Wednesday, November 27, 2013

കസ്തൂരിരംഗനു പിന്നാലെ വന്യജീവി ബോർഡ്: കേരളത്തിന് വൻ തിരിച്ചടി; വികസനപദ്ധതികൾക്ക് 'അടിയന്തരാവസ്ഥ'

എം സുരേന്ദ്രൻ
കൊല്ലം: വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനെന്ന പേരിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ വന്യജീവി ബോർഡ് നൽകിയ ശുപാർശകൾ കേരളത്തിനു തിരിച്ചടിയാകുന്നു. അന്യസംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള വനമാർഗ രാത്രികാല യാത്രയ്ക്കു തടസമാണ് പുതിയ നിർദേശങ്ങൾ.
കേരളത്തിലേക്ക് റോഡുമാർഗമുള്ള ചരക്കുനീക്കത്തിനും വലിയതോതിൽ കാലതാമസം വരുത്തും പുതിയ നിർദേശങ്ങൾ. വന്യജീവി സങ്കേതങ്ങളിൽ പുതിയ റോഡുകൾ പണിയുന്നതും നിലവിലുള്ളവയുടെ അറ്റകുറ്റപണി നിരോധിക്കുന്നതും കേരളത്തിന്റെ ടൂറിസം വികസനത്തിനും തടസമാകും.
വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വന്യജീവി സംരക്ഷണ ബോർഡിനോട് ഇതുസംബന്ധിച്ച ശുപാർശകൾ സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. അടിയന്തരനടപടി എടുക്കണമെന്നു കാട്ടി കഴിഞ്ഞദിവസമാണ് ബോർഡ് ശുപാർശകൾ സമർപ്പിച്ചത്. കസ്തൂരിരംഗൻ റിപ്പോർട്ടിനു പിന്നാലെ ബോർഡിന്റെ ശുപാർശകളും കേരളത്തിനു വലിയ തിരച്ചിടിയായി.
അന്യസംസ്ഥാനങ്ങളിൽ ജോലിനോക്കുന്നവരും വ്യവസായ-വാണിജ്യരംഗത്തു പ്രവർത്തിക്കുന്നവരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും, തിരിച്ചും കൂടുതലായി യാത്രചെയ്യുന്നത് രാത്രികാലത്താണ്. വനമാർഗത്തിൽ കൂടിയുള്ളതാണ് ഈ യാത്ര. വയനാട്, ഇടുക്കി, മലപ്പുറം, കൊല്ലം ജില്ലകളിലൂടെയുള്ള രാത്രികാല റോഡുയാത്ര സർവസാധാരണം. പഠനാവശ്യത്തിനും ജോലിസംബന്ധമായും വിദ്യാർഥികളും ഉദ്യോഗാർഥികളും ദിവസേന അന്യസംസ്ഥാനങ്ങളിലേക്കു യാത്ര ചെയ്യുന്നതും പതിവാണ്.
സംസ്ഥാനത്ത് അഞ്ചു ദേശീയ ഉദ്യാനങ്ങളും 16 വന്യജീവി സങ്കേതങ്ങളുമുണ്ട്. ഇവയുടെ സംരക്ഷണത്തിനു ആവശ്യമായ നടപടികൾ സംസ്ഥാനസർക്കാരുകൾ സ്വീകരിക്കുന്നുമുണ്ട്. നിലവിൽ വയനാട് വഴിയുള്ള കോഴിക്കോട്-മൈസൂര് ദേശീയപാതയിൽ രാത്രികാല ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇതു പൂർണമായി പിൻവലിക്കാൻ കേരളം ശ്രമിക്കുമ്പോഴാണ് നിയന്ത്രണം മറ്റു മേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള കേന്ദ്രനീക്കം.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ മറവിൽ ജനവാസകേന്ദ്രങ്ങളെ പോലും അതീവ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ ഇനി അസാധ്യം. കാർഷികവൃത്തിക്കും നിയന്ത്രണം കൊണ്ടുവന്നു. ഇതിനെതിരെ സംസ്ഥാനത്തു പ്രതിഷേധം പുകയുകയാണ്. തൊട്ടുപിന്നാലെ വന്യജീവി സങ്കേതങ്ങളുടെ പേരിൽ കൊണ്ടുവരുന്ന നിയന്ത്രണം ഒട്ടേറെ ഭവിഷ്യത്തുണ്ടാക്കും.
ഈ പ്രദേശങ്ങളിലെ റോഡുവികസനം എന്നെന്നേയ്ക്കുമായി ഇല്ലാതാകും. പുതിയ റോഡുകൾ നിർമിക്കാനാവില്ല. നിലവിലുള്ള റോഡുകൾ വീതികൂട്ടാനോ അറ്റകുറ്റപണി നടത്താനോ സാധ്യമല്ലാതാകും. പെരിയാർ കടുവ സംരക്ഷണ മേഖലയിൽ വരുമെന്നതിനാൽ കേരളത്തിലെ പ്രശസ്ത ക്ഷേത്രമായ ശബരിമലയിലേക്കുള്ള റോഡുകളും ഇനി നന്നാക്കാനാവില്ല എന്ന സ്ഥിതിവരും. ഈ മേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനും തടസമുണ്ടാകും. സംസ്ഥാനസർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ പരിസ്ഥിതിസംരക്ഷണത്തിന്റെ മറവിൽ കേരളത്തിൽ വികസനപദ്ധതികൾക്കു 'അടിയന്താവസ്ഥ' പ്രഖ്യാപിക്കുന്ന നിലയുണ്ടാകും.

0 comments :

Post a Comment