Sunday, December 1, 2013

പതറാത്ത നിശ്ചയദാർഢ്യത്തിന് മെട്രോ നഗരത്തിന്റെ സ്‌നേഹാഭിവാദ്യം

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നൽകിയ
പൗരസ്വീകരണം ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഉദ്ഘാടനംചെയ്യുന്നു
കൊച്ചി: പൊള്ളയായ ആരോപണത്തിന്റെ പുകമറയിൽ ഒന്നര പതിറ്റാണ്ടോളം വേട്ടയാടപ്പെട്ട നേതാവ് അഗ്‌നിശുദ്ധി തെളിയിച്ച് സൂര്യതേജസ്സോടെ എത്തിയപ്പോൾ മെട്രോ നഗരം ഹൃദയംനിറഞ്ഞ് അഭിവാദ്യം അർപ്പിച്ചു. വിശ്വപൗരനായ ന്യായാധിപൻ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ, സാഹിത്യാചാര്യൻ പ്രൊഫ. എം കെ സാനു, ഡോ. സി കെ രാമചന്ദ്രൻ, ചലച്ചിത്രപ്രതിഭകൾ തുടങ്ങി നാടിന്റെ ആദരവ് നേടിയെടുത്തവർ ഒന്നാകെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനു നൽകിയ പൗരസ്വീകരണത്തിൽ അഭിവാദ്യം അർപ്പിക്കാനെത്തി. ലാവ്‌ലിൻ കേസ് തന്നെ ഇല്ലാതാക്കിയ കോടതിവിധിക്കുശേഷം ആദ്യമായി ജില്ലയിലെത്തിയ പിണറായി വിജയന് ശനിയാഴ്ച എറണാകുളം രാജേന്ദ്രമൈതാനത്താണ് പൗരസ്വീകരണം ഒരുക്കിയത്.
സിപിഐ എം  ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണം പാർടി പ്രവർത്തകരോടൊപ്പംതന്നെ നാനാമേഖലയിലുള്ളവരുടെ പങ്കാളിത്തംകൊണ്ടുകൂടി ഏറെ ശ്രദ്ധേയമായി. ചലച്ചിത്രമേഖലയിൽനിന്നുള്ളവരുടെ ഇത്ര വലിയ പങ്കാളിത്തം മറ്റാർക്കും ലഭിക്കാത്ത ആദരമായിരുന്നു. വൈകിട്ട് അഞ്ചരയോടെ രാജേന്ദ്രമൈതാനത്തെത്തിയ പിണറായിയെ ബാൻഡ്‌മേളത്തിന്റെ അകമ്പടിയോടെയാണ് വേദിയിലേക്കാനയിച്ചത്. സിപിഐ എം ജില്ലാ കമ്മിറ്റിയുടെ ഉപഹാരമായി അശ്വരൂപം നൽകി.
സോഷ്യലിസ്റ്റ് രാഷ്ട്രത്തിനുവേണ്ടി പോരാടുന്ന നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹം വിജയിക്കട്ടെയെന്നും സ്വീകരണസമ്മേളനം ഉദ്ഘാടനംചെയ്ത ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ആശംസിച്ചു. രാജ്യത്ത് ഇടതുപക്ഷഭരണം വേണം. ഭാരതം ദരിദ്രരുടെ നാടാണ്. ഇവരെ പ്രധാനമായും പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ നേതാവാണ് പിണറായി വിജയനെന്ന് കൃഷ്ണയ്യർ പറഞ്ഞു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ ഉണ്ടായ ഒട്ടേറെ ആക്രമണങ്ങളിൽ ഒന്നാണ് ലാവ്‌ലിൻ കേസെന്ന് പൗരസ്വീകരണത്തിൽ അധ്യക്ഷനായ പ്രൊഫ. എം കെ സാനു പറഞ്ഞു. എവിടെയും നിർഭയമായി പ്രവർത്തിക്കുന്ന നേതാവാണ് പിണറായി വിജയൻ. എ കെ ജിയെപ്പോലുള്ള നേതാക്കൾക്കൊപ്പം പ്രവർത്തിച്ചാണ് അദ്ദേഹം തന്റെ മാറ്റ് തെളിയിച്ചത്. പ്രസ്ഥാനത്തെ വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം മുന്നോട്ടുനയിക്കുന്നു. നീതിയുടെ ഉന്നതപീഠംതന്നെ അദ്ദേഹം കുറ്റവാളിയല്ലെന്നു കണ്ടെത്തി. ഇത് ശുഭപ്രതീക്ഷയുടെ മുഹൂർത്തമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നിർണായകസ്ഥാനം നേടിയെടുക്കാനുള്ള തുടക്കമാണിത്. ഇതിന് ജനങ്ങൾ പിണറായി വിജയന് പിന്തുണ നൽകുമെന്നു ഉറപ്പുണ്ടെന്ന് സാനുമാഷ് പറഞ്ഞു.
