Tuesday, November 26, 2013

നുണബലൂണുകളുമായി മാധ്യമപ്പടയും

എൻ എസ് സജിത്
പാലക്കാട്: നുണകൾ നിറച്ച ബലൂണുകൾ ആകാശത്തേക്ക് പറത്തിവിടാൻ സിപിഐ എം സംസ്ഥാന പ്ലീനം നടക്കുന്ന പാലക്കാട് പട്ടണത്തിൽ പാർടി വിരുദ്ധ മാധ്യമപ്പട. ഓരോ സമ്മേളനം നടക്കുമ്പോഴും സിപിഐ എം ഇതാ തകരാൻ പോകുന്നു എന്നാർത്തുവിളിച്ചവർ ഈ വിശേഷാൽ സമ്മേളന വേദിയിലും മുൻകൂർ ഹാജരുണ്ട്. 1998ൽ സിപിഐ എം സംസ്ഥാന സമ്മേളനം നടന്നപ്പോൾ മുത്തശ്ശി പത്രങ്ങൾ രചിച്ച സിപിഐ എം വിരുദ്ധസാഹിത്യത്തിന്റെ പൊള്ളത്തരങ്ങൾ അറിയുന്ന പാലക്കാട്ടുകാർക്ക് മുന്നിൽ ഇത്തവണയും പരിഹാസ്യരാവുകയാണ് ഇക്കൂട്ടർ.
1998ലെ സംസ്ഥാന സമ്മേളന കാലത്ത് പാലക്കാടിന്റെ മുക്കിലും മൂലയിലും പ്രചാരണം കൊടുമ്പിരി കൊണ്ടപ്പോൾ മനോരമ ഒന്നാം പേജിൽ പ്രാധാന്യത്തോടെ നൽകിയ സചിത്രവാർത്ത വായിച്ച് തലയറഞ്ഞ് ചിരിച്ചവരാണ് പാലക്കാട്ടുകാർ. 'സിപിഐ എം സമ്മേളന പ്രചാരണത്തിന് ഇന്ദിരാഗാന്ധിയുടെ ചിത്രവും എന്നായിരുന്നു ആസ്ഥാന ലേഖകന്റെ കണ്ടെത്തൽ. ശ്രീകൃഷ്ണപുരത്തുള്ള ഒരു ബസ് സ്റ്റോപ്പിന്റെ ചിത്രവും 'തെളിവാ'യി കൊടുത്തു. കോൺഗ്രസിന്റെയും സിപിഐ എമ്മിന്റെയും ചുവരെഴുത്തുകളുള്ള ബസ് സ്റ്റോപ്പിന്റെ ചിത്രം വക്രീകരിച്ചായിരുന്നു ചിത്രവധം. ശ്രീകൃഷ്ണപുരത്തിന് പുറത്തുള്ള പാർടി പ്രവർത്തകർ ആദ്യമൊന്ന് അമ്പരന്നെങ്കിലും സത്യം പുറത്തറിയാൻ അധികനേരം വേണ്ടിവന്നില്ല. സമ്മേളനം തുടങ്ങിയ ദിവസം പാലക്കാട് പട്ടണത്തിൽ മറ്റാർക്കും മീൻ കിട്ടിയില്ലെന്നും മാർക്കറ്റിൽനിന്ന് മീൻ അത്രയും സമ്മേളന നഗരിയിലെ അടുക്കളയിലെത്തിച്ചുവെന്നുമാണ് കേരളകൗമുദിയുടെ 'എക്‌സ്‌ക്ലൂസിവ്.'
 ഇത്തരം വാർത്തകളുണ്ടാക്കിയ നാണക്കേടിൽനിന്ന് ഈ പത്രങ്ങൾ പാഠം പഠിച്ചില്ലെന്നാണ് പ്ലീനത്തെക്കുറിച്ചുള്ള  ഇവരുടെ വാർത്തകൾ വെളിവാക്കുന്നത്. മലയാള മനോരമ ഇറക്കുമതി ചെയ്ത ലേഖകർക്ക് പ്ലീനം 'വിഭാഗീയത' ചർച്ച ചെയ്യാനുള്ള വേദി മാത്രം. പ്ലീനം നടത്തുന്നതിലൂടെ സിപിഐ എം സംഘടനാദൗർബല്യങ്ങളും പിഴവുകളും ഏറ്റുപറയുകയാണെന്നാണ് 'സിപിഐ എം ബീറ്റ് പണ്ഡിതരുടെ' കണ്ടെത്തൽ.
രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഭിന്നത കേരളത്തിലെ പാർടിക്കകത്ത് നിലനിൽക്കുന്നില്ലെന്നും സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിക്കുക എന്നതാണ് പ്ലീനത്തിന്റെ ലക്ഷ്യമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അർഥശങ്കക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടും അതൊന്നും കണ്ട ഭാവം നടിക്കുന്നില്ല ലേഖകൻ. പാലക്കാട് ജില്ലയിലെ ഐക്യം നിലനിർത്താനാണ് പ്ലീനമെന്നാണ് മറ്റൊരു വാർത്തയിൽ മനോരമ പറയുന്നത്.

0 comments :

Post a Comment