Wednesday, November 27, 2013

ദുഷ്പ്രചാരകർക്ക് മറുപടി

ആർ എസ് ബാബു
പാലക്കാട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരഭ്രഷ്ടമാക്കാനും വർഗീയ വിപൽശക്തിയായ ബിജെപിയെ ഒറ്റപ്പെടുത്താനും കേരളം ഇടതുപക്ഷ ജനാധിപത്യമുന്നണിക്കൊപ്പം അണിനിരക്കുമെന്ന ഉറച്ച രാഷ്ട്രീയ വിലയിരുത്തൽ സിപിഐ എം സംസ്ഥാന പ്ലീനം മുന്നോട്ടുവച്ചു.
കോൺഗ്രസ് നേതൃത്വം നൽകുന്ന അഴിമതിഭരണത്തിന് അവസാനം കുറിക്കാനും നരേന്ദ്രമോഡി നയിക്കുന്ന വർഗീയ വിപൽശക്തിയെ ഒറ്റപ്പെടുത്താനും കേരളം മുന്നോട്ടുവരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സൂചിപ്പിച്ചു.  അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഘടകമാണ് കേരളത്തിലെ സിപിഐ എം എന്നും കാരാട്ട് വ്യക്തമാക്കി. സംസ്ഥാനത്തെ പാർടി തകർച്ചയെ നേരിടുകയാണെന്നും അംഗസംഖ്യയിൽ വലിയ ചോർച്ച ഉണ്ടായെന്നും ഇതിനുമധ്യേയാണ് പ്ലീനം ചേരുന്നതെന്നുമുള്ള ചില പംക്തിഎഴുത്തുകാരുടെ അസംബന്ധ വിലയിരുത്തലിനുള്ള പ്രഹരമായി കാരാട്ടിന്റെ വാക്കുകൾ. കോട്ടയം സംസ്ഥാന സമ്മേളന കാലത്ത് 3,36,644ആയിരുന്നു പാർടി അംഗസംഖ്യ. എന്നാൽ, 2012 ഫെബ്രുവരിയിൽ തിരുവനന്തപുരംസമ്മേളനമായപ്പോൾ അംഗസംഖ്യ 3,70,818. വർധനവ്  34,174. പ്ലീനമാകുമ്പോഴാകട്ടെ അംഗസംഖ്യ 4,01,704 എന്ന നിലയിലേക്ക് വളർന്നു.
അംഗങ്ങളുടെ എണ്ണത്തിലെ വളർച്ചക്കപ്പുറം ഗുണപരമായ വളർച്ച ലക്ഷ്യമിട്ടാണ് പ്ലീനം നടക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അവതരിപ്പിച്ച സംഘടനാറിപ്പോർട്ട് വ്യക്തമാക്കി. ജനങ്ങളോട് ക്ഷമാശീലത്തോടും വിനയത്തോടും മാതൃകാപരമായും പെരുമാറുന്ന കേഡർമാരുടെ പ്രസ്ഥാനമാണ് സിപിഐ എം എന്ന സങ്കൽപ്പം കൂടുതൽ യാഥാർഥ്യമാക്കാനുള്ള കർമപരിപാടികൾക്കാണ് പ്ലീനം രൂപം നൽകുന്നത്.
അടിയന്തരാവസ്ഥക്ക് ശേഷം പാർടിയിലെത്തിയവരാണ് അംഗസംഖ്യയിൽ 96 ശതമാനമെങ്കിലും ഏറ്റവും പ്രതികൂലമായ ഇന്നത്തെ സാഹചര്യത്തെ മറികടക്കുന്നതിന് ധീരോദാത്തമായ നിലപാടുകളുമായി പ്രവർത്തകർ മുന്നോട്ടുപോവുകയാണ്. രണ്ട് ലക്ഷത്തോളം പാർടി പ്രവർത്തകർക്കും അനുഭാവികൾക്കും എതിരെയാണ് യുഡിഎഫ് ഭരണത്തിൽ പൊലീസ് കള്ളക്കേസ് എടുത്തിരിക്കുന്നത്. പ്രക്ഷോഭങ്ങളിൽ ഉജ്വലമായ മാതൃക അവതരിപ്പിക്കാൻ സിപിഐ എമ്മിനും എൽഡിഎഫിനും കഴിയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന പ്ലീനം, പാർടിയിൽ വിഭാഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഭാഗീയത പാർടിയിൽ ഏറെക്കുറെ ഇല്ലാതായെന്നും അത് എല്ലാ തലങ്ങളിലും പൂർണതയിലെത്തിക്കണമെന്നതുമാണ് പ്ലീനം പരിഗണിച്ചതെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, പാർടിക്കുമേൽ വിഭാഗീയതയുടെ കരിനിഴൽ പരത്താനുള്ള മാധ്യമശ്രമങ്ങൾ തുടരുകയാണ്. അതിനുവേണ്ടി പാർടിയുടെ സമുന്നത നേതാവായ വി എസ് അച്യുതാനന്ദന്റെ പേര് ദുരുപയോഗപ്പെടുത്താനും ഇക്കൂട്ടർക്ക് ഇപ്പോഴും മടിയില്ല. അതിന്റെ ഭാഗമായാണ് 'വിഎസ് പ്രഭാവം' മങ്ങിയെന്നും പ്ലീനത്തിൽ കാര്യമായ സ്ഥാനമില്ലെന്നും വരുത്താനുള്ള ദുഷ്ടബുദ്ധിയോടെയുള്ള വാർത്തകൾ വന്നു. പ്ലീനം നഗറിൽ ചെങ്കൊടി ഉയർത്തിയത് വിഎസാണ്. പ്രതിനിധി സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ വിഎസ് സംസാരിക്കുകയും ചെയ്തു. എന്നിട്ടും മാധ്യമങ്ങൾ കഥകൾ തുടരുന്നു-പ്ലീനത്തിലൂടെ പാർടി ആർജിക്കുന്ന പുത്തൻ കരുത്തിനെക്കുറിച്ചുള്ള വേവലാതിയോടെ.

0 comments :

Post a Comment