![]() |
| ശരദ് ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ മോഡി യുവതിയോടൊപ്പം |
ന്യൂഡൽഹി: ബംഗളൂരുവിലെ ആർക്കിടെക്ടായ യുവതിയെ രഹസ്യനിരീക്ഷണത്തിൽ നിർത്തിയത് യുവതിയുടെ അച്ഛന്റെ അഭ്യർഥനപ്രകാരമാണെന്ന ബിജെപി വാദം പൊളിയുന്നു. നരേന്ദ്ര മോഡിക്ക് യുവതിയെ നേരിട്ട് പരിചയമില്ലെന്ന അവകാശവാദം നുണയാണെന്നതിന്റെ തെളിവുകൾ പുറത്തായി. കച്ച് ജില്ലയിൽ ഒരു സ്വകാര്യ ട്രസ്റ്റ് വിനോദസഞ്ചാര പ്രോത്സാഹനത്തിനെന്ന പേരിൽ സംഘടിപ്പിച്ച 'ശരദ് ഉത്സവി'ൽ മോഡിയും യുവതിയും ഒരുമിച്ച് പങ്കെടുത്തതിന്റെ തെളിവുകൾ ചിത്രങ്ങൾ സഹിതം പുറത്തായി.ഉത്സവത്തിനായി മരുഭൂമിയിൽ ഉണ്ടാക്കിയ ആഡംബര ടെന്റിൽ മോഡി ഒരു രാത്രി തങ്ങി. യുവതിയും ഇവിടെയുണ്ടായിരുന്നു.
ശരദ് ഉത്സവത്തിന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചത് ഈ യുവതിയാണ്. യുവതിക്കൊപ്പം മോഡി ചിരിച്ചുല്ലസിക്കുന്നതടക്കം ഒരു ഡസനോളം ചിത്രങ്ങളാണ് പുറത്തുവന്നത്. 2005 ഒക്ടോബർ ആദ്യവാരമായിരുന്നു 'ശരദ് ഉത്സവ്'.
കച്ച് കലക്ടറായിരുന്ന പ്രദീപ് ശർമയും ശരദ് ഉത്സവത്തിനെത്തിയിരുന്നു. മുഖ്യമന്ത്രി തന്നെ കാണണമെന്ന് ആവശ്യപ്പെട്ടതായി ചടങ്ങിനിടെ യുവതി ശർമയെ ഫോണിൽ അറിയിച്ചു. മുഖ്യമന്ത്രി കാണാൻ സാധ്യതയില്ലെന്നും പ്രത്യേക സുരക്ഷയുള്ളതിനാൽ സമീപത്ത് എത്തുക എളുപ്പമാവില്ലെന്നും ശർമ പറഞ്ഞു. മോഡിയെ കാണാൻ അടുത്ത ദിവസം വരുമെന്നായിരുന്നു ഇതിനോട് യുവതിയുടെ പ്രതികരണം. അടുത്ത ദിവസം ശർമയെ അത്ഭുതപ്പെടുത്തി തടസ്സമില്ലാതെ യുവതി മുഖ്യമന്ത്രിക്ക് സമീപമെത്തി. ഇക്കാര്യം സുപ്രീംകോടതിയിലെ സത്യവാങ്മൂലത്തിലും ശർമ പറഞ്ഞിട്ടുണ്ട്.
മോഡിക്ക്് മകളെ പരിചയമില്ലെന്നും താൻ ആവശ്യപ്പെട്ടതു പ്രകാരം ഗുജറാത്ത് പൊലീസ് സുരക്ഷയൊരുക്കുകയായിരുന്നുവെന്നും യുവതിയുടെ അച്ഛൻ പ്രേംലാൽ സോണി അവകാശപ്പെട്ടിരുന്നു.

0 comments :
Post a Comment