Saturday, November 30, 2013

കോൺഗ്രസുകാർ ചേരിതിരിഞ്ഞ് കൊല്ലുന്നു: കോടിയേരി

വേണു കെ ആലത്തൂർ
എ കെ ജി നഗർ  (പാലക്കാട് സ്‌റ്റേഡിയം ഗ്രൗണ്ട്): നാല് കോൺഗ്രസുകാർ കൂടിയാൽ മൂന്നു ഗ്രൂപ്പാവുകയും ഒരു ഗ്രൂപ്പുകാർ മറുഗ്രൂപ്പുകാരെ കൊല്ലുകയും ചെയ്യുന്നുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരിൽ രണ്ട് കോൺഗ്രസുകാരെ അവർതന്നെ കൊന്നു. 'എ'ഗ്രൂപ്പ് 'ഐ'ഗ്രൂപ്പുകാരനെ കൊന്നു, 'ഐ'ഗ്രൂപ്പുകാരനെ 'എ'ഗ്രൂപ്പുകാർ കൊന്നു. തിരുവനന്തപുരത്തും കോൺഗ്രസുകാരെ അവർതന്നെ കൊന്നു. ഇതുസംബന്ധിച്ച് നിയമസഭയിൽ കെ രാധാകൃഷ്ണൻ പ്രമേയം കൊണ്ടുവന്നപ്പോൾ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത്, 'ഞങ്ങളുടെ ആളുകളെ ഞങ്ങൾതന്നെ കൊന്നാൽ നിങ്ങൾക്കെന്താണെന്നാണ്'. ലീഗ് സമ്മേളനം നടത്തിയാൽ വെടിവയ്പ്പ് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
 അച്ചടക്കത്തോടെ നയിച്ചു പൊരുതാനാണ് സിപിഐ എം പ്രവർത്തിക്കുന്നത്. സിപിഐ എം നടത്തുന്ന സമരങ്ങളൊന്നും വിജയിക്കുന്നില്ലെന്നാണ് ഉമ്മൻചാണ്ടി പ്രചരിപ്പിക്കുന്നത്. അതിനുള്ള മറുപടിയാണ് ഈ മഹാറാലി. രണ്ടു ലക്ഷത്തിലധികംപേർ പങ്കെടുത്ത ഇതുപോലൊരു റാലി നടത്താൻ കോൺഗ്രസിനാവുമോയെന്നും അദ്ദേഹം ചോദിച്ചു.
ഞങ്ങൾ നടത്തിയ സമരങ്ങളിലൊന്ന് കഴിഞ്ഞ നവംബർ അഞ്ചിന് വിജയിച്ചു. ലാവ്‌ലിൻ കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതിവിധിയായിരുന്നു അത്. പിണറായി വിജയൻ തെറ്റ് ചെയ്തിട്ടില്ലെന്നു കോടതി കണ്ടെത്തിയപ്പോൾ വർഷങ്ങളായുള്ള സിപിഐ എം നിലപാട് വിജയിച്ചു. കേരളത്തെ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കു നയിച്ച വൈദ്യുതി മന്ത്രിയായിരുന്നു പിണറായി വിജയൻ. നായനാർ മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ കടുത്ത വൈദ്യുതിക്ഷാമമായിരുന്നു കേരളത്തിൽ. അതിനു പരിഹാരം കാണാനാണ് പിണറായി ശ്രമിച്ചത്.
ഏ കെ ആന്റണി മുഖ്യമന്ത്രിയായ ശേഷം 32 യുഡിഎഫ് എംഎൽഎമാർ ഒപ്പിട്ട് ഒരു നിവേദനം നൽകി. ലാവ്‌ലിൻ ഇടപാട് വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു നിവേദനത്തിൽ പറഞ്ഞത്. എന്നാൽ, ആന്റണി അത്  നിരസിച്ചു. പിന്നീട് മുത്തങ്ങ വെടിവയ്പ്പ് ഉണ്ടായപ്പോൾ കേരളത്തിൽ ഇടതുപക്ഷം വൻതോതിലുള്ള സമരങ്ങൾ ഉയർത്തിക്കൊണ്ടുവന്നു. അപ്പോൾ ജനശ്രദ്ധ തിരിക്കാൻ കേസ് വിജിലൻസിനു വിട്ടു. അന്നത്തെ ഡയറക്ടർ അന്വേഷിച്ച് അഴിമതിയില്ലെന്നു കണ്ടെത്തിയപ്പോൾ ഉപേന്ദ്രവർമയെ ഡയറക്ടർസ്ഥാനത്തുനിന്ന് മാറ്റി. പിന്നീട് നിയമസഭാതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കേസ് സിബിഐക്ക് വിടുകയായിരുന്നു. അതിെന്റ വിധിയാണ് ഇപ്പോൾ വന്നത്.
ഉമ്മൻചാണ്ടിയെ ജനങ്ങൾ വെറുത്തുതുടങ്ങിയപ്പോൾ ജനസമ്പർക്കവുമായി രംഗത്തുവന്നു. രാജഭരണത്തെ അനുസ്മരിപ്പിക്കും വിധമാണ് ഇത്. രാജാവിനെ കണ്ടാൽ ആനുകൂല്യം ഉറപ്പ് എന്ന പോലെ ഉമ്മൻചാണ്ടിയെ കണ്ടാൽ ആനുകൂല്യം കിട്ടും. എന്നാൽ, ഈ മാമാങ്കം എന്തിനാണെന്ന് കലക്ടർമാർവരെ ചോദിക്കുന്നു. എപിഎൽ കാർഡ് ബിപിൽ ആക്കലാണ് പ്രധാന പരിപാടി. ഈ പദ്ധതി െകാണ്ടുവന്നത് എൽഡിഎഫ് അല്ലല്ലോ, ആന്റണിയാണ് റേഷൻകാർഡ് രണ്ടുതരമാക്കിയത്്. അത് ശരിയാക്കാൻ ഉമ്മൻചാണ്ടി ജനസമ്പർക്കം നടത്തുന്നു.
സോളാർ അഴിമതിയിൽ ഉൾപ്പെട്ട ഉമ്മൻചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ എൽഡിഎഫ് സമരം നടത്തുന്നത്. അത് വിജയിക്കുകതന്നെ ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

0 comments :

Post a Comment