Tuesday, November 26, 2013

യുഎൻ-സിറിയ സമാധാനചർച്ച ജനുവരി 22ന്

ജനീവ: ഇറാനുമായി ലോകരാഷ്ട്രങ്ങൾ ധാരണയിലെത്തിയതിനു പിന്നാലെ സിറിയൻ പ്രശ്‌നപരിഹാരത്തിനും വഴിയൊരുങ്ങുന്നു. ഐക്യരാഷ്ട്രസഭയുടെ സിറിയ സമാധാന ഉച്ചകോടി ജനുവരി 22ന് ജനീവയിൽ ചേരും. 2012 ജൂണിൽ യുഎൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നനുമായി ആഗോള-മേഖലാ നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്ന് രൂപപ്പെടുത്തിയ ജനീവ കമ്യൂണിക്കെയുടെ ചട്ടക്കൂടിൽനിന്നാകും സമ്മേളനം. 'ജനീവ-2' സമ്മേളനത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ ബാൺ കി മൂൺ പ്രതികരിച്ചു.
പാശ്ചാത്യ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്ത ബാഷർ അൽ അസദിന്റെ ഭരണത്തെ അട്ടിമറിക്കാൻ അമേരിക്കയും കൂട്ടാളികളും പണവും ആയുധവും നൽകി വിമതരെ തെരുവിലിറക്കിയതോടെയാണ് സിറിയയിൽ കലാപം ആരംഭിച്ചത്. മൂന്നുവർഷത്തോളമായി വിമത കലാപകാരികൾ നടത്തുന്ന ശ്രമം വിഫലമായ സാഹചര്യത്തിൽ പാശ്ചാത്യചേരി ആക്രമണത്തിന് തയ്യാറെടുത്തിരുന്നു. ലോകരാഷ്ട്രങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും പിന്തുണയോടെ റഷ്യ നടത്തിയ നയതന്ത്രനീക്കമാണ് അമേരിക്കയുടെയും കൂട്ടാളികളുടെയും അധിനിവേശനീക്കം പാടേ പൊളിച്ചത്. റഷ്യയുടെ നിർദേശപ്രകാരം രാസായുധശേഖരം കൈമാറി നശിപ്പിക്കാൻ സിറിയൻ സർക്കാർ സമ്മതിച്ചു. നിർദിഷ്ടസമയത്തിനുള്ളിൽ ഇതിനുള്ള പ്രക്രിയ യുഎൻ നേതൃത്വത്തിൽ ആരംഭിക്കുകയുംചെയ്തു.

0 comments :

Post a Comment