Friday, November 29, 2013

ജനദ്രോഹ നയങ്ങൾക്കെതിരെ മതനിരപേക്ഷ കക്ഷികളുമായി സഹകരിക്കും: യെച്ചൂരി

പാലക്കാട്: ജനങ്ങളെ ദ്രോഹിക്കുന്ന ഉദാരവൽക്കരണ നയങ്ങൾക്കും സംസ്ഥാന താൽപ്പര്യങ്ങളെ അടിച്ചമർത്തുന്ന കേന്ദ്രനയങ്ങൾക്കും എതിരെ നിലപാടെടുക്കുന്ന രാജ്യത്തെ ഏതു മതനിരപേക്ഷ പ്രാദേശിക പാർടികളുമായും സഹകരിക്കാൻ സിപിഐ എം തയ്യാറാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എം സംസ്ഥാന പ്ലീനത്തോടനുബന്ധിച്ച് പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച 'ഉദാരവൽക്കരണവും ബദൽനയങ്ങളും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
റവന്യൂവരുമാനത്തിന്റെ പകുതി സംസ്ഥാനങ്ങൾക്ക് നൽകണമെന്നാണ് സ്വാതന്ത്ര്യലബ്ധിയുടെ കാലത്തു തന്നെയുള്ള കാഴ്ചപ്പാട്. എന്നാൽ ഒരിക്കൽ പോലും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് 30 ശതമാനത്തിൽ കൂടുതൽ നൽകിയിട്ടില്ല. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന, സാക്ഷരതയിലും മാനുഷിക വളർച്ചാ സൂചികയിലും മുന്നിലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ക്ഷേമപദ്ധതികൾക്കുള്ള പണം വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. നന്നായി പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നു.
കൃഷി സംസ്ഥാന വിഷയമാണെന്നിരിക്കെ സംസ്ഥാനങ്ങളെ മറികടന്നും അവഗണിച്ചും കേന്ദ്രസർക്കാർ അന്താരാഷ്ട്ര കരാറുകൾ ഒപ്പുവയ്ക്കുകയാണ്. ലോകവ്യാപാര സംഘടനയുടെ ദോഹ വട്ടം ചർച്ചകളും ആസിയാൻ കരാറും യൂറോപ്യൻ യൂണിയനുമായി ഒപ്പിടുന്ന സ്വതന്ത്രവ്യാപാര കരാറുമെല്ലാം സംസ്ഥാനങ്ങളെ ദുരിതത്തിലാക്കുന്നു. ഇത്തരം നിലപാടുകൾക്കെതിരെ അതിശക്തമായ സമരമാണ് സംസ്ഥാനങ്ങളിൽ വളർന്നുവരേണ്ടത്. ജനങ്ങളുടെ ഉപജീവനമാർഗം നശിപ്പിക്കുകയും ക്ഷേമപദ്ധതികളെ ഇല്ലാതാക്കുകയും ചെയ്യുന്നതിനെതിരെയുള്ള സമരങ്ങൾ തീർച്ചയായും ഉദാരവൽക്കരണ നയങ്ങൾക്കെതിരെ ഒരു ബദൽ നയത്തിന് കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുന്ന പ്രക്ഷോഭമായി വളരണം.
സാമ്രാജ്യത്വ -ഉദാരവൽക്കരണ നയങ്ങൾ പിന്തുടരുന്ന മൻമോഹൻസിങ് പറയുന്നത് പ്രത്യക്ഷ വിദേശം നിക്ഷേപം കൂടുതലായി വന്നാൽ തൊഴിലവസരങ്ങൾ വർധിക്കുമെന്നും അതുവഴി വളർച്ചാ നിരക്ക് കൂടുമെന്നുമാണ്. ഇതിന്റെ പേരിൽ ഇന്ത്യയുടെ പ്രകൃതിവിഭവങ്ങൾ കുത്തകകൾക്ക് കൈമാറുകയാണ്. വമ്പൻ അഴിമതിയും ഇതിന്റെ തുടർച്ചയായി ഉണ്ടാവുന്നു. 2ജി അഴിമതിയിൽ വെട്ടിച്ച പണം കൊണ്ട് ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും എപിഎൽ-ബിപിഎൽ ഭേദമില്ലാതെ രണ്ടു വർഷത്തേക്ക് രണ്ടു രൂപ നിരക്കിൽ പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം നൽകാമായിരുന്നു. കൽക്കരി കുംഭകോണം നടന്നില്ലെങ്കിൽ ആ പണം കൊണ്ട് അഞ്ചുവർഷത്തേക്ക് ഇന്ത്യയിലെ കുട്ടികൾക്ക് പതിനാലുവയസ്സുവരെ സൗജന്യ വിദ്യാഭ്യാസം നൽകാമായിരുന്നു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇന്ത്യയിലെ അതിസമ്പന്നർക്ക് ശരാശരി അഞ്ചു ലക്ഷം കോടിയുടെ നികുതി ഇളവാണ് യുപിഎ സർക്കാർ നൽകിയത്. വിദേശനിക്ഷേപം ആകർഷിക്കുകയും സമ്പന്നർക്ക് നികുതി ഇളവ് നൽകുകയും ചെയ്യുന്ന നയത്തിന് ബദലുണ്ട്. സമ്പന്നരിൽനിന്ന് കൃത്യമായി നികുതി പിരിച്ചെടുക്കുകയും ആ പണം അടിസ്ഥാന സൗകര്യമേഖലയിൽ നിക്ഷേപിക്കുകയും വേണം.
അതുവഴി നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്ന തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുകയും ആഭ്യന്തരവ്യവസായ മേഖല ശക്തിപ്പെടുകയും ചെയ്യും. ലാഭം കുന്നുകൂട്ടൽ മാത്രം ലക്ഷ്യംവയ്ക്കുന്ന സാമ്രാജ്യത്വ ഉദാരവൽക്കരണ സാമ്പത്തിക നയം വികസ്വര രാജ്യങ്ങളെയാണ് ചൂഷണം ചെയ്യുന്നത്-യെച്ചൂരി പറഞ്ഞു.

0 comments :

Post a Comment