന്തി നടരാജനും വകുപ്പ് സെക്രട്ടറിയും സ്വന്തം നിലയിൽ തീരുമാനിക്കേണ്ടതല്ല.
പരിസ്ഥിതി സംരക്ഷണത്തിന് എന്താണ് ഭീഷണി എന്നത് ഒന്നോ രണ്ടോ വ്യക്തികളുടെ വെളിപാടിന്റെ അടിസ്ഥാനത്തിലല്ല തീരുമാനിക്കേണ്ടതെന്ന് സിപിഐ എം നിലപാടിനെ വിമർശിക്കുന്ന ചില പരിസ്ഥിതിവാദികളുടെ വാദത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എസ്ആർപി പറഞ്ഞു. ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനങ്ങളിൽനിന്നും മാറി തീരുമാനമെടുക്കാൻ കഴിയില്ലെന്നും എസ്ആർപി പറഞ്ഞു. 

0 comments :

Post a Comment