പാലക്കാട്: രാജ്യത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കി സമസ്തമേഖലയിലേയും ജനവിഭാഗങ്ങളെ ദുരിതത്തിലാക്കുന്ന സാമ്പത്തിക ഉദാരവൽക്കരണനയങ്ങൾ തിരുത്താൻ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാവണമെന്ന് സെമിനാർ. ഉദാരവൽക്കരണനയങ്ങൾക്ക് ബദൽ നയങ്ങളുണ്ടെന്നും നിലവിലെ നയങ്ങൾ തിരുത്തിക്കാൻ ജനകീയസമരങ്ങൾ ഉയർന്നുവരണമെന്നും സിപിഐ എം സംസ്ഥാന പ്ലീനത്തോട് അനുബന്ധിച്ച് നടന്ന സെമിനാർ അഭിപ്രായപ്പെട്ടു. ഉദാരവൽക്കരണവും ബദൽനയങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസ്ഥാനത്തിന്റെ പൊതുആവശ്യങ്ങൾക്കായി ഭരണ-പ്രതിപക്ഷങ്ങൾ യോജിച്ച് പ്രവർത്തിക്കണമെന്ന നിർദേശവും ഉയർന്നു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. സെമിനാറിൽ ധനമന്ത്രി കെ എം മാണി, മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് എന്നിവർ സംസാരിച്ചു.
മാർക്‌സിസ്റ്റുകാർ അല്ലാത്തവർപോലും ഉദാരവൽക്കരണ നയങ്ങളെ എതിർക്കുന്നുണ്ടെന്ന് പോപ്പിനെ ഉദ്ധരിച്ച് സീതാറാം യെച്ചൂരിയുടെ പ്രസംഗം ഖണ്ഡിക്കാൻ തുടർന്ന് സംസാരിച്ച കെ എം മാണിക്ക് കഴിഞ്ഞില്ല. അതേസമയം കേന്ദ്രത്തിന്റെ വല്ല്യേട്ടൻ മനോഭാവത്തിന് എതിരായും കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരായും യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാണെന്ന് കെ എം മാണിയുടെ പ്രഖ്യാപനം സെമിനാറിനെ ശ്രദ്ധേയമാക്കി. ഭരണമുന്നണിയിലെ കെ എം മാണിയുമായി യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാണെന്നും എന്നാൽ തെറ്റായ നയങ്ങൾക്ക് ഉത്തരവാദിയായ കോൺഗ്രസുമായി സഹകരിക്കാൻ സാധ്യമല്ലെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. രാജ്യംനേരിടുന്ന ഗുരുതരമായ പ്രശ്‌നത്തെ മുൻനിർത്തിയുള്ള പ്രഗൽഭരുടെ അഭിപ്രായങ്ങൾ കേൾക്കാൻ വൻജനാവലിയാണ് കോട്ടമൈതാനത്തെ പി ഗോവിന്ദപിള്ള നഗറിൽ എത്തിയത്.
ഉദാരവൽക്കരണം കോർപ്പറേറ്റുകൾക്ക് ലാഭം ഉണ്ടാക്കാനുള്ളത് മാത്രമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. മുതലാളിത്തത്തിനും ബദൽ സോഷ്യലിസം തന്നെയാണ്. ഉദാരവൽക്കരണ നയങ്ങളെ ബദൽ നയങ്ങളിലൂടെ തിരുത്തിക്കുകയാണ് ആവശ്യം. ഇന്ദിരാഗാന്ധി ദേശസാൽക്കരിച്ച് ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനാണ് കേന്ദ്രശ്രമം. ഭരണ-പ്രതിപക്ഷകക്ഷികൾ രണ്ട് ധ്രുവങ്ങളിൽ നിൽക്കേണ്ടവരല്ലെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. സംസ്ഥാനവിഹിതം നൽകുന്ന കാര്യത്തിൽ കേന്ദ്രത്തിന് വല്യേട്ടൻ മനോഭാവമാണ്. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ കാര്യത്തിലും ഒന്നിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും മാണി പറഞ്ഞു.
ബദൽ നയങ്ങൾ തിരുത്താനുള്ള സമരം കോൺഗ്രസിനെതിരായ സമരം കുടിയാണെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. അതുകൊണ്ട് കെ എം മാണിയുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിയും.
എന്നാൽ കോൺഗ്രസുമായി കഴിയില്ലെന്നും തോമസ് ഐസക് പറഞ്ഞു. ടി കെ നാരായണദാസ് അധ്യക്ഷനായി. വി കെ ചന്ദ്രൻ സ്വാഗതവും ഗിരിജാസുരേന്ദ്രൻ നന്ദിയും പറഞ്ഞു.

0 comments :
Post a Comment