Tuesday, November 26, 2013

ആർഎസ്എസ് ബോംബേറിൽ പരിക്കേറ്റവരെ അർധരാത്രി അറസ്റ്റുചെയ്തു

പാറശാല: സംഘപരിവാർ സംഘങ്ങളുടെ ബോംബേറിൽ ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവർത്തകനെയും ഐടിഐ വിദ്യാർഥിയെയും അർധരാത്രിയിൽ വീട് കയറി അറസ്റ്റു ചെയ്തത് വ്യാപക പ്രതിഷേധത്തിനിടയാക്കി. കഴിഞ്ഞ ആഗസ്ത് 29ന് ധനുവച്ചപുരം ഐടിഐക്കുമുന്നിൽ എസ്എഫ്‌ഐയുടെ പ്രകടനത്തിനുനേരെ സംഘപരിവാർ സംഘം നടത്തിയ ബോംബേറിൽ ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്‌ഐ ധനുവച്ചപുരം ലോക്കൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും എസ്എഫ്‌ഐ പാറശാല ഏരിയകമ്മിറ്റി അംഗവുമായ സുബാഷ്, പാറശാല സ്വദേശിയും ധനുവച്ചപുരം ഐടിഐ വിദ്യാർഥിയും എസ്എഫ്‌ഐ ഏരിയ വൈസ്പ്രസിഡന്റുമായ അലക്‌സ് എന്നിവരെയാണ് തിങ്കളാഴ്ച അർധരാത്രി പാറശാല പൊലീസ് വീടുകയറി അറസ്റ്റ്‌ചെയ്തത്. ബോംബേറിൽ ഐടിഐ വിദ്യാർഥിയായ സജിൻഷാഹുൽ മരിച്ചിരുന്നു. ഈ കേസിൽ മൊഴികൊടുത്ത സുബാഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അലക്‌സിനും സുബാഷിനും കേസുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, സജിൻഷാഹുലിന്റെയും അനുവിന്റെയും മരണത്തിനുത്തരവാദികളായ സംഘപരിവാർ സംഘങ്ങൾ സൈ്വരജീവിതം നടത്തുമ്പോഴാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബോംബേറിൽ പരിക്കേറ്റ യുവാവിനെയുൾപ്പെടെ പൊലീസ് അർധരാത്രിയിൽ കസ്റ്റഡിയിലെടുത്തത്.
സംഘപരിവാർ സംഘങ്ങൾ വീടുകയറി വധഭീഷണി മുഴക്കിയതിനെത്തുടർന്നാണ് എസ്എഫ്‌ഐ പാശറാല ഏരിയ വൈസ്പ്രസിഡന്റായിരുന്ന അനു (21) ആത്മഹത്യചെയ്തത്. ഇതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനുനേരെ സംഘപരിവാർ സംഘം നടത്തിയ ബോംബേറിലാണ് ഗുരുതരമായി പരിക്കേറ്റ സജിൻഷാഹുൽ മരിച്ചത്. തുടർന്ന് പ്രദേശത്ത് സംഘപരിവാർ സംഘങ്ങളുടെ അതിക്രമത്തിൽ സജിൻഷാഹുൽ, വെള്ളറട ആനാവൂർ സ്വദേശിയും വെള്ളറട എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയുമായ ശിവപ്രസാദിന്റെ അച്ഛൻ നാരായണൻനായർ എന്നിവർ കൊല്ലപ്പെട്ടു.
പൊലീസിന് ഭരണകക്ഷി നേതാക്കളുടെ പിന്തുണയുള്ളതായും ആക്ഷേപമുയരുന്നു. സജിൻഷാഹുലിന്റെ മരണശേഷവും സംഘം പ്രദേശത്ത് വ്യാപക അതിക്രമമാണ് നടത്തുന്നത്. ഇതിലൊന്നും നടപടിയെടുക്കാത്ത പൊലീസാണ് ബോംബേറിൽ പരിക്കേറ്റ യുവാവിനെയും ഐടിഐ വിദ്യാർഥിയെയും കസ്റ്റഡിയിലെടുത്തത്. ഇതിൽ പ്രതിഷേധം വ്യാപകമാണ്.

0 comments :

Post a Comment