Friday, November 29, 2013

മതനിരപേക്ഷ ജനാധിപത്യ യോജിപ്പ് അടിയന്തര കടമ

എം രഘുനാഥ്
ഇ എം എസ് നഗർ (പാലക്കാട് ടൗൺഹാൾ): ജനവിരുദ്ധ കോൺഗ്രസിനെയും സംഘപരിവാർ ഉൾപ്പെടെയുള്ള മതാധിഷ്ഠിത രാഷ്ട്രവാദക്കാരെയും ചെറുക്കാൻ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ യോജിപ്പിന് സിപിഐ എം സംസ്ഥാന പ്ലീനം ആഹ്വാനം ചെയ്തു. കേരള രാഷ്ട്രീയ സ്ഥിതിഗതികൾ സംബന്ധിച്ച് പ്ലീനം അംഗീകരിച്ച പ്രമേയത്തിലാണ് ജനങ്ങൾക്കുമുന്നിലുള്ള അടിയന്തര കടമ ഓർമിപ്പിക്കുന്നത്. ജനകീയ പ്രശ്‌നങ്ങളെയും സംസ്ഥാനത്തിന്റെ പൊതുതാൽപ്പര്യത്തെയും ആസ്പദമാക്കി എൽഡിഎഫ് നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവരണം. സാമ്രാജ്യത്വ ധനമൂലധനശക്തികൾക്ക് രാജ്യത്തെ അടിയറവയ്ക്കാൻ ശ്രമിക്കുന്നതാണ് കോൺഗ്രസ്സിന്റെ നയങ്ങൾ. അവയെ പിന്താങ്ങുകയും  തീവ്ര ഹിന്ദുത്വവാദമുയർത്തി രാജ്യത്തെ ശിഥിലീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാർ ഉൾപ്പെടെയുള്ള മതാധിഷ്ഠിത രാഷ്ട്രവാദക്കാർ വിപത്കരമായ നീക്കങ്ങളാണ് നടത്തുന്നത്. ഇവയെ ചെറുക്കാൻ താൽപ്പര്യമുള്ള മതനിരപേക്ഷ ജനാധിപത്യശക്തികളെ യോജിപ്പിച്ച് അണിനിരത്തുക എന്നതാവണം അടിയന്തര കടമയെന്ന് എളമരം കരീം അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ആഗോളവൽക്കരണ കാലഘട്ടത്തിലെ പുതിയ പ്രതിബന്ധങ്ങൾ കൂടി കണക്കിലെടുത്തുള്ള വികസന കാഴ്ചപ്പാടുമായി ബദൽ നയങ്ങൾ കരുപ്പിടിപ്പിക്കാനും അതിനായി പോരാടാനും പ്ലീനം ആഹ്വാനം ചെയ്തു. സാധാരണ ജനങ്ങളെ കാണാതെയുള്ള, പൂർണ കച്ചവടവൽക്കരണം ലക്ഷ്യമിടുന്ന യുഡിഎഫിന്റെ നവലിബറൽ അജണ്ടയായ 'പദ്ധതി പരിപ്രേക്ഷ്യം 2030' തള്ളിക്കളയണമെന്ന് ഡോ. തോമസ് ഐസക് അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. 
സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൻമേൽ 14 ജില്ലകളിൽ നിന്നുള്ള 39 പേർ സംസാരിച്ചതായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ഇത്തരത്തിൽ പ്ലീനം സംഘടിപ്പിച്ചതിനെ പ്രതിനിധികൾ അഭിനന്ദിച്ചതായി കോടിയേരി പറഞ്ഞു. രേഖയെ പൊതുവെ സ്വാഗതം ചെയ്ത അംഗങ്ങൾ ചില നിർദേശങ്ങളും വിമർശനങ്ങളും ഉന്നയിച്ചു.
പാർടി സംസ്ഥാന സെന്ററിന്  ഈ കാലയളവിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്ന് പ്രതിനിധികൾ വിലയിരുത്തി. വിഭാഗീയതയുടെ ഭാഗമായി കേരളത്തിലെ പാർടിക്ക് അവസരങ്ങളും സാധ്യതകളും നഷ്ടപ്പെട്ടു. ഈ വീഴ്ചയിൽ സ്വയം വിമർശനം നടത്തി, അനുഭവപാഠം ഉൾക്കൊണ്ട്, തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നിതാന്ത ജാഗ്രത വേണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു.
പാർടിയുടെ പ്രചാരണ പരിപാടികളിൽ ആധുനിക സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി കാലോചിതമായ മാറ്റം വരുത്തണം. ബഹുജന പ്രശ്‌നങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സമരങ്ങൾ ബന്ധപ്പെട്ട ജനവിഭാഗങ്ങൾ അറിയുന്നില്ല. അതിനനുസരിച്ചുള്ള പ്രചാരണം വേണം. വിദ്യാർഥി-യുവജന- സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാൻ പ്രവർത്തന പരിപാടികൾ വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ചർച്ച പൂർത്തിയായി. ആധാർ നിർബന്ധമാക്കരുതെന്ന പ്രമേയം എം ബി രാജേഷ് അവതരിപ്പിച്ചു.
പ്രതിനിധികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും വിമർശനങ്ങളും സംസ്ഥാന സെക്രട്ടറിയറ്റ് ചർച്ച ചെയ്ത് വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ മറുപടി പ്രസംഗം നടത്തും. തുടർന്ന് രേഖ അംഗീകരിക്കും. വൈകിട്ട് രണ്ട് ലക്ഷം പേരുടെ ബഹുജന സംഗമത്തോടെ പ്ലീനം സമാപിക്കും. സമാപന സമ്മേളനം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.

0 comments :

Post a Comment