Wednesday, November 27, 2013

ബഹുജനപിന്തുണ വർധിപ്പിക്കും

കോടിയേരി ബാലകൃഷ്ണനും എ കെ ബാലനും
വാർത്താസമ്മേളനത്തിൽ
സ. ഇ എം എസ് നഗർ (പാലക്കാട് ടൗൺഹാൾ): കേരളത്തിൽ സിപിഐ എമ്മിന്റെ കരുത്തും ബഹുജന പിന്തുണയും വർധിപ്പിക്കാൻ വിപുലമായ പ്രവർത്തന പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ പാർടി സംസ്ഥാന പ്ലീനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ ആഹ്വാനം ചെയ്തു. പാർടിയുടെ മുഴുവൻ അംഗങ്ങളും ഉത്തരവാദിത്വം ഏറ്റെടുത്ത്പ്രവർത്തിക്കാൻ കഴിയുന്നവരും ബ്രാഞ്ചുകൾ സ്വയം മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന ഘടകങ്ങളും ആകുന്ന നിലയിലേക്ക് മാറണമെന്നും സെക്രട്ടറി പിണറായി വിജയൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പ്രതിപാദിക്കുന്നതായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
 സംസ്ഥാനത്ത് 4,01,704 പാർടി അംഗങ്ങളുണ്ട്. 29,260 ബ്രാഞ്ചുകളും 2013 ലോക്കൽ കമ്മിറ്റികളും 205 ഏരിയാ കമ്മിറ്റികളും പ്രവർത്തിക്കുന്നു. എന്നാൽ പാർടി പ്രവർത്തനങ്ങളിൽ എല്ലാവർക്കും ഒരേ പോലെ ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയുന്നില്ല. മുഴുവൻ അംഗങ്ങളും സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവർത്തിക്കുന്നവരാകണം. പ്ലീനത്തിന് മുന്നോടിയായി ഓരോ ഘടകത്തിലേയും ദൗർബല്യങ്ങൾ വിശദമായി ചർച്ച ചെയ്തു. ഏരിയ സെക്രട്ടറിമാർ മുഴുവൻ സമയ പ്രവർത്തകരാകണം. മറ്റ് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പാടില്ല. പ്ലീനം കഴിയുന്നതോടെ ഇതിന് ക്രമീകരണമുണ്ടാകണം.
 ഒരു മുഴുവൻ സമയ പ്രവർത്തകനെങ്കിലും ലോക്കലിലുണ്ടാകണം. അത് സെക്രട്ടറി തന്നെ ആകണമെന്നില്ല. ഇപ്പോൾ 3,192 മുഴുവൻ സമയ പ്രവർത്തകരാണുള്ളത്. ഇവർക്ക് പരിമിതമായ അലവൻസ് ആയതിനാൽ ഒരു ഘട്ടം കഴിയുമ്പോൾ ചിലരെങ്കിലും ജോലിതേടി പോകുന്നു. ഇത് മാറണം. ഓരോ ഏരിയയിലും മുഴുവൻ സമയപ്രവർത്തകയായി ഒരു വനിത ഉണ്ടാകണം. മൽസ്യത്തൊഴിലാളി, എസ്‌സി-എസ്ടി മേഖലകളിൽ നിന്നും കൂടുതൽ മുഴുവൻ സമയ പ്രവർത്തകരെ കണ്ടെത്തണം.
 ബ്രാഞ്ചുകൾ സ്വയം പ്രവർത്തിക്കുന്നവയാകണം. അതത് പ്രദേശത്തെ വിഷയങ്ങൾ സ്വയം ഏറ്റെടുക്കാനും രാഷ്ട്രീയ സംഭവവികാസങ്ങൾ അവലോകനം ചെയ്യാനും പ്രാപതരായിരിക്കണം. ബ്രാഞ്ചുകൾ പ്രദേശത്തെ മുഴുവൻ കാര്യങ്ങളെ കുറിച്ചും അറിയണം. ഇതിനായി കുടുംബ സർവേ നടത്തണം.  പാർടി ബ്രാഞ്ചുകളിൽ 15ൽ കൂടുതൽ അംഗങ്ങൾ പാടില്ല. കൂടുമ്പോൾ വിഭജിക്കണം. കേരളത്തിൽ ഉടനീളം പാർടിക്ക് ഒരേ സ്വാധീനമല്ല. അസമമായ സ്വാധീനവും അസമമായ വളർച്ചയുമാണ്. ദുർബലമായ പ്രദേശങ്ങളിൽ സജീവമാക്കാൻ കഴിയണം. 2014 ഓടെ എല്ലാ ബൂത്തിലും പർടി ഘടകം വേണം.
