Wednesday, November 27, 2013

രാഹുലും മോഡിയും ഒരേ തൂവൽപക്ഷികൾ: എസ് ആർ പി

പാലക്കാട്: കോർപറേറ്റുകൾക്കുവേണ്ടിയുള്ള നയം നടപ്പാക്കുന്നതിൽ നരേന്ദ്രമോഡിയും രാഹുൽഗാന്ധിയും ഒരേ തൂവൽപക്ഷികളാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. സിപിഐ എം സംസ്ഥാന പ്ലീനത്തോടനുബന്ധിച്ച് ചെറിയ കോട്ടമൈതാനത്തെ പി ഗോവിന്ദപിള്ള നഗറിൽ  'മതനിരപേക്ഷതയും ഇന്ത്യൻ ജാധിപത്യവും' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോഡിയെ ഉയർത്തിക്കൊണ്ടുവന്നത് കോൺഗ്രസാണ്. ഗുജറാത്തിൽ മോഡിയെ തളയ്ക്കാൻ കഴിയാത്ത കോൺഗ്രസിന് എങ്ങനെ ദേശീയ രാഷ്ട്രീയത്തിൽ എതിർക്കാനാവും? അപകടകരമായ പ്രവണതകളുടെ പ്രതീകമായ നരേന്ദ്രമോഡി ലക്ഷ്യമിടുന്നത് ഹൈന്ദവ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയശക്തി സമാഹരിക്കാനാണ്. അതുകൊണ്ട് മോഡിക്ക് അനുകൂലമായും പ്രതികൂലമായും ചേരിതിരിവ് ഉണ്ടാക്കുന്നു. ഇതിനു പിന്നിൽ കോർപറേറ്റുകളും അമേരിക്കൻ സാമ്രാജ്യത്വ ശക്തികളും കോൺഗ്രസും ബിജെപിയുമുണ്ട്. മോഡി തരംഗം സൃഷ്ടിച്ച് ബിജെപിക്ക് അധികാരത്തിലെത്താനും മോഡിവിരുദ്ധ വികാരത്തിലൂടെ കോൺഗ്രസിന് അധികാരത്തിലെത്താനും സാധിക്കുമോ എന്നാണ് ചിന്ത. മോഡിയും രാഹുലും നടപ്പാക്കുന്ന നവ-ഉദാരവൽക്കരണ നയങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കലാണ് കോർപറേറ്റുകളുടെ ലക്ഷ്യം.
രാഷ്ട്രീയം മതത്തിലും മതം രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തുന്നത് വർധിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി പല വിശ്വാസങ്ങളേയും മാറ്റിമറിച്ചു. എന്നാൽ, രാഷ്ട്രീയത്തേയും മതത്തേയും ഉപയോഗിച്ച് കഴിഞ്ഞകാല വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുയാണ്. ഇതിന്റെ ഭാഗമായി അനാചാരവും അന്ധവിശ്വസവും പ്രചരിപ്പിക്കുന്നു. ചരിത്രത്തിന്റെ പ്രേതപ്പറമ്പിൽ വലിച്ചെറിഞ്ഞ വിശ്വാസങ്ങളെ യശസ്സിന്റെ പ്രതീകങ്ങളായി അവതരിപ്പിക്കുന്നു. മതാടിസ്ഥാനത്തിൽ രാഷ്ട്രീയം വളർത്തി അധികാരം കൈയാളാനാണ് ശ്രമം. ബാബറി മസ്ജിദ് തകർത്തതോടെയാണ് ഇന്ത്യയിൽ കലാപങ്ങളുടെ വഴിത്തിരിവായത്. ഭൂരിപക്ഷമതത്തിലെ തീവ്ര വിശ്വാസികൾ വിശ്വാസം അടിച്ചേൽപ്പിക്കുമ്പോൾ ന്യൂനപക്ഷമതങ്ങളിലെ തീവ്ര വിശ്വാസികളും ഈ രീതി പിന്തുടരുന്നു.    ഇത് വർഗീയ ചേരിതിരിവിനു കാരണമാകുന്നു. ഇതോടെയാണ് അനാചാരങ്ങൾക്ക് വലിയ സ്ഥാനം വരുന്നത്. ഇതിലൂടെ മതാടിസ്ഥാനത്തിൽ രാഷ്ട്രീയം വളർത്തി അധികാരത്തിലേക്കു വഴിതുറക്കാൻ ശ്രമിക്കുകയാണ്. കോർപറേറ്റുകൾ ആഗ്രഹിക്കുന്നതും ഈ സ്ഥിതിവിശേഷംതന്നെ. 
രാജ്യത്ത് നയങ്ങൾ തീരുമാനിക്കുന്നത് ഇപ്പോൾ കോർപറേറ്റുകളാണ്. കോർപറേറ്റുകളായ രാഷ്ട്രീയക്കാരുടെ എണ്ണം വർധിക്കുന്നു. 'കോർപറേറ്റുകൾ കോർപറേറ്റുകളാൽ കോർപറേറ്റുകൾക്ക്' എന്ന രീതിയിലാണ് ഇപ്പോഴത്തെ ഇന്ത്യൻ ജനാധിപത്യം. 2ജി  സ്‌പെക്ട്രം അഴിമതിയിൽ മുഖ്യപ്രതിയായ എ രാജയെ കേന്ദ്രമന്ത്രിയാക്കിയത് റിലയൻസും ടാറ്റയും ചേർന്നാണ്. നീര റാഡിയ ടേപ്പിൽ അതാണ് സുപ്രീംകോടതിയും സിബിഐയും അന്വേഷിക്കുന്നത്. ഇന്ന് കമ്യൂണിക്കേഷൻനയം തീരുമാനിക്കുന്നത് കോർപറേറ്റുകളാണ്. ജയ്പാൽ റെഡ്ഡിയെ മാറ്റി വീരപ്പമൊയ്‌ലിയെ പെട്രോളിയം മന്ത്രിയാക്കിയത് റിലയൻസാണ്. കഴിഞ്ഞ കാലത്തുണ്ടായ വലിയ അഴിമതികളിൽ  6.25 ലക്ഷം കോടിരൂപയാണ് കോർപറേറ്റുകൾ കൊള്ളയടിച്ചത്. ശതകോടീശ്വരന്മാരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നു. കഴിഞ്ഞ വർഷത്തെ 61ൽ നിന്ന് ഈ വർഷം അത് 103ആയി ഉയർന്നു.
2004മുതൽ 2008വരെ ഇടതുപക്ഷ പാർടികൾ കോൺഗ്രസിന് പിന്തുണ നൽകിയത് വർഗീയതയെ ചെറുക്കാനും പുരോഗമനത്തിനുവേണ്ടിയുമായിരുന്നു.  എന്നാൽ, ആ പിന്തുണ ഉപയോഗിച്ച് ഉദാരവൽക്കരണനയങ്ങൾ നടപ്പാക്കാനണ് കോൺഗ്രസ് ശ്രമിച്ചത്. കോൺ്രഗസിനോ ബിജെപിക്കോ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാൻ കഴിയില്ല. ഇടതുപക്ഷ -മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യനിര പടുത്തുയർത്തിയാൽ മാത്രമെ ഇവരെ മാറ്റിനിർത്തി രാജ്യത്തെ രക്ഷിക്കാനാവു-എസ് ആർ പി പറഞ്ഞു.

0 comments :

Post a Comment