Friday, November 29, 2013

മനോരമയ്ക്ക് കരീമിന്റെ നോട്ടീസ്: ഖനനാനുമതി നൽകാൻ അധികാരം കേന്ദ്രത്തിന്

കൊച്ചി: ചക്കിട്ടപാറയിലെ ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെടുത്തി അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചതിന് മലയാള മനോരമയ്ക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മുൻ വ്യവസായ മന്ത്രിയുമായ എളമരം കരീം വക്കീൽ നോട്ടീസ് അയച്ചു. 
വാർത്ത പ്രസിദ്ധീകരിച്ചതിന്റെ അതേ പ്രാധാന്യത്തോടെ നിഷേധക്കുറിപ്പ് പ്രസിദ്ധീകരിക്കണമെന്നും അടിസ്ഥാനരഹിതമായ വാർത്ത പ്രസിദ്ധീകരിച്ചതിന് 15 ദിവസത്തിനുള്ളിൽ നിരുപാധികം മാപ്പുപറയണമെന്നും പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കിയതിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് എം കെ ദാമോദരൻ ആൻഡ് അസോസിയേറ്റ്‌സ് അഭിഭാഷകൻ പി കെ വിജയമോഹനൻ മുഖേന നോട്ടീസ് നൽകിയത്. ഇതുചെയ്യാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് നോട്ടീസിൽ വ്യക്തമാക്കി. മലയാള മനോരമ പ്രിന്റർ ആൻഡ് പബ്ലിഷർ മാമ്മൻ വർഗീസ്, ചീഫ് എഡിറ്റർ മാമ്മൻ മാത്യു, സ്റ്റാഫ് റിപ്പോർട്ടർ എന്നിവർക്കാണ് നോട്ടീസ്.
മനോരമ പത്രത്തിൽ 27ന് ഒന്നാം പേജിലാണ് 'ഇരുമ്പയിര് ഖനനം കോഴ അഞ്ചു കോടി, ആരോപണത്തിന്റെ മുന എളമരം കരീമിലേക്ക്' എന്ന തലക്കെട്ടിൽ വാർത്ത നൽകിയത്. വ്യവസായ മന്ത്രിയായിരിക്കെ ചക്കിട്ടപാറയിൽ സ്വകാര്യ കമ്പനിക്ക് ഖനനാനുമതി നൽകിയിട്ടില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കി. സർവേ നടത്താനും അനുമതി നൽകിയില്ല. ഖനനാനുമതി നൽകേണ്ടത് കേന്ദ്രസർക്കാരാണ്. വനാതിർത്തിയിൽ സർവേ ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടത്തണമെങ്കിൽ വനം-പരിസ്ഥിതി വകുപ്പിന്റെ അനുമതി ആവശ്യമാണ്.
വ്യവസായ മന്ത്രിയായിരിക്കെ താൻ 1000 ഏക്കറിൽ ഖനനാനുമതി നൽകിയെന്ന ആരോപണത്തിന് ഒരു ന്യായീകരണവുമില്ല. ഖനനത്തിന് അനുമതി നൽകാൻ കേന്ദ്ര സർക്കാരിനു മാത്രമേ അധികാരമുള്ളു എന്നത് വ്യക്തമാണ്. വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വനമേഖലയിൽ ഒരു പ്രവൃത്തിയും നടത്താനുമാവില്ല.
ഖനനത്തിന് അനുമതി ലഭിക്കുന്നതിനുള്ള വസ്തുതകളെപ്പറ്റി അറിവില്ലാത്തവർക്കിടയിൽ താൻ അനുമതി നൽകിയെന്ന പ്രതീതി ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമായാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ഇതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. വാർത്തയോടൊപ്പമുള്ള കാരിക്കേച്ചറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും ചിത്രീകരിച്ചിരുന്നു. സിപിഐ എം പ്ലീനം പാലക്കാട് നടക്കുന്ന പശ്ചാത്തലത്തിൽ തന്നെയും അതുവഴി പാർടിയെയും സമൂഹമധ്യത്തിൽ അപമാനിക്കാനാണ് മനോരമ വാർത്ത നൽകിയതെന്നും നോട്ടീസിൽ പറഞ്ഞു.

0 comments :

Post a Comment