Saturday, November 30, 2013

കോൺഗ്രസും ബിജെപിയും ഒത്തുകളിക്കുന്നു: യെച്ചൂരി

പ്ലീനം സമാപനസമ്മേളന പൊതുയോഗത്തിൽ സീതാറാം യെച്ചൂരി സംസാരിക്കുന്നു
പാലക്കാട്: ജനങ്ങളിൽനിന്ന് അഴിമതി മറച്ചുപിടിക്കാൻ കോൺഗ്രസും ബിജെപിയും പാർലമെന്റിൽ രാഷ്ട്രീയ ഒത്തുകളി നടത്തുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഇരുവിഭാഗവും തങ്ങളുടെ ഭരണകാലത്തെ അഴിമതി പുറത്തുവരുമെന്ന് ഭയന്ന് പരസ്പര ധാരണയിലെത്തുകയാണ്. സിപിഐ എം സംസ്ഥാന പ്ലീനത്തിന്റെ സമാപനറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങൾ നേരിടുന്ന യഥാർഥ പ്രശ്‌നങ്ങൾ കോൺഗ്രസും ബിജെപിയും ചർച്ച ചെയ്യുന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽപ്പോലും പ്രചാരണത്തിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉയർന്നുവരുന്നില്ല. ഈ യാഥാർഥ്യം മനസ്സിലാക്കിയാണ് വിവിധ മതേതര കക്ഷികൾ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തോടൊപ്പം അണിചേരുന്നത്. ഒക്ടോബർ 30ന് ചേർന്ന കൺവൻഷൻ ഇത് തെളിയിക്കുന്നു. രാജ്യത്ത് യഥാർഥ രാഷ്ട്രീയ ബദൽ സൃഷ്ടിക്കാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ.
കമ്യൂണിസ്റ്റ്പാർടിയുടെ വളർച്ച വർഗശത്രുക്കൾക്ക് അങ്കലാപ്പ് സൃഷ്ടിക്കുന്നുണ്ട്. അതിനാലാണ് കമ്യൂണിസ്റ്റുകൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ അതിനെ തളർത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിത കടന്നാക്രമണം ഉണ്ടാകുന്നത്. കേരളത്തിലും ബംഗാളിലും ഇത്തരം കടന്നാക്രമണമുണ്ടായി. എന്നാൽ, ഇതിൽ തളരാതെ ജനങ്ങളെ അണിനിരത്തി കൂടുതൽ കരുത്തോടെ കമ്യൂണിസ്റ്റ്പ്രസ്ഥാനം തിരിച്ചുവരികയാണ് ചെയ്തത്.
വിദേശ കുത്തകകളുടെ ലാഭം പരമാവധി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഭരണവർഗം പ്രവർത്തിക്കുന്നത്. പണക്കാർക്ക് നികുതിയിളവ് നൽകി സഹായിക്കുമ്പോൾ പാവപ്പെട്ടവന്റെ സബ്‌സിഡികൾ ഓരോന്നായി വെട്ടിക്കുറയ്ക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇന്ത്യയിലെ അതിസമ്പന്നർക്ക് ശരാശരി അഞ്ചുലക്ഷംകോടിരൂപയുടെ നികുതിയിളവാണ് യുപിഎ സർക്കാർ നൽകിയത്. അതേസമയം, രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും വൻതോതിൽ വർധിച്ചു. 68 ശതമാനം ഗർഭിണികൾക്ക് ഇരുമ്പിന്റെ കുറവുള്ളതായി കണ്ടെത്തിയിരുന്നു. പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായത് രാജ്യത്തിന് നാണക്കേടാണെന്ന് പ്രധാനമന്ത്രിക്കുതന്നെ സമ്മതിക്കേണ്ടി വന്നു.
പാർലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കാൻ പണമില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ, കൽക്കരി കുംഭകോണം നടന്നില്ലെങ്കിൽ ആ പണംകൊണ്ട് അഞ്ചുവർഷത്തേക്ക് ഇന്ത്യയിലെ കുട്ടികൾക്ക് പതിനാലുവയസ്സുവരെ സൗജന്യവിദ്യാഭ്യാസം നൽകാമായിരുന്നു. ടു ജി അഴിമതിയിൽ വെട്ടിച്ച പണംകൊണ്ട് ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും എപിഎൽ-ബിപിഎൽ ഭേദമില്ലാതെ രണ്ടു വർഷത്തേക്ക് രണ്ടു രൂപ നിരക്കിൽ പ്രതിമാസം 35കിലോ ഭക്ഷ്യധാന്യം നൽകാമായിരുന്നു.
ഈ സാഹചര്യത്തിൽ രാജ്യത്ത് രാഷ്ട്രീയബദൽ അനിവാര്യമായിരിക്കുകയാണ്. ഇതിനുള്ള പോരാട്ടം ശക്തിപ്പെടുത്താൻ പ്ലീനത്തിൽ സിപിഐ എം തീരുമാനിച്ചിട്ടുണ്ട്. സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ കരുത്താണ് പോരാട്ടത്തിനുള്ള ആയുധം. ഈ ആയുധം ശക്തിപ്പെടുത്തി ഐക്യത്തോടെയുള്ള ജനകീയ പ്രക്ഷോഭമാണ് സംഘടിപ്പിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

0 comments :

Post a Comment