Friday, November 29, 2013

വിഭാഗീയതയോട് വിട്ടുവീഴ്ച പാടില്ല

ഇ എം എസ് നഗർ (പാലക്കാട് ടൗൺഹാൾ): വിഭാഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് പ്ലീനത്തിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടതായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  പൊളിറ്റ് ബ്യൂറോയിലും  കേന്ദ്രകമ്മിറ്റിയിലും തുടങ്ങിയ തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായാണ് പ്ലീനം നടത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറിയറ്റ് ഒരു പരിശോധന നടത്തി. സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് ഓരോ അംഗത്തേയും വിലയിരുത്തി. സ്‌റ്റേറ്റ് സെന്ററിൽനിന്നും 3, 4 അംഗങ്ങൾ പങ്കെടുത്ത് ജില്ലാ കമ്മിറ്റിപരിശോധന നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ഏരിയ തലത്തിൽ ചർച്ച നടത്തി. ഈ ചർച്ചകളിൽ പലതരം ദൗർബല്യങ്ങൾ കണ്ടെത്തി. അവ പരിഹരിക്കണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
 പാർടി സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ പൂർണമായും വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചർച്ചയിൽ പങ്കെടുത്തത്. വ്യക്തിപരമായ ആക്ഷേപമുന്നയിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.
 ആദിവാസി മേഖലകളിലെ മാവോയിസ്റ്റ് ഭീഷണി ചെറുക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന് അഭിപ്രായമുയർന്നു. വയനാട് ജില്ലയിൽ നിന്നുള്ള പ്രതിനിധികളാണ് ഈ വിമർശനമുന്നയിച്ചത്. ആദിവാസി കോളനികളിൽ കടന്ന് ചെന്ന് കോളനികൾ കീഴടക്കാൻ മാവോയിസ്റ്റുകൾ ശ്രമിക്കുമ്പോഴും പൊലീസ് നിഷ്‌ക്രിയമാണ്. വനമേഖല മാവോയിസ്റ്റുകളെ ഏൽപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയെ വധിക്കുമെന്ന് പോസ്റ്ററുകൾ പതിച്ചു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഉടൻ ഇടപെടണമെന്നും ആവശ്യമുയർന്നു.
 വിദ്യാർഥി-യുവജന വിഭാഗങ്ങളിൽനിന്നും കൂടുതൽ കേഡർമാരെ വാർത്തെടുക്കാൻ പദ്ധതി തയ്യാറാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. വനിതാ അംഗസംഖ്യ വർധിപ്പിക്കാൻ യോഗങ്ങൾ അവർക്ക്കൂടി പങ്കെടുക്കാൻ പറ്റുന്ന സമയങ്ങളിൽ നടത്തണം. ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്വാധീനം വർധിപ്പിക്കാൻ പ്രത്യേക പരിപാടി വേണം. നിലവിൽ യുവജന, കർഷക, കർഷകത്തൊഴിലാളി മേഖലകളിലെ ഇടപെടലിനായി മൂന്ന് രേഖകൾ തയ്യാറാക്കിയിട്ടുണ്ട്. ഇതേ മാതൃകയിൽ രേഖ തയ്യാറാക്കി പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും പ്ലീനത്തിൽ നിർദേശമുയർന്നു.



0 comments :

Post a Comment