 പാർടി അംഗങ്ങളെ എങ്ങനെയെങ്കിലും ചേർത്താൽ പോര. കമ്യൂണിസ്റ്റ് പാർടി മറ്റ്പാർടികളിൽനിന്നും വ്യത്യസ്തമാണ്. കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. അന്യവർഗ ചിന്തകളിൽ നിന്നും മോചനം നേടണം. മൂല്യ വ്യതിയാനംവച്ചുപൊറുപ്പിക്കില്ല. സമൂഹത്തിൽ മദ്യപാനം വ്യാപിച്ചു. അത് ചില അംഗങ്ങളിൽ എത്തി. ഇത് ചെറിയ ന്യൂനപക്ഷംമാത്രമാണ്. അങ്ങിനെ പെട്ടുപോയവരെ മോചിപ്പിക്കണം. അതിന് തയ്യാറാവുന്നില്ലെങ്കിൽ അംഗത്വത്തിൽനിന്നും ഒഴിവാക്കണം.
 റിയൽ എസ്‌റ്റേറ്റ് ബന്ധങ്ങളിൽ നിന്നും അംഗങ്ങൾ പൂർണമായും പിൻമാറണം. തർക്ക സ്ഥലം, ചതുപ്പ്‌നിലം, നെൽവയൽ തുടങ്ങിയവ വിൽക്കാൻ ചിലർ പാർടിയെ ഉപയോഗിക്കാൻ ശ്രമിക്കുന്നു. ഇതിനായി തെറ്റായ വഴികളിലൂടെ പാർടി പ്രവർത്തകരുമായി ബന്ധപ്പെടുന്നു. അതിൽപ്പെട്ടുപോകുന്ന പ്രവർത്തകർ ക്രമേണ നാട്ടിൽ അനഭിമതരാവുകുന്നു. അത്തരം ഇടപെടൽ  പാടില്ല. തിരുത്താൻ തയ്യാറാകാത്തവരെ ഒഴിവാക്കണം.
 ബ്ലേഡ് കമ്പനികളുമായി പാർടി മെമ്പർമാർക്ക് ഒരു തരത്തിലുള്ള ബന്ധവും പാടില്ല. പാർടി പ്രവർത്തകർ മാതൃകാപരമായി പെരുമാറണം. വിനയാന്വിതരാകണം. തട്ടിക്കയറാൻ പാടില്ല. പാർടിക്ക് വലിയ ബഹുജന സ്വാധീനമുണ്ട്. ജനാധിപത്യ കേന്ദ്രീകരണമുള്ള പാർടിയുമാണ്. എന്നാൽ ഈ ജനാധിപത്യ കേന്ദ്രീകരണം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കരുത്. ഇത്തരം ശൈലിയിൽ നിന്നും മോചനം നേടണം.
വരവിൽക്കവിഞ്ഞ സ്വത്ത് ആർജിക്കുന്നവരെ കണ്ടെത്തണം. പാർടി സ്‌ക്രൂട്ട്‌നി സമയത്ത് സ്വത്ത് വിവരം നൽകണം. ഇതിൽ അപാകാതകൾ കണ്ടാൽ വിശദീകരണം നൽകണം. വരുമാന സ്രോതസ്സ് വ്യക്തമാക്കണം.
