Friday, November 29, 2013

കേന്ദ്രത്തിന് വല്യേട്ടൻ മനോഭാവം: കെ എം മാണി

വേണു കെ ആലത്തൂർ
പി ഗോവിന്ദപിള്ള നഗർ (പാലക്കാട്): കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് ധനമന്ത്രി കെ എം മാണി. ഇന്ത്യാവിഭജനകാലത്ത് സംസ്ഥാനങ്ങൾ ശക്തമായി നിലനിൽക്കാനാണ് അന്ന് കേന്ദ്ര-സംസ്ഥാനബന്ധങ്ങൾക്ക് നിയമം ഉണ്ടാക്കിയത്. ഇന്ന് കാലം മാറി. വലിയ പണച്ചെലവുള്ള ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ സംസ്ഥാനങ്ങളുടെ തലയിൽകെട്ടിവച്ച് കേന്ദ്രം കൈയൊഴിയുന്നു. ഇത് മാറ്റുന്നതിന് പാർലമെന്റിൽ നിയമം ഉണ്ടാക്കണം. സിപിഐ എം സംസ്ഥാന പ്ലീനത്തോടനുബന്ധിച്ച് പി ഗോവിന്ദപ്പിള്ള നഗറിൽ (കോട്ട മൈതാനം) നടന്ന 'ഉദാരവൽക്കരണവും ബദൽനയങ്ങളും' സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു മാണി.
സംസ്ഥാനങ്ങൾക്ക് വിഹിതം നൽകുന്നതിൽ കേന്ദ്രത്തിന് വല്യേട്ടൻ മനോഭാവമാണ്. സംസ്ഥാനങ്ങൾക്ക് തങ്ങളുടെ ചുമതല നിർവഹിക്കാൻ ശേഷിയില്ല. കേന്ദ്രവിഹിതത്തിന്റെ 32ശതമാനം മാത്രമാണ് നൽകുന്നത്.
40 ശതമാനമായെങ്കിലും ഉയർത്താൻ തയ്യാറാകണം. അങ്ങനെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷവുമായി യോജിച്ചു പ്രവർത്തിക്കുന്നതിൽ തെറ്റില്ല. സഹകരിച്ചു പ്രവർത്തിക്കുകയെന്നാൽ കൂടുമാറുകയോ മുന്നണി മാറുകയോ അല്ല. കേരളത്തിനുവേണ്ടി പ്രവർത്തിക്കുന്നതിൽ രാ്രഷ്ടീയനിലപാടിൽ ഒരുമിച്ചു നിൽക്കാം. തിന്മകളെ തിരുത്താനും നന്മകളെ സ്വീകരിക്കാനും പ്രതിപക്ഷവുമായി സഹകരിച്ചാൽ വലിയ മാറ്റമുണ്ടാകും. അത്തരം സഹകരണം ജനാധിപത്യത്തെ ശക്തിപ്പെടുത്തും.
ഇപ്പോൾ കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ സഹകരിക്കുന്നതിൽ തെറ്റില്ല.
തൊഴിലാളികളുടെ ക്ഷേമം ഉറപ്പക്കി തൊഴിൽപക്ഷനയം ഉറപ്പാക്കണം. ലോകത്തിലെ ദരിദ്രരിൽ നാലിലൊന്ന് ഇന്ത്യയിലാണെന്ന് തനിക്കുമുമ്പ് പ്രസംഗിച്ച യെച്ചൂരി പറഞ്ഞു.
ഇവിടെ പ്രധാനപ്രശ്‌നം ജനസംഖ്യക്കനുസരിച്ച് ഉൽപ്പാദനം വർധിക്കുന്നില്ല എന്നതാണ്. അതിന് പുതിയ നിക്ഷേപനയം വേണം. വ്യവസായ, തൊഴിൽ നയങ്ങൾ വേണം. തന്ത്രപ്രധാന മേഖലകൾ നിലനിർത്തി ബാക്കിയെല്ലാം സ്വകാര്യമേഖലയ്ക്കു തുറന്ന് കൊടുത്ത് ഉൽപ്പാദനം ഉറപ്പാക്കണം- മാണി പറഞ്ഞു.

0 comments :

Post a Comment