Tuesday, November 26, 2013

രണഗാഥകളിൽ പാലക്കാടൻ ചെങ്കോട്ട

ഇ എസ് സുഭാഷ്
പാലക്കാട്: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിലെ നാഴികക്കല്ലായി മാറുന്ന സിപിഐ എം പ്ലീനത്തിന് ആതിഥ്യമരുളുമ്പോൾ എണ്ണമറ്റ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന സ്മരണയിലാണ് കരിമ്പനകളുടെ നാട്. നാടാകെ ചെമ്പതാകകളാലും മഹാരഥന്മാരായ ജനനേതാക്കളുടെ ഛായാചിത്രങ്ങളാലും നിറഞ്ഞ് രണഗാഥകളിൽ പാലക്കാടൻ ചെങ്കോട്ട.
നാടുവാഴി-ജന്മിത്വത്തിനെതിരായ എണ്ണമറ്റ സമരങ്ങൾ, വർഗീയതക്കെതിരായ സന്ധിയില്ലാ പോരാട്ടങ്ങൾ, കൊടിയ മർദനങ്ങൾ, രക്തസാക്ഷിത്വം വരിച്ച രണധീരന്മാർ- ഇവരുടെ അനശ്വരസ്മരണയിലാണ് പാർടി പ്ലീനത്തെ നെല്ലറ നെഞ്ചേറ്റുന്നത്. ഒഴിപ്പിക്കലിനെതിരെ ചെറുത്തുനിന്നതിന് ജന്മിയുടെ ഗുണ്ടകൾ പാടവരമ്പത്ത് കൊലപ്പെടുത്തിയ വിളയൂരിലെ സെയ്താലിക്കുട്ടിയും ചിറ്റൂർ നല്ലേപ്പിള്ളിയിലെ അരണ്ടപ്പള്ളം ആറുവും ഇന്നും നീറുന്ന ഓർമകൾ. 1957-ൽ അധികാരത്തിൽവന്ന ഇ എം എസ് സർക്കാർ കുടിയൊഴിപ്പിക്കലിനെതിരെ നിയമം കൊണ്ടുവന്നപ്പോൾ ബഹുഭൂരിപക്ഷം ജനങ്ങളും മണ്ണിനുടമകളായി.
ഭൂമിയുടെ അവകാശം കർഷകന് കിട്ടിയശേഷം, ജന്മിത്വത്തിനെതിരെ ഒന്നിച്ചണിനിരന്ന കർഷകത്തൊഴിലാളികളുടെ ജീവിത അഭിവൃദ്ധിയായിരുന്നു പാർടിയുടെ ലക്ഷ്യം. കൂലിയും പതമ്പും വർധിപ്പിച്ച് ജീവിതം മെച്ചപ്പെടുത്താൻ കർഷകത്തൊഴിലാളി പ്രസ്ഥാനത്തോടൊപ്പം കമ്യൂണിസ്റ്റ് പാർടിയും മുന്നിട്ടിറങ്ങി. ആ സമരത്തിന് നേതൃത്വം നൽകാൻ മണ്ണിന്റെ മക്കളുടെ നേതാവായ എ കെ ജി തന്നെ നേരിട്ടെത്തി. നെന്മേനി, ഓലശേരി തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത പോരാട്ടങ്ങളിലൂടെ മെച്ചപ്പെട്ട കൂലി ഉറപ്പാക്കാൻ സാധിച്ചു.
കാലം മുന്നിലേക്ക് പോയപ്പോൾ കേരളത്തിലെ രണ്ടാമത്തെ വ്യാവസായികമേഖലയായി പാലക്കാട് കഞ്ചിക്കോട് വളർന്നു. സിഐടിയുവിനെ ഇല്ലാതാക്കി ഇതരട്രേഡ് യൂണിയനുകളെ വളർത്തിയെടുക്കാൻ മുതലാളിമാർ ശ്രമിച്ചു. തുടർന്ന് സിഐടിയുവിനെയും സിപിഐഎമ്മിനെയും തകർക്കാൻ ഈ മേഖലയിൽ കൊലപാതക പരമ്പര തന്നെ സൃഷ്ടിച്ചു.
