Wednesday, November 27, 2013

ഖനനവിവാദം ഗൂഢലക്ഷ്യത്തോടെ നിയമവിരുദ്ധമായി ഒന്നും ചെയ്തില്ല: കരീം

പാലക്കാട്: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയിൽ ഇരുമ്പയിര് ഖനനത്തിന് അനുമതി നൽകിയെന്ന നിലയിൽ ചില കേന്ദ്രങ്ങൾ ഉയർത്തുന്ന വിവാദം ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും ഈ വിഷയത്തിൽ എൽഡിഎഫ് സർക്കാർ നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നും മുൻ വ്യവസായ മന്ത്രി എളമരം കരീം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 
ഒരു കമ്പനിക്കും എൽഡിഎഫ് സർക്കാർ ഇരുമ്പയിര് ഖനനാനുമതി നൽകിയിട്ടില്ല. സുപ്രധാന ധാതുവായ ഇരുമ്പയിര് ഖനനത്തിന് അനുമതി നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. കേന്ദ്ര സർക്കാർ വർഷങ്ങൾക്ക് മുമ്പ് നടത്തിയ സർവെയിൽ ചക്കിട്ടപ്പാറ, നന്മണ്ട, ചെറൂപ്പ എന്നിവിടങ്ങളിൽ ഇരുമ്പയിര് നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ തുടർച്ചയായി ഖനനപദ്ധതിയുമായി പല കമ്പനികളും കേന്ദ്രത്തെ സമീപിച്ചു. അതിലൊന്നാണ് എംഎസ്ഡിഎൽ. ഇതനുസരിച്ച് 2009 ഒക്‌ടോബർ ഒമ്പതിന് കേന്ദ്രസർക്കാർ ഖനനത്തിന് സർവേ നടത്താൻ അനുവാദം നൽകി. ഇതിനായി വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങുന്നത് ഉൾപ്പെടെ മുഴുവൻ നിയമവ്യവസ്ഥകളും പാലിക്കണം.അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം അയച്ച കത്തിന് മറുപടിയായി സർവേക്ക് പെർമിറ്റ് നൽകുന്നതിൽ തെറ്റില്ലെന്നാണ് വ്യവസായ വകുപ്പ് സെക്രട്ടറി കത്തയച്ചത്. അതിൽ എവിടെയാണ് നിയമലംഘനമെന്ന് കരീം ചോദിച്ചു.
ഇങ്ങിനെ സർവേ നടത്താൻ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടാത്തതിനാൽ വീണ്ടും രണ്ട് വർഷത്തേക്ക് നീട്ടാൻ അപേക്ഷ നൽകി. ഈ അപേക്ഷയും വകുപ്പ് സെക്രട്ടറി കേന്ദ്രത്തിലേക്ക് അയച്ചതല്ലാതെ മറ്റൊന്നും ചെയ്തില്ല. ചക്കിട്ടപ്പാറയിൽ ഖനനാനുമതി നൽകിയെന്നും നിഷേധിച്ചെന്നും റദ്ദാക്കിയെന്നുമാണ് ചില കേന്ദ്രങ്ങൾ പറയുന്നത്. മെനഞ്ഞെടുത്ത നുണക്കഥകളാണ് ഒരു വിഭാഗം മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് അവതരിപ്പിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത്-കരീം പറഞ്ഞു.
സെക്രട്ടറി കത്തയച്ചതിൽ തനിക്ക് ഒരുത്തരവാദിത്തവുമില്ല. കത്തയച്ചത് താൻ അറിഞ്ഞിട്ടില്ല. മന്ത്രി എന്ന നിലയിൽ ഒരിടപെടലുമുണ്ടായിട്ടില്ല; ഒരു ഫയലിലും ഒപ്പിട്ടിട്ടില്ല. വനം വകുപ്പും പ്ലാന്റേഷൻ കോർപ്പറേഷനും കമ്പനിക്ക് അനുമതി നൽകിയത് യുഡിഎഫ് സർക്കാർ വന്നപ്പോഴാണ്. 2013ലാണ്. അതിന്റെ അടിസ്ഥാനത്തിൽ കമ്പനി അധികൃതർ സർവേക്ക് എത്തിയപ്പോൾ  സിപിഐ എം പ്രവർത്തകരും പഞ്ചായത്തധികൃതരും നാട്ടുകാരും തടഞ്ഞു. തുടർന്ന് കെ കുഞ്ഞമ്മദ് മാസ്റ്റർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിൽ ''മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചേംബറിൽ നടന്ന ചർച്ചയുടെ തീരുമാനപ്രകാരമാണ് സർവേ'' എന്നാണ് കമ്പനി പ്രതിനിധികൾ അറിയിച്ചത്. സർവേ നിർത്തിവയ്ക്കണമെന്നാണ് സർവകക്ഷിയോഗം ആവശ്യപ്പെട്ടത്.
താൻ കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിക്കുന്ന വ്യക്തിയുടെ വിശ്വാസ്യത മാധ്യമങ്ങൾ പരിശോധിക്കണം. അയാളുടെ കോൺഗ്രസ് ബന്ധവും ക്രിമിനൽ പശ്ചാത്തലവും മനസ്സിലാക്കണം. വണ്ടിച്ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. ജയിലിൽ കിടന്നയാളാണ്. 2009ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ ഡ്രൈവറായിരുന്നയാളാണ്. തന്റെ അകന്ന ബന്ധു നൗഷാദും ഇയാളും തമ്മിലുള്ള തർക്കവും പരിശോധിക്കണം. നൗഷാദിന്റെ ഒരു ഇടപാടിലും ബന്ധമില്ല. നേരത്തെ ഈ ആരോപണം ഉന്നയിച്ച് തനിക്കെതിരായ പരാമർശം പ്രസിദ്ധീകരിച്ച മാധ്യമം പത്രത്തിനെതിരെ നിയമനടപടി സ്വീകരിച്ചപ്പോൾ നിരുപാധികം മാപ്പ് പറഞ്ഞു. തുടർന്നും വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി എടുക്കുമെന്നും കരീം വ്യക്തമാക്കി.
സിപിഐ എമ്മിനെ താറടിച്ചുകാണിക്കാൻ ബോധപൂർവം കെട്ടിച്ചമച്ചതാണ് കരീമിനെതിരെ ഉയർത്തിയ ആക്ഷേപങ്ങളെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂർത്തി, കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണൻ, എ പ്രദീപ്കുമാർ എംഎൽഎ എന്നിവർ പറഞ്ഞു.

0 comments :

Post a Comment