Saturday, November 30, 2013

പോരായ്മകൾ തിരുത്തി ജനകീയശക്തിയാകും: ബേബി

പ്ലീനം സമാപനസമ്മേളന പൊതുയോഗത്തിൽ എം എ ബേബി സംസാരിക്കുന്നു
എ കെ ജി നഗർ (പാലക്കാട് സ്‌റ്റേഡിയം ഗ്രൗണ്ട്): സിപിഐ എം പ്ലീനം നടത്തുന്നത് സംഘടനാപരമായ ധാർമികമൂല്യ സംരക്ഷണത്തിനാണെന്നും പോരായ്മകൾ തിരുത്തുമ്പേൾ അത് ജനങ്ങളുടെ കരുത്തായിമാറുമെന്നും പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ചൂഷണ വ്യവസ്ഥ നിലനിൽക്കുമ്പോൾ അതിന്റെ ദൂഷ്യങ്ങൾ, ജീർണതകൾ എന്നിവ കമ്യൂണിസ്റ്റുകാരേയും സ്പർശിക്കാം. ഇതിനെതിരെ പോരാടാനുള്ള കാഴ്ചപ്പാട് കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർടിക്ക് മാത്രമുള്ളതാണ്. അതാണ് പ്ലീനത്തിൽ നടക്കുന്നത്. സമൂഹത്തിലെ ചൂഷണം, അനീതി എന്നിവ അവസാനിപ്പിക്കാൻ പോരാടുമ്പോൾ പാർടിക്ക് അംഗീകരിക്കാൻ കഴിയാത്ത ചില ഘടകങ്ങൾ കടന്നുകയറും. അത് തിരിച്ചറിയണം. ചണ്ഡീഗഢ് പാർടി കോൺഗ്രസ് അംഗീകരിച്ച പ്രമേയമാണ് തെറ്റ് തിരുത്തൽ പ്രക്രിയ. തെരഞ്ഞെടുപ്പ് മാത്രമല്ല പാർടിയുടെ പോരാട്ടം. ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലൂടെയും കരുത്ത് സംഭരിക്കണം.
മതവിശ്വാസം സംരക്ഷിക്കാൻ പാർടി നടത്തിയ പോരാട്ടങ്ങൾ ഇന്നും തുടരുന്നുണ്ട്. കർണാടകത്തിൽ അനാചാരങ്ങൾക്കെതിരെ ശക്തമായ സമരമാണ് സിപിഐ എം നടത്തുന്നത്. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മടേസ്‌നാന എന്ന അനാചാരത്തിനെതിരെയാണ് സമരം നടത്തുന്നത്.  അത്തരം അനാചാരങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളിലും സിപിഐ എം സമരം നടത്തുന്നുണ്ടെന്നും ബേബി പറഞ്ഞു.

0 comments :

Post a Comment