ജില്ലയിലെ കോളേജ് ക്യാമ്പസുകൾ ഭരണവർഗവിദ്യാർഥി സംഘടനകളുടെ കുത്തകയായിരുന്നു. എണ്ണമറ്റ പോരാട്ടങ്ങളിലൂടെ വിദ്യാർഥികളുടെ ഹൃദയം എസ്എഫ്‌ഐ കീഴടക്കി. ഇന്ന് ജില്ലയിലെ ഏതാണ്ട് എല്ലാ ക്യാമ്പസുകളിലും എസ്എഫ്‌ഐയുടെ ആധിപത്യമാണ്. ഈ വളർച്ചക്കായി നിരവധി ജീവനുകൾ ബലി നൽകേണ്ടിവന്നു. പട്ടാമ്പി സംസ്‌കൃതകോളേജിലെ സെയ്താലി, മണ്ണാർക്കാട് എംഇഎസ് കോളേജിലെ മുഹമ്മദ് മുസ്തഫ, കൊടുവായൂർ ഗവ. ഹൈസ്‌കൂളിലെ വേലായുധൻ തുടങ്ങിയ വിദ്യാർഥി സംഘടനാ നേതാക്കളെ കോൺഗ്രസ് വിദ്യാർഥി യൂണിയനും വർഗീയശക്തികളും ചേർന്ന് കൊലപ്പെടുത്തി.
വിദ്യാർഥി പ്രസ്ഥാനത്തിന്റെ സ്വാധീനം യുവജനപ്രസ്ഥാനത്തിന്റെ വളർച്ചയിലേക്കും നയിച്ചു. പാലക്കാട് യുവജനങ്ങളുടെ മഹാപ്രസ്ഥാനമായി ഡിവൈഎഫ്‌ഐ വളർന്നു. ഈ വളർച്ചയിൽ വിറളിപൂണ്ട കോൺഗ്രസും ആർഎസ്എസും ഉശിരന്മാരായ നിരവധി യുവാക്കളുടെ ജീവനെടുത്തു. ഏറ്റവും അവസാനം അമ്പലപ്പാറയിൽ ദീപു ഉൾപ്പെടെ അനേകം യുവജന കേഡർമാരെയാണ് കൊലക്കത്തിക്കിരയാക്കിയത്.
പാലക്കാടിന്റെ ചരിത്രത്തിൽ ചോരകൊണ്ട് എഴുതിയ അധ്യായമാണ് 1969 ഡിസംബർ ഒന്ന്. ജനാധിപത്യസംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി, ജില്ലാ ഭരണകേന്ദ്രമായിരുന്ന കോട്ടയ്ക്ക് മുന്നിൽ ഉപരോധത്തിന് നേരെ നടത്തിയ വെടിവയ്പ്പിൽ  ചെല്ലൻ, മാണിക്യൻ, രാജൻ, സുകുമാരൻ എന്നീ നാല് ധീരരാണ് പിടഞ്ഞുവീണ് മരിച്ചത്. എല്ലാവിധ അടിച്ചമർത്തലുകളെയും നേരിട്ട് ജില്ലയിലെ ജനസാമാന്യം സിപിഐ എമ്മിൽ കൂടുതൽ വിശ്വാസമർപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. സഹകരണമേഖല, തദ്ദേശഭരണസ്ഥാപനങ്ങൾ, നിയമസഭ, പാർലമെന്റ് എന്നിവയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഇടതുപക്ഷത്തിന് കരുത്തുറ്റ വിജയമാണ് ജനങ്ങൾ നൽകിയത്.

0 comments :

Post a Comment