Sunday, December 1, 2013

ഭോപാൽ ദുരന്തത്തിന് 29 വർഷം; നീതിക്കായി കാത്തിരിപ്പ് വിഫലം

ഭോപാൽ: ലോകത്തെ ഏറ്റവും വലിയ വ്യാവസായികദുരന്തമെന്ന് വിശേഷിപ്പിക്കപ്പെട്ട ഭോപാൽ വാതകദുരന്തത്തിന്റെ ഇരകൾ 29 വർഷങ്ങൾക്ക് ശേഷവും നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു. ശാരീരിക-മാനസിക വൈകല്യങ്ങളുള്ള നിരവധി കുട്ടികൾ ഭോപാലിലെ മൂന്ന് നിയോജകമണ്ഡലങ്ങളിൽ ഇപ്പോഴും ജനിക്കുന്നു. 1984ൽ കുട്ടികളായിരുന്നവർ ശാരീരിക-മാനസിക വൈകല്യങ്ങളോടെ ഇപ്പോഴും ജീവിക്കുന്നു. ഭൂഗർഭജല മലിനീകരണം ദുരന്തബാധിതമേഖലകളിലുള്ളവരുടെ ജീവിതത്തെ ഇപ്പോഴും ഭീഷണിയിലാഴ്ത്തുന്നു.
1984 ഡിസംബർ 2, 3 തീയതികളിലാണ് ലോകത്തെ നടുക്കിയ ഭോപാൽ വാതകദുരന്തം സംഭവിച്ചത്. 3,787 പേർ ദുരന്തത്തിൽ കൊല്ലപ്പെട്ടതായി മധ്യപ്രദേശ് സർക്കാർ പറയുന്നു. എന്നാൽ, എണ്ണായിരത്തോളം പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. എണ്ണായിരത്തിലധികം പേർ വാതകദുരന്തത്തിന്റെ തുടർപ്രത്യഘാതങ്ങളുടെ ഭാഗമായി മരണമടഞ്ഞെന്ന് സാമൂഹ്യപ്രവർത്തകർ പറയുന്നു.
മിഥൈൽ ഐസോസയനൈഡ് ആയിരങ്ങളുടെ ജീവനെടുത്തെങ്കിൽ തുടർച്ചയായി ഭരണത്തിലേറുന്ന സർക്കാരുകളുടെ കെടുകാര്യസ്ഥത ഇരകളെയും പുതുതലമുറയെയും കൊല്ലാതെകൊല്ലുകയാണ്. യൂണിയൻ കാർബൈഡ് തലവനായിരുന്ന വാറൺ ആൻഡേഴ്‌സൺ ഉൾപ്പടെയുള്ളവരെ ഇന്ത്യൻ നിയമപ്രകാരം വിചാരണ നടത്തണമെന്ന ആവശ്യം ഇപ്പോഴും വനരോദനമായി തുടരുന്നു. ഇരകൾക്ക് അവകാശപ്പെട്ട നഷ്ടപരിഹാരത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളും ദുരന്തത്തെ തുടർന്നുള്ള പരിസ്ഥിതിപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
നിരവധി സാമൂഹ്യപ്രവർത്തകർ ഈ മേഖലയിൽ ഇപ്പോഴും സേവനം അനുഷ്ഠിക്കുന്നുണ്ട്. ദുരന്തബാധിതരേക്കാൾ വൻദുരന്തം വിതച്ച ഡൗ കെമിക്കൽസിനെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഇവർ പറഞ്ഞു.

0 comments :

Post a Comment