Friday, November 29, 2013

വിദേശ മുതലാളിമാർക്ക് കോൺഗ്രസ് ദാസ്യവൃത്തി ചെയ്യുന്നു: ഐസക്

പാലക്കാട്: വിദേശ മുതലാളിമാർക്ക് ദാസ്യവൃത്തി ചെയ്യുകയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക് പറഞ്ഞു. 'ഉദാരവൽക്കരണവും ബദൽനയങ്ങളും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലത്തെ വിദേശ മുതലാളിമാർ ഇന്ത്യയിലെത്തുന്നത് കച്ചവടം നടത്താനോ വ്യവസായം തുടങ്ങാനോ അല്ല; മറിച്ച് ഓഹരി വിപണിയിൽ പണമിറക്കി ഊഹക്കച്ചവടം നടത്താനാണ്. ഇത് രാജ്യത്ത് തൊഴിൽ സൃഷ്ടിക്കുകയില്ല.
ഇത്തരത്തിൽ വിദേശ മുതലാളിമാർ നിക്ഷേപിച്ച 30,000 കോടി  രൂപ ഇന്ത്യയുടെ കൈവശം ഉണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഓഹരിക്കമ്പോളത്തിലെ കച്ചവടക്കാരുടെ പണമാണിത്. ഇത് ശാശ്വതമല്ല. ഇത്തരം മുതലാളിമാർ നാടുവിട്ടാൽ രാജ്യം കടുത്ത പ്രതിസന്ധിയിലാകും. സാധാരണക്കാരായ ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കാൻ ഒരു ഇടപെടലും നടത്താതെയാണ് കേന്ദ്രസർക്കാർ മുതലാളിമാരെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത്. ഉണ്ടാക്കുന്ന ചരക്ക് വിറ്റഴിയാത്തതാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം.
വാങ്ങാൻ ജനങ്ങളുടെ കൈയിൽ പണം ഇല്ലാതായതോടെ ഉൽപ്പാദനവും കുറഞ്ഞു. ഇതോടെ, വ്യവസായ സ്ഥാപനങ്ങൾക്കായി പണം നിക്ഷേപിക്കാൻ രാജ്യത്തെ മുതലാളിമാർക്കും ധൈര്യമില്ലാതായി.
ഈ സാഹചര്യത്തിൽ ദാരിദ്ര്യനിർമാർജന പരിപാടി ആരംഭിക്കുകയും ക്ഷേമപ്രവർത്തനങ്ങൾക്ക് പണം ചെലവഴിക്കുകയും ചെയ്യാതെ വിദേശ മുതലാളിമാരെ രാജ്യത്തേക്കു ക്ഷണിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. വളർച്ച നേരിടുന്നുണ്ടെന്ന് പറയുമ്പോഴും രാജ്യത്ത് പട്ടിണിക്കാരുടെ എണ്ണം വർധിക്കുകയാണ്.
കേന്ദ്ര-സംസ്ഥാന ബന്ധത്തിൽ പൊളിച്ചെഴുത്ത് അനിവാര്യമാണ്. ഇക്കാര്യത്തിൽ യോജിക്കാവുന്നവരുമായി യോജിച്ചു പ്രവർത്തിക്കാൻ സിപിഐ എം തയ്യാറാണ്. കസ്തൂരിരംഗൻ റിപ്പോർട്ട്, ആസിയൻ കരാർ ഉൾപ്പെടെയുള്ള കാർഷികരംഗത്തെ പ്രശ്‌നങ്ങളിലും യോജിച്ചുള്ള പോരാട്ടം അനിവാര്യമാണ്.
മൂന്നുകേസുകളിൽ സ്വന്തം പൊലീസുകാരാൽ ചോദ്യം ചെയ്യപ്പെട്ട മുഖ്യമന്ത്രി ഇതിനുമുമ്പ് കേരളത്തിൽ ഉണ്ടായിട്ടില്ല. പാമോലിൻ, ടൈറ്റാനിയം, സോളാർ കേസുകളിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തു. കേസ് കോടതിയിൽ മാത്രമല്ല. ജനങ്ങളുടെ വിചാരണയിൽനിന്ന് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാകില്ല. ഈ സാഹചര്യത്തിൽ യുഡിഎഫ് നയങ്ങളെ തള്ളിപ്പറഞ്ഞ് ബദൽനയങ്ങൾക്കായുള്ള പോരാട്ടത്തിൽ അണിചേരാൻ തയ്യാറുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാകും കേരളത്തിൽ രാഷ്ട്രീയമാറ്റം ഉണ്ടാവേണ്ടത്.  ഇപ്പോൾ വ്യക്തികളും ഗ്രൂപ്പുകളും മറ്റും മാറുന്നുണ്ട്. ബദൽ നയങ്ങളുടെ അടിസ്ഥാനത്തിൽ പാർടികൾ മാറിയാലും അത്ഭുതപ്പെടാനില്ലെന്ന് തോമസ് ഐസക് പറഞ്ഞു.

0 comments :

Post a Comment