Sunday, December 1, 2013

ബാങ്കിങ്, ഇൻഷുറൻസ് മേഖലയിലെ സമ്പത്ത് ഊഹക്കച്ചവടത്തിന് ഉപയോഗിക്കുന്നു: തോമസ് ഐസക്

കൊച്ചി: ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിലെ സമ്പത്ത് ഊഹക്കച്ചവടത്തിനായി വിനിയോഗിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. എല്ലാരംഗത്തും ഊഹക്കച്ചവടമാണ് ഇപ്പോൾ നടക്കുന്നത്. ലോക സമ്പദ്‌വ്യവസ്ഥതന്നെ ഊഹക്കച്ചവടമായി.  കൃഷിയിലും വ്യവസായത്തിലും ഉണ്ടാക്കുന്ന സമ്പത്ത് മൂലധനശക്തികൾ തട്ടിയെടുക്കുകയാണ്. ഇൻഷുറൻസ് നിയമ (ഭേദഗതി) ബിൽ 2008 നെതിരെ ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ (എഐഐഇഎ) സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധനകാര്യമേഖലയിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം തന്നാൽമതിയെന്നാണ് മൂലധനശക്തികൾ പറയുന്നത്. ഇത് പുതിയ മുതലാളിത്തമാണ്. ഒരുദിവസം 20 ലക്ഷം കോടി ഡോളറാണ് മറ്റു രാജ്യങ്ങളിലേക്കു പോകുന്നത്.  മൂലധനശക്തികൾക്ക് അനുകൂലമായ നയങ്ങൾക്കെതിരെ ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിലെ ജീവനക്കാർ രണ്ടുപതിറ്റാണ്ടായി പോരാട്ടം നടത്തിവരികയാണെന്നും തോമസ് ഐസക് പറഞ്ഞു.
ഇൻഷുറൻസ്‌മേഖലയിൽ വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയർത്താനും പൊതുമേഖലാ ജനറൽ ഇൻഷുറൻസ് സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാനും മറ്റും ഉദാരവൽകരണം തീവ്രമാക്കാനുള്ള നിയമ നിർമാണത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. ഇൻഷുറൻസ്‌മേഖലയിലെ നാല് പൊതുമേഖലാ സ്ഥാപനങ്ങളെയും ലയിപ്പിച്ച് ഏകശിലാ കോർപറേഷനാക്കുക, പാർലമെന്റിന്റെ പരിഗണനയിലുള്ള ഇൻഷുറൻസ് നിയമ(ഭേദഗതി) ബിൽ 2008 പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ഇതിനുള്ള പ്രക്ഷോഭ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായും ഐക്യത്തോടെയും അണിനിരക്കാൻ മുഴുവൻ തൊഴിലാളികളോടും ബഹുജനങ്ങളോടും കൺവൻഷൻ അഭ്യർഥിച്ചു.
 സൗത്ത് സോൺ ഇൻഷുറൻസ് എംപ്ലോയീസ് ഫെഡറേഷൻ (എസ്‌സെഡ്‌ഐഇഎഫ്) വൈസ് പ്രസിഡന്റ് എം രാജീവ് അധ്യക്ഷനായി. എഐഐഇഎ വൈസ് പ്രസിഡന്റ് എം കുഞ്ഞിക്കൃഷ്ണൻ പ്രമേയം അവതരിപ്പിച്ചു. എസ്‌സെഡ്‌ഐഇഎഫ് ജോയിന്റ് സെക്രട്ടറി ബേബി ജോസഫ്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എൻ നഗരേഷ്, കെഎസ്ജിഐഇയു ജനറൽ സെക്രട്ടറി സി ബി വേണുഗോപാൽ, എൽഐസിഇയു എറണാകുളം ഡിവിഷൻ ജനറൽ സെക്രട്ടറി പി ബി ബാബുരാജ്, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി സി സഞ്ജിത്ത് എന്നിവർ സംസാരിച്ചു.

0 comments :

Post a Comment