Saturday, November 30, 2013

നായനാർ സ്മാരകസ്തൂപം സാമൂഹ്യവിരുദ്ധർ കേടുവരുത്തി

കണ്ണൂർ: സിപിഐ എമ്മിന്റെ സമുന്നത നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെ പയ്യാമ്പലത്തെ സ്മൃതി മണ്ഡപം തകർക്കാൻ ശ്രമം. ചെങ്കല്ലിൽ പണിത സ്തൂപത്തിന്റെ പലഭാഗങ്ങളും കുത്തിപ്പൊളിച്ച നിലയിലാണ്. വ്യാഴാഴ്ച രാത്രിയാണ് അതിക്രമം. കുടീരത്തിന്റെ മേൽഭാഗം തകർത്ത് അവശിഷ്ടങ്ങൾ തൊട്ടടുത്ത സുകുമാർ അഴീക്കോടിന്റെ സ്മാരകത്തിൽ കൊണ്ടിട്ടു.
എ കെ ജി, അഴീക്കോടൻ രാഘവൻ, സി കണ്ണൻ തുടങ്ങി നിരവധി നേതാക്കളുടെയും സ്വദേശാഭിമാനി, സുകുമാർ അഴീക്കോട്, പാമ്പൻ മാധവൻ തുടങ്ങിയ മറ്റ് പ്രമുഖരുടെയും സ്മൃതിമണ്ഡപങ്ങൾ പയ്യാമ്പലം കടൽക്കരയിലാണ്.
വിവരമറിഞ്ഞ് സിപിഐ എം കണ്ണൂർ ഏരിയാകമ്മിറ്റിയംഗങ്ങളായ ടി രാമകൃഷ്ണൻ, പള്ളിയത്ത് ശ്രീധരൻ തുടങ്ങി നിരവധി പേർ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ചന്വേഷിച്ച് കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സിപിഐ എം ജില്ലാ കമ്മറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
മാസങ്ങൾക്ക് മുമ്പ് സ്വദേശാഭിമാനിയുടെ സ്മൃതിമണ്ഡപം വികൃതമാക്കാൻ ശ്രമം നടന്നിരുന്നു. ഇതിൽ വൻജനരോഷമുയർന്നിട്ടും പൊലീസ് ജാഗ്രത പാലിക്കാത്തതാണ് മഹാനായ നേതാവിന്റെ സ്മാരകം തകർക്കാൻ സാമൂഹ്യവിരുദ്ധർക്ക് പ്രോത്സാഹനമായത്. സ്മാരകങ്ങൾക്ക് സംരക്ഷണം നൽകാത്ത അധികൃതരുടെ നടപടിയിൽ നാട്ടുകാർക്ക് കടുത്തരോഷമുണ്ട്. ഇവിടെ പകൽ സമയത്തും സാമൂഹ്യവിരുദ്ധർ നിർബാധം വിഹരിക്കുകയാണ്. പയ്യാമ്പലത്തെത്തുന്നവർക്ക് സംരക്ഷണം നൽകുന്നതിൽ കണ്ണൂർ പൊലീസും അനാസ്ഥ കാട്ടുന്നു. ക്വട്ടേഷൻ സംഘങ്ങൾ മാലപൊട്ടിക്കുന്നതും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതും ഇവിടെ പതിവാണ്.  ചരിത്രപ്രാധാന്യമുള്ള മനോഹരമായ കടൽത്തീരം മദ്യപാനികളും അനാശാസ്യക്കാരും കൈയ്യടക്കുന്നത് പൊലീസ് കണ്ടുനിൽക്കുന്നു.

0 comments :

Post a Comment