![]() |
| സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സംഘടനാ രേഖ അവതരിപ്പിക്കുന്നു |
കഴിഞ്ഞ കാലങ്ങളിൽ പാർടി നടത്തിയ ഇടപെടൽ കേരളീയ സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ശ്രദ്ധേയമാണ്. ഇന്ന് നിലനിൽക്കുന്ന സ്ഥിതിവിശേഷത്തിൽ സിപിഐ എം ഇടപെടൽ ഏത് വിധേനയായിരിക്കണമെന്ന് സെക്രട്ടറി നടത്തിയ പ്രസംഗത്തിൽ നിർദേശങ്ങൾ വച്ചു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നടത്തിയ സമരങ്ങൾക്ക് വമ്പിച്ച ബഹുജന പിന്തുണയാണ് ലഭിച്ചത്. കോഴിക്കോട് ഗവ. എൻജിനിയറിങ് കോളേജിൽ വഴിവിട്ട് ഒരു വിദ്യാർഥിക്ക് പ്രവേശനംനൽകിയതിനെതിരെ നടന്ന സമരം, കുടുംബശ്രീയെ തകർക്കുന്നതിനെതിരായ സമരം, ഭൂമിക്കായി കർഷകരും കർഷകത്തൊഴിലാളികളും നടത്തിയ സമരം, പങ്കാളിത്ത പെൻഷനെതിരെ അധ്യാപകരും ജീവനക്കാരും സംഘടിപ്പിച്ച സമരം, സോളാർ അഴിമതിക്കെതിരെ നടക്കുന്ന സമരം തുടങ്ങിയവയിലെല്ലാം വർധിച്ച ബഹുജന പിന്തുണയാണ് ലഭിച്ചത്. ഈ പോരാട്ടങ്ങളെ നേരിടാൻ സമാനതകളില്ലാത്ത അക്രമമാണ് സർക്കാർ നടത്തിയത്. ഇതിനെയെല്ലാം അതിജീവിച്ചു. ഇത് കേരളത്തിലെ പാർടിയുടെ കരുത്താണ് കാണിക്കുന്നത്. ഈ കരുത്തും ബഹുജന പിന്തുണയും വർധിപ്പിക്കാൻ എന്ത് ചെയ്യണമെന്ന് പ്ലീനം മുഖ്യമായി ചർച്ച ചെയ്യുമെന്നും സമ്മേളന നടപടികൾ വിശദീകരിച്ച് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വർഗ - ബഹുജന സംഘടനകളിലായി ഒരുകോടി 65 ലക്ഷം അംഗങ്ങളുണ്ട്. സംഘടനകളുടെ പ്രവർത്തനം ഒന്നിച്ച് വരുമ്പോൾ പ്രയാസം സൃഷ്ടിക്കുന്നു. ഈ പ്രവർത്തനങ്ങളിൽ ക്രമീകരണങ്ങൾ വരുത്താൻ കഴിയണം. ട്രേഡ് യൂണിയൻ മേഖല കരുത്തുറ്റതാണ്. എന്നാൽ ചില തൊഴിൽ മേഖലകളിലെ ഇടപെടൽ ദുർബലമാണ്. അതിൽ ഇടപെട്ട് പരിഹരിക്കാൻ കഴിയണം. മറുനാടൻ തൊഴിലാളികൾക്കെതിരെ നടക്കുന്ന കടുത്ത ചൂഷണത്തിന് അറുതി വരുത്താനാവണം. അവർക്കർഹമായ ആനുകൂല്യങ്ങൾ നേടിക്കൊടുക്കണം.
യുവജന-വിദ്യാർഥി മേഖലകളിൽ ശക്തമായ ഇടപെടൽ വേണം. തദ്ദേശ ഭരണസ്ഥാപനങ്ങളിലെയും സഹകരണ മേഖലകളിലേയും പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. സാന്ത്വന ചികിത്സയിൽ കൂടതൽ ഇടപെടലുണ്ടാകണം. മതന്യൂനപക്ഷങ്ങളിൽ ഒരു ചെറിയവിഭാഗത്തിന്റെ സാമ്പത്തിക നേട്ടം നോക്കി ആകെ ആക്ഷേപിക്കുന്ന നിലയുണ്ട്. ഉദാഹരണമായി മലപ്പുറം ജില്ല നിലവിൽ വന്ന് മൂന്നര പതിറ്റാണ്ടായി. ഇപ്പോഴും ആളോഹരി വരുമാനത്തിൽ ജില്ല 14-ാം സ്ഥാനത്താണ്. ഇതിനർഥം മഹാഭൂരിപക്ഷവും ജീവിത നിലവാരത്തിൽ ഏറെ പിറകിലാണെന്നാണ്. സാധാരണക്കാരുടെ ജീവിത നിലവാരത്തിൽ മാറ്റം വന്നില്ല. ഇവർക്കു വേണ്ടി പ്രവർത്തിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

0 comments :
Post a Comment