Saturday, November 30, 2013

കേന്ദ്ര അവഗണനയ്‌ക്കെതിരെ സമരമുന്നണി കെട്ടിപ്പടുക്കുക

പാലക്കാട്: കേരളത്തോട് കേന്ദ്രസർക്കാർ പുലർത്തുന്ന വിവേചനത്തിനും അവഗണനയ്ക്കും എതിരായും സംസ്ഥാനത്തിന് നീതി ലഭിക്കുന്നതിനും വേണ്ടി എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള ശക്തമായ പ്രക്ഷോഭത്തിന് സിപിഐ എം സംസ്ഥാന പ്ലീനം ആഹ്വാനം ചെയ്തു. രണ്ടാം യുപിഎ സർക്കാർ സംസ്ഥാനത്തോട് കടുത്ത വിവേചനം കാണിക്കുകയാണ്.
കേരളം കൈവരിച്ച സാമൂഹ്യക്ഷേമ നേട്ടങ്ങളുടെ പേരിൽ സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കണമെന്ന രഘുറാം രാജൻ കമ്മിറ്റിയുടെ ശുപാർശ അംഗീകരിക്കാനാവില്ല. ഒരു സംസ്ഥാനത്തിന്റെ സാമൂഹിക വികസന സൂചിക അതിന് അർഹമായ വിവങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള മാനദണ്ഡമായിക്കൂടാ. സാമൂഹിക വികസന നേട്ടങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനത്തിന് ഈ മേഖലയിൽ വൻതോതിൽ പൊതുനിക്ഷേപം തുടർന്നും നടത്തേണ്ടതുണ്ട് എന്ന വസ്തുത രഘുറാം രാജൻ കമ്മിറ്റി കണക്കിലെടുക്കുന്നില്ല. ഈ വികലമായ ശുപാർശ അംഗീകരിക്കുന്ന കേന്ദ്രസർക്കാർ നിലപാടും പ്രതിഷേധാർഹമാണ്.
കേരളം മൂന്നു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്നതാണ് പാലക്കാട് കോച്ച് ഫാക്ടറി. കേരളത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിലിരിക്കുകയും കേന്ദ്രത്തിൽ ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷ പിന്തുണ നൽകിയപ്പോഴാണ് കോച്ച് ഫാക്ടറി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. എൽഡിഎഫ് സർക്കാർ 2010-ൽത്തന്നെ‘ഭൂമി ഏറ്റെടുത്ത് റെയിൽവേക്ക് നൽകി. 2012 ഫെബ്രുവരിയിൽ പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിരക്കിട്ട് തറക്കല്ലിടൽ നടത്തിയെങ്കിലും പദ്ധതി ഇതുവരെ എങ്ങുമെത്തിയിട്ടില്ല. പൊതു-സ്വകാര്യ പങ്കാളിത്തപ്രകാരം ഇതുവരെ സ്വകാര്യ പങ്കാളിയെ കണ്ടെത്താൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ “സെയിൽ  പദ്ധതിയിൽ 74 ശതമാനം വരെ ഓഹരി പങ്കാളിത്തം വഹിക്കാൻ തയ്യാറാണെന്ന് രേഖാമൂലം അറിയിച്ചിട്ടും സ്വീകരിക്കാൻ തയ്യാറാകാത്ത റെയിൽവേ നിലപാട് ദുരൂഹമാണ്.
12-ാം പദ്ധതിയിൽ കേരളത്തിന് ഐഐടി അനുവദിക്കുമെന്നത് പ്രധാനമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.  എന്നാൽ,  ആസൂത്രണകമീഷൻ അംഗീകരിച്ച 12-ാം പദ്ധതി രേഖയിൽ കേരളത്തിന് ഐഐടി ഇല്ല. മാത്രമല്ല, 13-ാം പദ്ധതിയിലും ഐഐടി ഉണ്ടാകില്ല എന്നാണ് ഇപ്പോൾ വ്യക്തമായിട്ടുള്ളത്. ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടികളൊന്നുമില്ല. വിഴിഞ്ഞം തുറമുഖപദ്ധതി അനന്തമായി വൈകിപ്പിക്കുന്നു. തിരുവനന്തപുരത്ത് പ്രഖ്യാപിച്ച റെയിൽവേ മെഡിക്കൽ കോളേജ്, ബോട്ട്‌ലിങ് പ്ലാന്റ്, ചേർത്തല വാഗൺ ഫാക്ടറി എന്നീ പദ്ധതികളെല്ലാം അനിശ്ചിതത്വത്തിലാണ്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ധാരാളം കേന്ദ്ര പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ മുൻകൈ മൂലം കഴിഞ്ഞിരുന്നു. ബ്രഹ്മോസ്, പാലക്കാട് ഭെമൽ, തിരുവനന്തപുരം ഐഎസ്ഇആർ, കേന്ദ്ര സർവകലാശാല എന്നിങ്ങനെ ധാരാളം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും.
കേന്ദ്രത്തിലും കേരളത്തിലും ഒരേ പാർടി ഭരിച്ചാൽ വികസനത്തിൽ കുതിപ്പുണ്ടാകുമെന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ് ഇവിടെ വ്യക്തമാകുന്നത്. കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിന് എട്ട് മന്ത്രിമാരുടെ റെക്കോർഡ് പ്രാതിനിധ്യമുണ്ടായിട്ടും ഒരേ പാർടി നേതൃത്വം കൊടുക്കുന്ന സർക്കാരുകൾ കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരിക്കുകയും ചെയ്യുമ്പോഴാണ് ഈ അവഗണനയും വിവേചനവും.

0 comments :

Post a Comment