Wednesday, November 27, 2013

ചക്കിട്ടപ്പാറ ഖനനം: സർവേ അനുവദിച്ചത് യുഡിഎഫ് സർക്കാർ

കോഴിക്കോട്: ചക്കിട്ടപ്പാറയിൽ കർണാടകയിലെ എംഎസ്പിഎൽ കമ്പനിക്ക് സർവേക്ക് അംഗീകാരം നൽകിയത് യുഡിഎഫ് സർക്കാർ. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ക്യാബിനിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത ചർച്ചയിലെ തീരുമാനപ്രകാരമാണ് സർവേയുമായി കമ്പനി മുന്നോട്ടുപോയത്. ഇരുമ്പയിര് ഖനനത്തിന് കേന്ദ്രാനുമതി ലഭിച്ചതിന് പിന്നാലെ ആയിരുന്നു സംസ്ഥാന സർക്കാർ സർവേ അനുവദിച്ചത്.
ഖനനത്തിന് എല്ലാ വകുപ്പുകളുടെയും അനുമതി ലഭിച്ചത് 2013 മാർച്ചിലാണ്. വനം വന്യജീവി വകുപ്പ്, സംസ്ഥാന വ്യവസായ വകുപ്പ്, പ്ലാന്റേഷൻ കോർപറേഷൻ, വനംവകുപ്പ് എന്നിവയുടെ അനുമതിയാണ് ലഭിച്ചത്. ഇതിനു ശേഷമാണ് എംഎസ്പിഎൽ സർവേ തുടങ്ങിയത്. ഈ സർവേ ഒക്ടോബർ 25ന് സിപിഐ എം നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റി തടഞ്ഞു. തുടർന്ന് നവംബർ രണ്ടിന് ചക്കിട്ടപ്പാറ പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നു. സർവേ തുടങ്ങിയത് മുഖ്യമന്ത്രിയുടെ ക്യാബിനിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണെന്ന കമ്പനി പ്രതിനിധികളുടെ വെളിപ്പെടുത്തൽ പഞ്ചായത്ത് മിനുട്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സർവെ തുടരാൻ അനുവദിക്കണമെന്ന് യോഗത്തിൽ കലക്ടർക്കു വേണ്ടി തഹസിൽദാർ ആവശ്യപ്പട്ടു. ആക്ഷൻ കമ്മിറ്റി ശക്തമായ നിലപാട് സ്വീകരിച്ചതോടെ സർവെ നിർത്തിവയ്ക്കാൻ യോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു. പിന്നീട് ആക്ഷൻ കമ്മിറ്റിയാണ് മാധ്യമങ്ങൾക്ക് രേഖകൾ കൈമാറിയത്. 2009ൽ കേന്ദ്രസർക്കാരിന്റെ ഖനന മന്ത്രാലയമാണ് അനുമതി നൽകിയത്. 30 വർഷ പാട്ടത്തിനാണ് 406 ഹെക്ടർ ഭൂമി കൈമാറാൻ തീരുമാനിച്ചത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയിൽ മാധവ് ഗാഡ്ഗിൽ കമീഷൻ റിപ്പോർട്ട് വന്നതിനു ശേഷമാണ് സർവേക്ക് യുഡിഎഫ് സർക്കാർ അനുമതി നൽകിയത്.
പാരിസ്ഥിതിക പ്രശ്‌നങ്ങൾ, കുടിവെള്ള പ്രശ്‌നം, പ്ലാന്റേഷൻ കോർപറേഷൻ തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ രാഷ്ട്രീയപാർടി പ്രതിനിധികൾ ഉന്നയിച്ചതായും മിനുട്‌സിലുണ്ട്. സർവേ നിർത്തിവച്ച വിവരം സർക്കാരിനെ അറിയിക്കാൻ തഹസിൽദാറെ യോഗം ചുമതലപ്പെടുത്തിയിരുന്നു.
കെ കുഞ്ഞമ്മദ് എംഎൽഎ, കൊയിലാണ്ടി തഹസിൽദാർ സജീവ് ദാമോദർ, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ, എംഎസ്പിഎൽ കമ്പനി എജിഎം വി സുകുമാരൻനായർ, എംഡി എസ് മുരളീകൃഷ്ണൻ എന്നിവരും രാഷ്ട്രീയ പാർടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു.

0 comments :

Post a Comment