Wednesday, November 27, 2013

പ്രത്യയശാസ്ത്രബോധം സുപ്രധാനം: കാരാട്ട്

ഇ എം എസ് നഗർ (പാലക്കാട് മുനിസിപ്പൽ ടൗൺ ഹാൾ): സിപിഐ എമ്മിലെ ഓരോ അംഗവും മാർക്‌സിസം- ലെനിനിസം എന്ന പ്രത്യയശാസ്ത്രം ശരിയായ അർഥത്തിൽ ഉൾക്കൊണ്ട് തൊഴിലാളിവർഗത്തിനും മറ്റു ജനവിഭാഗങ്ങൾക്കുംവേണ്ടി സേവനം അനുഷ്ഠിക്കുന്നവരായി മാറേണ്ടതുണ്ടെന്ന് സിപിഐ എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പാർടി അംഗങ്ങൾ കമ്യൂണിസ്റ്റ് പാർടിയുടെ സവിശേഷമായ അച്ചടക്കം പിന്തുടരുന്നവരായിരിക്കണമെന്നും പാലക്കാട്ട് സിപിഐ എം സംസ്ഥാന പ്ലീനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
പ്ലീനം എല്ലാ തലത്തിലുമുള്ള സംഘടനാപരമായ കാര്യങ്ങൾ ആഴത്തിൽ വിശകലനം ചെയ്യും. പ്രശ്‌നങ്ങളെ അടിസ്ഥാനപരമായി പരിശോധിച്ച് ഏതെല്ലാം മേഖലകളിലാണ് തിരുത്തൽ വേണ്ടതെന്ന് കണ്ടെത്തും.
2012 നവംബറിൽ നടന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ പാർടി കോൺഗ്രസ് റിപ്പോർട്ടിൽ എട്ടര കോടി അംഗങ്ങൾ കമ്യൂണിസ്റ്റ് മൂല്യങ്ങളെ സ്വയംപ്രതിരോധിക്കേണ്ടതിനെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്. അസഹിഷ്ണുത, ആർഭാടജീവിതം, ഉദ്യോഗസ്ഥസ്വഭാവം, സ്വജനപക്ഷപാതം, വഴിവിട്ടരീതികൾ എന്നിവ തിരുത്തുന്നതിനാവശ്യമായ ഒരുവർഷം നീണ്ട പ്രക്രിയക്ക് ജൂലൈയിൽ തുടക്കം കുറിച്ചു. ചൈനയിലേതുപോലുള്ള വലിയ പാർടിയല്ല നമ്മുടേത്. എന്നാൽ കേരളത്തിലേത് ഏറ്റവും സ്വാധീനവും അംഗബലവുമുള്ള സംസ്ഥാന ഘടകമാണ്. സംസ്ഥാനം പലതവണ നമ്മൾ ഭരിച്ചു. പല പൊതുസ്ഥാപനങ്ങളും ഭരിക്കുന്നു.
സംഘടനാപ്രവർത്തനത്തിൽ ആത്മാർഥതയും വിനയവും പുലർത്തണം. കമ്യൂണിസ്റ്റ് മൂല്യങ്ങൾ പരിരക്ഷിക്കണം. കമ്യൂണിസ്റ്റ് രീതിക്കന്യമായ ഉദ്യോഗസ്ഥരീതി ഒഴിവാക്കണം. പ്രവർത്തനങ്ങളെ മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് രീതിയിൽ സമഗ്രമായും ക്രിയാത്മകമായും വിമർശനാത്മകമായും വിശകലനം ചെയ്യണം. വ്യതിയാനങ്ങൾക്ക് വഴിപ്പെടാതെയും പാർടിയോടു കൂറുപുലർത്തിയും പി കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ് എന്നിവരുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കണം- കാരാട്ട് പറഞ്ഞു.

0 comments :

Post a Comment