Saturday, November 30, 2013

സിപിഐ എം വിശ്വാസികൾക്ക് എതിരല്ല: പിണറായി

പാലക്കാട്: സിപിഐ എം വിശ്വാസികൾക്കെതിരാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ ജീവൻകൊടുത്ത് പോരാടുന്ന പ്രസ്ഥാനമാണിത്.  ആരോടും തൊട്ടുകൂടായ്മ പുലർത്തുന്നില്ല. സമൂഹത്തെ ജാതീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.  ഇതിനെതിരെ നല്ല ജാഗ്രതയും കരുതലും വേണം. സിപിഐ എം പ്ലീനത്തോട് അനുബന്ധിച്ച് നടന്ന റാലിയിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു പിണറായി.
അരാഷ്ട്രീയത വേണമെന്ന പ്രചാരണം നടക്കുന്നുണ്ട്. അതിന് സ്വത്വരാഷ്ട്രീയവും ഉത്തരാധുനികതയുമെല്ലാം ഉയർത്തുന്നു. ചിലർ അനാവശ്യ ജാതിവിഷയം കൊണ്ടുവരുന്നുണ്ട്. പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് നാടിന് ഉയർച്ചയുണ്ടായത്. തൊഴിലാളികളും കർഷകരും എല്ലാം വർഗാടിസ്ഥാനത്തിലാണ് പ്രക്ഷോഭം നടത്തിയത്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം ചേർന്ന് വർഗാടിസ്ഥാനത്തിലുള്ള സമരം തന്നെയാണ് നടത്തിയത്.  ഇന്നത്തെ കേരളം സൃഷ്ടിച്ചതിൽ കമ്യുണിസ്റ്റുകാർ വഹിച്ച പങ്ക് വലുതാണ്.
നാടിന് ദുരിതം മാത്രം വിതച്ച സർക്കാരിനെതിരായ ശക്തമായ പ്രക്ഷോഭ വേലിയേറ്റത്തിൽ പിടിച്ചുനിൽക്കാൻ കഴിയാതെ യുഡിഎഫ് സർക്കാർ ഒലിച്ചുപോവും. കള്ളക്കേസുകളും അക്രമങ്ങളുമുണ്ടാക്കി നേതാക്കളെയും പ്രവർത്തകരെയും ജയിലിലടച്ച് സിപിഐ എമ്മിനെ തകർക്കാമെന്ന ഏറ്റവും ഹീനമായ പ്രവർത്തികളാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുകൊണ്ട് സിപിഐ എം നിശ്ചലമാവുമെന്നാണ് ഭരണക്കാർ കരുതിയത്. എന്നാൽ പാർടിയെ തകർക്കാൻ അനുവദിക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെ ജനങ്ങൾ ഉറച്ച് നിന്നപ്പോൾ സർക്കാരിന് പത്തിമടക്കേണ്ടിവന്നു.
യുഡിഎഫിനെ അധികാരത്തിലേറ്റിയ ജനങ്ങളാകെ നിരാശരാണ്.  ഇതിന്റെ പ്രതിഫലനങ്ങൾ യുഡിഎഫിനകത്ത് കാണാൻ കഴിയും. ഓരോ പാർടിയിലും പാർടികൾ തമ്മിലും പ്രശ്‌നമാണ്. പണമൊഴുക്കി ഇതിനെ നേരിടാമെന്നാണ് കോൺഗ്രസും യുഡിഎഫും കരുതുന്നത്. മതനിരപേക്ഷത പറയുമെങ്കിലും വർഗീയ തീവ്രവാദശക്തികളുമായി എല്ലാ കാലത്തും സമരസപ്പെട്ടുപോവുകയാണ് കോൺഗ്രസ് ചെയ്തിട്ടുള്ളത്. നാല് വോട്ടിന്‌വേണ്ടി ഇത്തരംകക്ഷികളെ എല്ലാ കാലത്തും കൂട്ടുപിടിച്ചിട്ടുണ്ട്.
കേരളത്തിൽ മതനിരപേക്ഷത സംരക്ഷിക്കാൻ എൽഡിഎഫിനെ കഴിയൂ. അതിൽ പ്രധാനം സിപിഐ എമ്മിന്റെ കരുത്താണ്. വർഗീയതയെയും തീവ്രവാദത്തെയും  എതിർക്കുന്ന എല്ലാ ജനവിഭാഗങ്ങളും സിപിഐഎമ്മിനെയും എൽഡിഎഫിനെയും അനുകൂലിക്കും. ആർഎസ്എസും എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് എൽഡിഎഫിന് കൂടുതൽ കരുത്തുണ്ടാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. പ്ലീനത്തോടെ സിപിഐ എം കൂടുതൽ കരുത്തുറ്റ സംഘടനയായി മാറുമെന്നും പിണറായി പറഞ്ഞു.

0 comments :

Post a Comment