 വിപ്ലവ ബഹുജന പ്രസ്ഥാനമെന്ന സിപിഐ എം കാഴ്ചപ്പാട് ശരിവയ്ക്കുന്നതാണ് പാർടി അംഗങ്ങളുടെ വിവിധ വർഗങ്ങൾ സൂചിപ്പിക്കുന്നത്. 57 ശതമാനവും തൊഴിലാളി വർഗമാണ്. 21 ശതമാനം കർഷകത്തൊഴിലാളികൾ. എട്ട് ശതമാനം ദരിദ്ര കർഷകർ. ഒമ്പത് ശതമാനം ഇടത്തരംവിഭാഗം. 25 വയസ്സിന് താഴെയുള്ളവരാണ് പത്ത് ശതമാനം അംഗങ്ങൾ. 16 ശതമാനം 25നും 31നും ഇടയിൽ. 32നും 50നും ഇടയിൽ 46 ശതമാനം. 51നും 70നും ഇടയിൽ 25 ശതമാനം. 70 വയസിന് മുകളിൽ 2.65 ശതമാനം മാത്രം. 96 ശതമാനം പേരും 1977ന് ശേഷം വന്നവരാണ്. 60 ശതമാനം പേരും 2000ത്തിന് ശേഷംവന്നവരാണ്. ഇത് കാണിക്കുന്നത് രാഷ്ട്രീയ വിദ്യാഭ്യാസവും തുടർ വിദ്യാഭ്യാസവും നൽകണമെന്നാണ്. അതിനുള്ള പ്രവർത്തനങ്ങൾ ജില്ലാ-ഏരിയകമ്മിറ്റികൾ നടത്തണം.
 ചില അംഗങ്ങൾ വരുമാനത്തിനനുസരിച്ച് ലെവി കൊടുക്കുന്നില്ല. ഇത് മാറ്റണം. 2014ലെ സ്‌ക്രൂട്ട്‌നി സമയത്ത് ഇത് കർശനമാക്കണം.
മതന്യൂനപക്ഷങ്ങളിൽ പാർടി അംഗത്വം വേണ്ട വിധത്തിൽ ഉയർന്നിട്ടില്ല. പാർടി അംഗങ്ങളിൽ മുസ്ലിം വിഭാഗം 9.56 ശതമാനമാണ്. ക്രിസ്ത്യൻ വിഭാഗം 10.9 ശതമാനവും. മതന്യൂനപക്ഷങ്ങളിൽ പാർടിക്ക് സ്വാധീനമുണ്ടെങ്കിലും അത് അംഗത്വത്തിൽ പ്രതിഫലിക്കുന്നില്ല. എന്നാൽ പട്ടികജാതി വർഗവിഭാഗങ്ങളിൽ അംഗങ്ങളുടെ എണ്ണം കൂടുതലാണ്. 62,000 വനിതകൾ മാത്രമാണ് അംഗങ്ങളായുള്ളത്. 16 ശതമാനം. ഇത് വർധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകണം.
 അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായ പ്രചാരണം ശക്തിപ്പെടുത്തണം. പാർടി അംഗങ്ങൾ ജാതിമത സംഘടനകളിൽ പ്രവർത്തിക്കരുത്. ആരാധാനാലയങ്ങളുടെ ഭാരവാഹിത്വം പാടില്ല. ആരാധാനാലയങ്ങളോട് ശത്രുതാപരമായ നിലപാടില്ല. വിശ്വാസികളെ ബഹുമാനിക്കുന്നു. എന്നാൽ വർഗീയ തീവ്രവാദികളെ ആരാധാനാലയങ്ങളിൽ നിന്നും മോചിപ്പിക്കണം.
 വിഭാഗീയതയ്ക്ക് വലിയ തോതിൽ മോചനമായി. വിഭാഗീയത അന്യവർഗചിന്തയാണ്. കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ ലംഘനമാണ്. ഇതിൽ നിന്നും പൂർണമായും മോചനം നേടണം. പാർടി വിരുദ്ധ നിലപാടുകൾക്കെതിരെ കർശന നടപടി  ഉണ്ടാകും. പല കാരണങ്ങളാൽ പാർടി വിട്ടുപോയവർ ശത്രുക്കളായി മാറിയെങ്കിലും ചിലർ പാർടിയുടെ ശത്രുക്കളല്ല. അവരെ പാർടിയിലേക്ക് തിരിച്ചുകൊണ്ടുവരണം. തെറ്റിദ്ധരിച്ച്മാറി നിൽക്കുന്നവരെ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എ കെ ബാലനും പങ്കെടുത്തു.

0 comments :

Post a Comment