![]() |
| സിപിഐ എം സംസ്ഥാന പ്ലീനം ഇ എം എസ് നഗറിൽ(പാലക്കാട് ടൗൺഹാൾ) പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു |
ഇ എം എസ് നഗർ: വിപ്ലവ ബഹുജനപ്രസ്ഥാനത്തിന്റെ തുടർമുന്നേറ്റത്തിന് പുതിയ ദിശാബോധവും അവകാശപ്പോരാട്ടങ്ങൾക്കുള്ള കുതിപ്പിന് വേഗവും പകരുന്ന സിപിഐ എം സംസ്ഥാന പ്ലീനത്തിന് പാലക്കാടിന്റെ ചുവന്നമണ്ണിൽ പ്രോജ്വല തുടക്കം. നാടിന്റെ സവിശേഷസാഹചര്യങ്ങൾക്ക് അനുസരിച്ച് ജനകീയപ്രശ്‌നങ്ങളിൽ ഇടപെട്ടും പ്രക്ഷോഭങ്ങൾ നയിച്ചും സംഘടനയെ കൂടുതൽ കരുത്തോടെ, കെട്ടുറപ്പോടെ നയിക്കുമെന്നുള്ള നിശ്ചയദാർഢ്യത്തോടെയാണ് മൂന്നുനാൾ നീണ്ടുനിൽക്കുന്ന സമ്മേളനത്തിന് തുടക്കമായത്.
രണാങ്കണത്തിൽ പൊരുതിവീണ ധീരരക്തസാക്ഷികളുടെ തുടിക്കുന്ന സ്മരണകളിരമ്പവെ തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ വി എസ് അച്യുതാനന്ദൻ രക്തപതാക ഉയർത്തി. പ്ലീനം ലക്ഷ്യമിടുന്ന സംഘടനാമുന്നേറ്റത്തിന് ഇനിയുള്ള നാളുകളിൽ കർമനിരതരാകുമെന്ന പ്രതിനിധികളുടെ പ്രഖ്യാപനംകൂടിയായി പതാക ഉയർത്തൽ ചടങ്ങ്. തുടർന്ന് സമ്മേളനനഗരിയിൽ പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷിമണ്ഡപത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.
പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാർടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പ്ലീനം ഉദ്ഘാടനംചെയ്തു. വി എസ്് അച്യുതാനന്ദൻ പതാക ഉയർത്തൽ പ്രസംഗം നടത്തി. കോടിയേരി ബാലകൃഷ്ണൻ അനുശോചനപ്രമേയവും രക്തസാക്ഷിപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എ കെ ബാലൻ സ്വാഗതം പറഞ്ഞു.
ഉദ്ഘാടനസമ്മേളനത്തിനു ശേഷം ആരംഭിച്ച പ്ലീനത്തിൽ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സംഘടനാരേഖ അവതരിപ്പിച്ചു. തുടർന്ന് രേഖയെ അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ച ആരംഭിച്ചു. കഴിഞ്ഞകാലങ്ങളിൽ പാർടി നടത്തിയ ഇടപെടലുകളും അത് കേരളീയസമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളും അതിലൂടെ ജനങ്ങൾക്കുണ്ടായ നേട്ടങ്ങളും രേഖയുടെ ആമുഖത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞകാല നേട്ടങ്ങൾ അട്ടിമറിക്കാൻ യുഡിഎഫ് സർക്കാർ നടത്തുന്ന കുത്സിതനീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാനും രേഖ ആഹ്വാനം ചെയ്തു. കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഓരോ പാർടി അംഗവും പ്രതിജ്ഞാബദ്ധമാണ്. അന്യവർഗചിന്തകളിൽനിന്നും മോചനം നേടണം. മൂല്യങ്ങളിൽനിന്നുള്ള വ്യതിയാനം വച്ചുപൊറുപ്പിക്കില്ല. മഹാഭൂരിപക്ഷവും അങ്ങനെയല്ലെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിച്ചുകാണിക്കുന്നു. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളും ആവർത്തിക്കരുത്. മദ്യപാനം, റിയൽ എസ്റ്റേറ്റ് ബന്ധം, വരവിൽക്കവിഞ്ഞ സ്വത്തുസമ്പാദിക്കൽ, ആരാധനാലയങ്ങളുടെ ഭാരവാഹിത്വം വഹിക്കൽ, ജാതി-മതസംഘടനകളുമായുള്ള ബന്ധം തുടങ്ങിയവയിൽനിന്നെല്ലാം പിന്മാറണം. അവരെ മാറ്റിയെടുക്കാൻ പാർടി ശ്രമിച്ചിട്ടും മാറുന്നില്ലെങ്കിൽ അവരെ അംഗത്വത്തിൽ നിന്നു മാറ്റണം. വർഗീയ തീവ്രവാദിസംഘടനകളെ ആരാധനാലയങ്ങളിൽനിന്ന് മോചിപ്പിക്കാൻ ഇടപെടണം.
പാർടി പ്രവർത്തകർ ജനകീയപ്രശ്‌നങ്ങളിൽ ഇടപെടണം. ബഹുജനങ്ങളോട് വിനയാന്വിതരാകണം. അവരുടെ പരാതികളും ആവലാതികളും കേൾക്കണം. ജനാധിപത്യകേന്ദ്രീകരണത്തിൽ പ്രവർത്തിക്കുന്ന പാർടിയാണെങ്കിലും ഈ കേന്ദ്രീകരണം ബഹുജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. അതത് സമയങ്ങളിലെ രാഷ്ട്രീയസംഭവവികാസങ്ങൾ അവലോകനം ചെയ്യാൻ ഓരോ ഘടകവും സ്വയംപ്രാപ്തരാകണം. അതിനുള്ള രാഷ്ട്രീയവിദ്യാഭ്യാസം നൽകണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചു.

0 comments :
Post a Comment