Saturday, November 30, 2013

യുഡിഎഫ് സർക്കാർ ആടിയുലയുന്നു: എസ് ആർ പി

പാലക്കാട്: ജനങ്ങളിൽനിന്ന് പൂർണമായും ഒറ്റപ്പെട്ട യുഡിഎഫ് സർക്കാർ ആടിയുലയുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള. യുഡിഎഫിൽ ഘടകകക്ഷികൾ തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. എൽഡിഎഫ് അതിന്റെ അടിത്തറ പരമാവധി വിപുലപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ തകർച്ചയുടെ വേഗം വർധിപ്പിക്കും. ഈ സന്ദർഭത്തിൽ പ്രസ്ഥാനത്തിന്റെയും പ്രവർത്തകരുടെയും അച്ചടക്കവും കാര്യക്ഷമതയും വർധിപ്പിക്കാൻ സിപിഐ എം സംസ്ഥാന പ്ലീനം തീരുമാനിച്ചു. പ്ലീനം സമാപന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിൽ ഗുണകരമായ മാറ്റംവരുത്തി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള നിരന്തര പോരാട്ടത്തിന്റെ ഭാഗമായാണ്. ഇ എം എസ് സർക്കാർ നടപ്പാക്കിയ ഭൂപരിഷ്‌കരണനിയമം സംസ്ഥാനത്തിന്റെ സാമൂഹ്യ, സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റമാണുണ്ടാക്കിയത്. ജനാധിപത്യബോധവും അവകാശബോധവുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഇതിലൂടെ കഴിഞ്ഞു. തുടർന്നുണ്ടായ പോരാട്ടങ്ങളാണ് സംസ്ഥാനത്ത് വലിയ മാറ്റങ്ങൾക്കു കാരണമായത്. ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം തുടങ്ങിയ മേഖലയിൽ രാജ്യത്തിനാകെ മാതൃകയാണ് കേരളം.
എന്നാൽ, യുഡിഎഫ് സർക്കാരിന്റെ ഭരണത്തിൽ ഈ നേട്ടങ്ങൾ ഓരോന്നായി ഇല്ലാതാവുകയാണ്. കർഷകന്റെ ഭൂമി കവർന്നെടുക്കാൻ ശ്രമിക്കുകയാണ്. ആദായകരമല്ലാതായതോടെ കർഷകർ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയാണ്. തൊഴിലാളികളുടെ ജീവിതനിലവാരം ഇടിയുന്നു. വിദ്യാഭ്യാസം മൾട്ടി ബില്യൺ ബിസിനസായി മാറി. പൊതുവിതരണമേഖലയെ തകർത്തു. സാമൂഹ്യക്ഷേമപദ്ധതികളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. അഴിമതിയിൽ മുങ്ങിയ സർക്കാരായി ഉമ്മൻചാണ്ടി സർക്കാർ മാറി. ഈ സാഹചര്യത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്.
കമ്യൂണിസ്റ്റ്പ്രസ്ഥാനം അതിന്റെ രൂപീകരണകാലംമുതൽ പലതരത്തിലുള്ള കടന്നാക്രമണം നേരിടുന്നുണ്ട്. ശാരീരികമായ കടന്നാക്രമണം മാത്രമല്ല, കള്ളക്കേസുകളും അപവാദപ്രചാരണവും വ്യാപകമായി നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ പതിപ്പാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ സിബിഐയെ ഉപയോഗിച്ച് എടുത്ത കേസ്. സിപിഐ എം സംഘടനാസംവിധാനം ഉപയോഗിച്ച് വിശദമായ അന്വേഷണം നടത്തി കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് കണ്ടെത്തി. ഞങ്ങൾ അന്നു പറഞ്ഞത് ശരിയാണെന്ന് പിന്നീട് കോടതി പറഞ്ഞു. രണ്ട് ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കേസ് ചുമത്തിയിരിക്കുകയാണ്. പതിനായിരക്കണക്കിന് സിപിഐ എം പ്രവർത്തകർ കള്ളക്കേസിൽ ഇരകളായിരിക്കുകയാണ്. എന്നാൽ, ഇത്തരത്തിലുള്ള കടന്നാക്രമണങ്ങളിലൂടെ സിപിഐ എമ്മിനെ തളർത്താൻ കഴിയില്ലെന്നും ജനങ്ങളെ അണിനിരത്തി കൂടുതൽ കരുത്തോടെ പോരാട്ടങ്ങൾ ഏറ്റെടുക്കുമെന്നും എസ് ആർ പി പറഞ്ഞു.

0 comments :

Post a Comment