പാർടിക്കുവേണ്ടിയും ജനങ്ങൾക്കുവേണ്ടിയുമുള്ള പ്രവർത്തനം കൂടുതൽ കരുത്തോടെ കാഴ്ചവയ്ക്കാൻ പിണറായി വിജയനു കഴിയട്ടെയെന്ന് ഡോ. സി കെ രാമചന്ദ്രൻ പറഞ്ഞു. കെട്ടിച്ചമച്ച കേസ് കാര്യമാക്കാതെ പിണറായി പാർടിക്കും ജനങ്ങൾക്കുംവേണ്ടി അക്ഷീണം പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
തീയിൽ കുരുത്തത് വെയിലത്തുവാടില്ലെന്ന് പിണറായി വിജയൻ രാഷ്ട്രീയജീവിതത്തിലൂടെ ബോധ്യപ്പെടുത്തിയെന്നും നേതാവെന്ന നിലയിൽ ആദരവോടെയാണ് അദ്ദേഹത്തെ കാണുന്നതെന്നും സംവിധായകൻ സിബി മലയിൽ പറഞ്ഞു. ഭാരതത്തിന്റെയും കേരളത്തിന്റെയും ഗതിവിഗതികൾ നിയന്ത്രിക്കാൻ പിണറായി വിജയനു കഴിയുമെന്നും മുഴുവൻ കേരളവും ഉറ്റുനോക്കുന്ന നേതാവാണ് അദ്ദേഹമെന്നും സംവിധായകൻ കമൽ പറഞ്ഞു.
വ്യക്തി ആരാധനയല്ല, പാർടിയാണ് വലുത് എന്ന് പ്രവൃത്തിയിലൂടെ കാണിച്ചുതന്ന നേതാവാണ് പിണറായി വിജയനെന്ന് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മാധ്യമഗൂഢാലോചനയെ അമാനുഷികമായ ധൈര്യംകൊണ്ടാണ് പിണറായി നേരിട്ടതെന്നും അദ്ദേഹത്തിന്റെ സത്യസന്ധതയിൽ തനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നെന്നും സംവിധായകൻ രൺജി പണിക്കർ പറഞ്ഞു.
കേസിൽ ഈ ഘട്ടത്തിൽ വിജയംവരിക്കാൻ കഴിഞ്ഞത് പിണറായി വിജയന്റെ മനഃസാന്നിധ്യംകൊണ്ടാണെന്ന് അഡ്വ. എം കെ ദാമോദരൻ പറഞ്ഞു. ഒരുഘട്ടത്തിലും അദ്ദേഹം വിഷമിക്കുന്നതായി തോന്നിയിട്ടില്ലെന്ന് എം കെ ദാമോദരൻ പറഞ്ഞു. കേരളത്തിന്റെ ഹൃദയവികാരമാണ് പൗരസ്വീകരണത്തിൽ പ്രതിഫലിക്കുന്നതെന്നും വളരെ പ്രതീക്ഷയോടെയാണ് കേരളം പിണറായി വിജയൻ എന്ന നേതാവിനെ ഉറ്റുനോക്കുന്നതെന്നും ഡോ. സെബാസ്റ്റിയൻ പോൾ പറഞ്ഞു. 
സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭൻ, സംവിധായകൻ റോഷൻ ആൻഡ്രൂസ്, നടൻ അനൂപ് ചന്ദ്രൻ, മുൻ മേയർ പ്രൊഫ. മാത്യു പൈലി, അഡ്വ. സുധാകരപ്രസാദ് തുടങ്ങിയവരും ജനനായകന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം എം ലോറൻസ്, കെ എൻ രവീന്ദ്രനാഥ്, കെ എം സുധാകരൻ, കെ ചന്ദ്രൻപിള്ള, പി രാജീവ് എംപി, സി എൻ മോഹനൻ തുടങ്ങിയവരും ജില്ലാ സെക്രട്ടറിയറ്റ്-കമ്മിറ്റി അംഗങ്ങളും സ്വീകരണത്തിൽ പങ്കെടുത്തു.

0 comments :

Post a Comment