Wednesday, November 27, 2013

ഗുജറാത്ത് മോഡൽ ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാൻ നീക്കം: ആർ ബി ശ്രീകുമാർ

പാലക്കാട്: ഹിന്ദുത്വ വർഗീയതയുടെ പരീക്ഷണശാലയായിരുന്ന ഗുജറാത്ത് ഇപ്പോൾ അതിന്റെ പ്രദർശനശാലയായി മാറിയിരിക്കുകയാണെന്ന് ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ. ഈ ഗുജറാത്ത് മോഡൽ ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാനാണ് ബിജെപിയും നരേന്ദ്രമോഡിയും ശ്രമിക്കുന്നത്. സിപിഐ എം സംസ്ഥാന പ്ലീനത്തിന്റെ ഭാഗമായി 'മതനിരപേക്ഷതയും ഇന്ത്യൻ ജനാധിപത്യവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ  അദ്ദേഹം പറഞ്ഞു.
 ഗുജറാത്തിലെ വികസനം മോഡിയുടെ   നേട്ടമല്ല. 1962 മുതൽ ക്രമാനുഗതമായി ഉണ്ടായ മാറ്റമാണ്. ഒരു മുഖംമൂടിയായി വികസനത്തെ മോഡി ഉപയോഗിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന സംസ്ഥാനമായി ഗുജറാത്ത് മാറി. 1,25,000 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. സംസ്ഥാനത്തെ 25 ശതമാനം സർക്കാർ ഭൂമി കോർപറേറ്റുകൾക്ക് വിട്ടുകൊടുത്തു.
രാജ്യത്തെ മതേതരത്വത്തിന് വലിയ ഭീഷണിയായി ഹിന്ദുവർഗീയത മാറുകയാണ്. മറ്റുള്ളവരുടെ ആരാധനാരീതിയെ തള്ളിപ്പറയാൻ ഹിന്ദുമതഗ്രന്ഥങ്ങളിലൊരിടത്തും പറഞ്ഞിട്ടില്ല. ഗുജറാത്ത് കലാപം ആസൂത്രിതമായിരുന്നു. ഇതിൽ കലാപം നേരിട്ട് നടത്തിയ താഴെത്തട്ടിലുള്ള ചിലർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഗൂഢാലോചനക്കാരും ആസൂത്രകരും ഉൾപ്പെടെയുള്ള ഉന്നതർ പിടിക്കപ്പെട്ടില്ല. ഇവർ ശിക്ഷിക്കപ്പെട്ടാൽമാത്രമേ യഥാർഥനീതി നടപ്പായെന്നുപറയാനാകു.
ജനാധിപത്യത്തെയും ഭരണകൂടത്തെയും അട്ടിമറിച്ചയാളാണ് നരേന്ദ്രമോഡി. കലാപത്തിന് സർക്കാർസംവിധാനങ്ങളെയാകെ മോഡി ഉപയോഗപ്പെടുത്തി. കലാപത്തിന് കൂട്ടുനിന്നവർക്ക് പിന്നീട് ഉന്നതസ്ഥാനങ്ങൾ നൽകി. അല്ലാത്തവരുടെ സ്ഥാനക്കയറ്റവും പെൻഷനും മറ്റും തടഞ്ഞ് പീഡിപ്പിച്ചു -ആർ ബി ശ്രീകുമാർ പറഞ്ഞു.

0 comments :

Post a Comment